അമ്മയാകാൻ ഒരുങ്ങുന്ന കാജൽ അഗർവാൾ സിനിമയിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. ഗർഭകാലത്തെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും തന്റെ സന്തോഷങ്ങൾ കാജൽ പങ്കുവയ്ക്കുന്നുണ്ട്.
മനോഹരമായൊരു കുടുംബ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജലും ഭർത്താവ് ഗൗതം കിച്ലുവും. ‘ഇതാണ് ഞങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഫൊട്ടോ ഷെയർ ചെയ്തത്. സന്തോഷത്താൽ ചിരിക്കുന്ന കാജൽ അഗർവാളിനെയാണ് ഫൊട്ടോയിൽ കാണാൻ കഴിയുക. ഗൗതമിന്റെ കയ്യിൽ വളർത്തു നായ മിയയെയും കാണാം.
2020 ലാണ് കാജലും ഗൗതമും വിവാഹിതരായത്. ഈ വർഷമാദ്യമാണ് ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന വിവരം കിച്ലു അറിയിച്ചത്. “2022ലേക്ക് നോക്കുന്നു” എന്ന അടിക്കുറിപ്പിനൊപ്പം ഒരു ഗർഭിണിയായ സ്ത്രീയുടെ ഇമോട്ടിക്കോണും ചിത്രത്തിനൊപ്പം നൽകി പരോക്ഷമായ രീതിയിൽ കിച്ലു സന്തോഷവാർത്ത വെളിപ്പെടുത്തുകയായിരുന്നു.
ചിരഞ്ജീവിയുടെ ആചാര്യ സിനിമയാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. രാം ചരൺ, പൂജ ഹെഗ്ഡെ എന്നിവരും ഈ സിനിമയിലുണ്ട്. ഏപ്രിൽ 29 നാണ് ചിത്രം റിലീസ് ചെയ്യുക.
Read More: ‘അമ്മയാകാനുള്ള പരിശീലനത്തിൽ’; നിറവയറുമായി കാജൽ അഗർവാൾ