രാജ്യത്ത് ദിനം പ്രതി വർധിച്ച വരുന്ന സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങളും, ലൈംഗികാതിക്രമങ്ങളും ആധാരമാക്കി, കാഴ്ചക്കാരുടെ ഹൃദയത്തിൽ തട്ടുന്ന ആഖ്യാനവുമായി എത്തിയ ‘ദേവി’ എന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. പ്രിയങ്ക ബാനെർജി എഴുതി സംവിധാനം ചെയ്ത ‘ദേവി,’ ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു കൂട്ടം സ്ത്രീകളുടെ സംഭാഷണങ്ങളിലൂടെ അനാവൃതമാകുന്ന കഥയാണ്. റയാന്‍ സ്റ്റീഫന്‍, നിരഞ്ജന്‍ അയ്യങ്കാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ ‘ലാര്‍ജ്ജ് ഷോര്‍ട്ട് ഫിലിംസ്’ യൂട്യൂബില്‍ മാര്‍ച്ച്‌ 2ന് റിലീസ് ചെയ്ത ‘ദേവി’യില്‍  കാജൽ, ശ്രുതി ഹസൻ, നേഹ ധൂപിയ, നീന കുൽക്കർണി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.

പല പ്രായത്തിലും, സമൂഹശ്രേണിയിലും പെട്ട, ലൈംഗിക അതിക്രമണത്തിനു ഇരയായി മരണപ്പെട്ട സ്ത്രീകൾ ഒരു സാങ്കല്പിക വീട്ടിനുള്ളിൽ, അവർ നേരിട്ട ദുരനുഭവങ്ങൾ പങ്കു വെക്കുന്നതിലൂടെയാണ് ‘ദേവി’ മുന്നോട്ടു പോകുന്നത്. പുതിയതായി ആ വീട്ടിലേക്കു വരാൻ പോകുന്ന അന്തേവാസിക്ക് അവിടെ താമസിക്കാൻ സ്ഥലമില്ല എന്നതിൽ നിന്നാണ് സംഭാഷണം തുടങ്ങുന്നത്. അതോടു കൂടി ആർക്കാണ് ഏറ്റവും ദാരുണമായ അനുഭവം നേരിടേണ്ടി വന്നത് എന്ന തർക്കത്തിലേക്കു ചിത്രം പോകുന്നു. കഥകൾ വ്യത്യസ്തമാണെങ്കിൽ കൂടി തങ്ങൾ അനുഭവിച്ച ക്രൂരതയുടെ വ്യാപ്തി ഒന്ന് തന്നെയാണെന്ന് എല്ലാ സ്ത്രീകളും സമ്മതിക്കുന്നു. പ്രേക്ഷകരുടെയും ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളുടെയും ഹൃദയം ഒരു പോലെ തേങ്ങുന്ന കാഴ്ചയാണ് അവസാനം പുതിയതായി എത്തുന്ന അന്തേവാസിയുടെ രംഗപ്രവേശം. ലൈംഗിക അതിക്രമം നേരിട്ട ഒരു പിഞ്ചു കുഞ്ഞാണ് പുതിയതായി എത്തുന്ന അന്തേവാസി, അവിടെ ചിത്രം അവസാനിക്കുകയാണ്.

‘ഫോറിന്‍റെ’ കോപ്പിയോ?

സാമൂഹ്യ മാധ്യമങ്ങളിലും, ചലച്ചിത്ര പ്രേമികൾക്കുമിടയിൽ പ്രശംസ നേടി ‘ദേവി’ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍, ചിത്രം മറ്റൊരു ഹ്രസ്വചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. നോയിഡയിലെ ഏഷ്യൻ അക്കാദമി ഫോർ ഫിലിം ആൻഡ് ടെലിവിഷൻ എന്ന സ്ഥപാനത്തിലെ വിദ്യാർത്ഥിയായ അഭിഷേക് റായ്, 2018 -ഇൽ ചെയ്ത ഒരു അക്കാദമിക് പ്രൊജക്റ്റ്‌ ആയ ‘ഫോർ’ എന്ന ഹ്രസ്വചിത്രത്തിന്‍റെ ആശയം മോഷ്ടിച്ചതാണെന്നാണ് ആരോപണം. അണ്ടാകറി പ്രൊഡക്ഷന്‍സ്, മാര്‍വാ ഫിലിംസ് എന്നിവരാണ് ‘ഫോറിന്റെ’ നിര്‍മ്മാതാക്കള്‍.

ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസ്, കത്തുവാ കേസ്, ഭൻവാരി ദേവി കേസ് തുടങ്ങിയ മൂന്ന് ലൈംഗിക അതിക്രമ കേസുകളിലെ ഇരകളുടെ മനോസഞ്ചാരത്തിലൂടെയുള്ള ഒരു ദൃശ്യാവിഷ്കാരമാണ് ‘ഫോർ’ എന്ന 5 മിനിറ്റ് 30 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം.

‘ദേവി’യിലേതു പോലെ തന്നെ അതിക്രമത്തിന് ഇരയാവർ, അല്ലെങ്കിൽ പീഡനത്തെ തുടർന്നു മരണപ്പെട്ട മൂന്ന് വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകൾ മാത്രം താമസിക്കുന്ന വീട് തന്നെയാണ് ‘ഫോർ’ എന്ന ചിത്രത്തിന്റെയും പശ്ചാത്തലം. ‘ദേവി’യിലേതു പോലെ തന്നെ ‘ഫോറി’ന്റെയും അവസാനം പുതിയതായൊരു അന്തേവാസി കൂടി ആ വീട്ടിലേക്കു എത്തുകയാണ്. പിച്ചി ചീന്തിയ അവസ്ഥയിൽ ഒരു പിഞ്ചു കുട്ടിയാണ് (കത്തുവാ പീഡന കേസിലെ ഇര) ‘ഫോറിലും’ പുതിയ അന്തേവാസിയായി എത്തുന്നത്. പുതിയതായി എത്തിയ ആസിഫയെ സമാധാനിപ്പിക്കുന്ന നിര്‍ഭയയുടെയും ഭൻവാരി ദേവിയുടെയും സംഭാഷണങ്ങളില്‍ പലതും ‘ദേവി’യിലും കടന്നു വരുന്നുണ്ട്. രണ്ടു ചിത്രത്തിന്റെയും ആശയത്തിന്റെ സമാനതകള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല.

ഈ വിഷയത്തെക്കുറിച്ച് ഫോറിന്റെ സംവിധായകന്‍ അഭിഷേക് റായ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

“വളരെ ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ഒരു സ്റ്റുഡന്‍റ്റ് ഫിലിം ആണ് ‘ഫോര്‍.’ അതിന്‍റെ സാങ്കേതിക വശങ്ങളും ശബ്ദലേഖനവുമൊക്കെ നിലവാരം കുറഞ്ഞതാണു എന്ന് സമ്മതിക്കുന്നു. എന്നാലും ആ ചിത്രവും കഥയും എന്‍റെ ഭാവനയില്‍ വിരിഞ്ഞതാണ്. മറ്റൊരാള്‍ക്ക് അതെടുത്തു എങ്ങനെ സ്വന്തമാക്കാന്‍ സാധിക്കും? ഏഷ്യൻ അക്കാദമി ഓഫ് ഫിലിം & ടെലിവിഷന്‍ ആണ് ‘ഫോറിന്‍റെ’ ബൗദ്ധികസ്വത്തവകാശികള്‍.

ഇതുമായി ബന്ധപ്പെട്ട് ‘ദേവി’യുടെ നിർമ്മാതാക്കളോ അണിയറപ്രവര്‍ത്തകരോ എന്നോട് സംസാരിച്ചിട്ടില്ല എന്നത് ദുഃഖകരമാണ്. ഈ വിഷയത്തില്‍ നിർമ്മാതാക്കൾക്കും പ്ലാറ്റ്‌ഫോമിനും എതിരെ നടപടിയെടുക്കാൻ തുനിയുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook