ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് മണിരത്നം. ഭാഷകൾക്കും സംസ്ഥാനങ്ങൾക്കുമൊക്കെ അതീതമായി മണിരത്നം ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം സിനിമാപ്രേക്ഷകരുണ്ട്. മണിരത്നത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം വന്നാൽ അതു നിരസിക്കുന്ന അഭിനേതാക്കളും വിരളമായിരിക്കും. ബോളിവുഡ് താരമായ കാജോളും വലിയ മണിരത്നം ഫാനാണ്. മണിരത്നത്തിനൊപ്പം ഒരു ചിത്രത്തിലെങ്കിലും പ്രവർത്തിക്കണമെന്ന് സ്വപ്നം കണ്ട അഭിനേത്രി. എന്നിട്ടും ഒരിക്കൽ ഒരു ചിത്രത്തിലേക്ക് നായികയായി മണിരത്നം വിളിച്ചപ്പോൾ കാജോൾ അദ്ദേഹത്തോട് നോ പറഞ്ഞതിനു പിന്നിലെ കഥ പറയുകയാണ് സംവിധായകൻ കരൺ ജോഹർ.
കാജോളും താനും വളരെകാലമായി സുഹൃത്തുക്കളായിരുന്നുവെങ്കിലും ജീവിതകാലം മുഴുവൻ ആ സൗഹൃദം കൂടെയുണ്ടാവുമെന്ന് തിരിച്ചറിഞ്ഞത് ആ നിമിഷമായിരുന്നുവെന്നാണ് കരൺ ഓർത്തെടുക്കുന്നത്.
“മണിരത്നത്തിന്റെ വലിയ ആരാധികയാണ് കാജോൾ. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് കാജോൾ പലതവണ പറഞ്ഞിരുന്നു. അത്രയേറെ മണിരത്‌നമെന്ന സംവിധായകനെ കാജോൾ ഇഷ്ടപ്പെട്ടു. ഒരിക്കൽ ഷാരൂഖ് ഖാനെയും കാജോളിനെയും നായികയും നായകനുമാക്കിയൊരു സിനിമ ചെയ്യാനായി മണിരത്‌നം കജോളിനെ വിളിച്ചു. വിളിക്കുന്നത് മണിരത്നമാണെന്ന് അവൾക്ക് വിശ്വസിക്കാനായില്ല. ‘മിണ്ടാതിരിക്ക് കരൺ’ എന്ന് പറഞ്ഞ് അവളെനിക്കു മുന്നിൽവച്ച് കോൾ വിച്ഛേദിച്ചു. അദ്ദേഹം വീണ്ടുമവളെ വിളിച്ച്, ‘ഇത് ശരിക്കും മണിരത്നം തന്നെ’ എന്നു പറഞ്ഞു. ഷാരൂഖും ഇതിനിടയിൽ അത് മണിരത്നം തന്നെയാണെന്ന് കാജോളിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, “കാജോൾ, അത് മണിരത്നം തന്നെയാണെന്ന് ഞാൻ സത്യം ചെയ്യുന്നു.”

മണിരത്‌നം കാജോളിനെ നായികയാക്കി ഒരു സിനിമ ഓഫർ ചെയ്തിട്ടുണ്ടെന്നും എന്നാൽ അതും ‘കുച്ച് കുച്ച് ഹോതാ ഹേ’യുടെ ഡേറ്റുമായി കൂട്ടിമുട്ടാൻ സാധ്യതയുണ്ടെന്നുമറിയിക്കാൻ ഷാരൂഖ് എന്നെ വിളിച്ചു. കുച്ച് കുച്ച് ഹോതാ ഹേ’യിൽ അഭിനയിക്കാൻ കാജോൾ കരാർ ഒപ്പിട്ട സമയമായിരുന്നു അത്. ഉടനെ ഞങ്ങൾക്ക് ഷൂട്ട് ആരംഭിക്കേണ്ടതുണ്ടായിരുന്നു.
“ഞാൻ കജോളിനെ വിളിച്ച് എന്റെ ഡേറ്റ് വിട്ടുതരാം, മണിരത്നം സിനിമയിൽ നിന്നു ഓഫർ വന്നാൽ ചെയ്യാതിരിക്കുന്നതെങ്ങനെ? എന്റെ സിനിമ നമുക്ക് പിന്നെ തുടങ്ങാം എന്നു പറഞ്ഞു. എന്നാൽ അവളെ സംബന്ധിച്ചിടത്തോളം, ‘ആര് എന്തു ഓഫർ തന്നാലും സാരമില്ല നിങ്ങളോടുള്ള കമ്മിറ്റ്മെൻ്റ് പ്രധാനമാണ്’ എന്ന ഭാവമായിരുന്നു. ‘ഇത് നിങ്ങളുടെ സിനിമയാണ്, ഞാൻ നിങ്ങളോട് കമ്മിറ്റ് ചെയ്തിട്ടുണ്ട്’ എന്നായിരുന്നു കാജോളിന്റെ മറുപടി. നഷ്ടപ്പെടുത്തിയ ആ വലിയ അവസരമൊന്നും അവൾക്ക് വലിയ കാര്യമായിരുന്നില്ല. പക്ഷെ അതെന്നിൽ വലിയ വ്യത്യാസമുണ്ടാക്കി, അവൾ എങ്ങനെയുള്ള, എത്രത്തോളം ആത്മാർത്ഥതയുള്ള ആളാണെന്ന് എനിക്ക് മനസ്സിലായി,” കരൺ കൂട്ടിച്ചേർത്തു.
മണിരത്‌നത്തിന്റെ ആ ചിത്രത്തിന് പകരം കാജോൾ കുച്ച് കുച്ച് ഹോത്താ ഹേയാണ് തിരഞ്ഞെടുത്തത്. പിന്നീടൊരിക്കലും കാജോളിന് മണിരത്നത്തിന്റെ മറ്റൊരു സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചതുമില്ല. അതിന് ശേഷം ഒരിക്കൽ നേരിൽ കണ്ടപ്പോൾ ആ സംഭവത്തെ നിങ്ങൾ തെറ്റായി എടുത്തിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് താൻ മണിരത്നത്തോട് സംസാരിച്ചതായും കരൺ ജോഹർ വെളിപ്പെടുത്തി.