കുസൃതിയും കുട്ടിത്തവും നിറഞ്ഞുനിൽക്കുന്ന ചിരികൊണ്ടും അസാമാന്യ അഭിനയപാടവം കൊണ്ടും ബോളിവുഡിന്റെ ഹൃദയം കവർന്ന താരമാണ് കാജോൾ. കാജോളിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരിയിൽ നിന്നു തന്നെ താരത്തിനെ തിരിച്ചറിയാൻ സാധിക്കും.
സിനിമാകുടുംബത്തിൽ നിന്നുമെത്തി ബോളിവുഡിന്റെ മുഴുവൻ ഇഷ്ടവും കവർന്ന എവർഗ്രീൻ താരങ്ങളിൽ ഒരാൾ കൂടിയാണ് കാജോൾ. ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളായ കാജോൾ ‘ബേഖുദി’ (1992) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. എന്നാൽ ആദ്യം ശ്രദ്ധ നേടിയ ചിത്രം 1993ൽ പുറത്തിറങ്ങിയ ‘ബാസിഗർ’ ആയിരുന്നു. ‘ബാസിഗർ’ നായകനായ ഷാരൂഖ് ഖാനൊപ്പം വീണ്ടും നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായതോടെ ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളായി ഇരുവരും മാറി.
അജയ് ദേവ്ഗണുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തെങ്കിലും വീണ്ടും കാജോൾ അഭിനയത്തിലേക്ക് തിരിച്ചെത്തി. നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായ കാജോൾ ഇടയ്ക്ക് കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.