മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് നടി കാജൽ അഗർവാളും വ്യവസായിയുമായ ഗൗതം കിച്ച്ലുവും വിവാഹിതരായത്. ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് കാജൽ.

Read More: കാജൽ അഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ, വീഡിയോ

ഇരുവരുടേയും പ്രണയകഥയെക്കുറിച്ച് പലർക്കും അറിയില്ലായിരുന്നു എന്നതുകൊണ്ട് തന്നെ, വിവാഹ പ്രഖ്യാപനം അതിശയിപ്പിക്കുന്നതായിരുന്നു. പക്ഷേ, കാജലിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രണയകഥ വളരെ വ്യക്തമാണ്, കാരണം ഇരുവരും എപ്പോഴും ‘നല്ല സുഹൃത്തുക്കൾ’ ആയിരുന്നു.

“ഞാൻ സിനിമയിൽ നിന്നുള്ള ഒരാൾ ആയതുകൊണ്ടു തന്നെ ഇത് പറഞ്ഞു പഴകിയതും ആവർത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷെ കാര്യങ്ങൾ സംഭവിച്ചത് ഇങ്ങനെയാണ്,” പത്ത് വർഷം മുൻപ് ചില കോമൺ സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നതെന്ന് കാജൽ. വോഗിന് നൽകിയ അഭിമുഖത്തിലാണ് കാജൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

“ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.”

കൊറോണ വൈറസിനെ തുടർന്നുണ്ടായ ലോക്ക്ഡൗണ്‍ ആളുകളെ അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റിനിർത്തിയപ്പോഴാണ്, ഗൗതം കിച്ച്ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു. ലോക്ക്ഡൗണിനിടയിൽ ആഴ്ചകളോളം പരസ്പരം കാണാൻ കഴിയാതിരുന്നപ്പോൾ, തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് അവർ മനസ്സിലാക്കി.

ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമകളിലേതു പോലുള്ള പ്രണയാഭ്യർഥന ആയിരുന്നില്ലെന്നും കാജൽ പറയുന്നു.

“ഞങ്ങൾ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു. അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു; എന്റെ ജീവിതം ചെലവഴിക്കാൻ അതിനെക്കാൾ കൂടുതൽ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു,” കാജൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook