കോളിവുഡിന്റെയും ടോളിവുഡിന്റെയും ഇഷ്ട നായികയാണ് കാജൾ അഗർവാൾ. അടുത്തിടെ മയക്കു മരുന്നു കയ്യില്‍ വച്ച കേസില്‍ തന്റെ മാനേജർ അറസ്റ്റിലായ വാർത്ത കാജളിനെ ഏറെ ഞെട്ടിച്ചിരുന്നു. തന്റെ നടുക്കം ട്വിറ്ററിലൂടെ കാജൾ ആരാധകരെ അറിയിക്കുകയും ചെയ്തു. ”റോണിയുമായി ബന്ധപ്പെട്ട വാർത്ത എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സംഭവത്തിൽ ഞാൻ ഒരു ശതമാനം പോലും പിന്തുണ നൽകില്ല. സമൂഹത്തിന് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തിയാണിത്. എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ വ്യക്തിപരമായ ജീവിതത്തിലോ അവരുടെ തിരഞ്ഞെടുപ്പിലോ ഞാൻ കൈ കടത്തില്ല. അവരുടെ ജോലി കഴിഞ്ഞാലുളള പ്രവൃത്തികളെക്കുറിച്ച് ഞാൻ തിരക്കാറില്ലെന്നും” കാജൾ അഗർവാൾ ട്വീറ്റ് ചെയ്തു.

കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്ട്കര്‍ റോണ്‍സണ്‍ ജോസഫാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഹൈദരാബാദിലെ അയാളുടെ വസതിയില്‍ നിന്ന് പൊലീസ് മയക്കു മരുന്നും കണ്ടെടുത്തിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തെത്തുടർന്ന് കടുത്തൊരു തീരുമാനം എടുത്തിരിക്കുകയാണ് കാജൾ. ഇനി തനിക്കൊരു മാനേജരെ വേണ്ടെന്നാണ് കാജളിന്റെ തീരുമാനം. മറ്റൊരു മാനേജരെ തനിക്ക് ഇനി വിശ്വസിക്കാനാവില്ലെന്നും അതിനാൽ ഇനി മാനേജരില്ലാതെ നേരിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് കാജൾ തീരുമാനിച്ചിരിക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഥകൾ കേൾക്കുന്നതും പ്രതിഫലം കൈപ്പറ്റുന്നതും കാൾ ഷീറ്റ് തയാറാക്കുന്നതും ഉൾപ്പെടെ എല്ലാ കാര്യങ്ങളും മാതാപിതാക്കളുടെ സഹായത്തോടെ സ്വയം ചെയ്യാനാണ് നടിയുടെ തീരുമാനം.

കാജളിന്റെ പുതിയ ചിത്രമായ നേനേ രാജ നേനേ മന്ത്രി ഓഗസ്റ്റ് 11 നാണ് റിലീസ് ചെയ്യുന്നത്. റാണ ദഗുബാട്ടിയാണ് ചിത്രത്തിലെ നായകൻ. അജിത് നായകനായ വിവേഗമാണ് കാജളിന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ഈ മാസം 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ