scorecardresearch
Latest News

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകുന്നു

‘ഫൈനല്‍സ്’ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഗാനമാവുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകുന്നു

മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അരങ്ങൊഴിഞ്ഞിട്ട് ഒമ്പത് വർഷം പിന്നിടുമ്പോൾ, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ വരികൾ പ്രേക്ഷകരിലേക്ക് എത്തുന്നു. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിന് സംഗീതം നൽകി സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന കൈലാസ് മേനോനാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണമിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. കൈലാസ് മേനോന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

കൈലാസ് മേനോന്റെ കുറിപ്പ്…

‘ഫൈനല്‍സ്’ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഗാനമാവുന്നു.

‘മഞ്ഞു കാലം ദൂരെ മാഞ്ഞൂ…
മിഴിനീര്‍ സന്ധ്യ മറഞ്ഞു
പകലിന്‍ മൗനം തേങ്ങലായി..
പാര്‍വണ യാമം സ്‌നേഹമായി’

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗിരീഷേട്ടന്‍ എഴുതിയ വരികള്‍ ആണിത്. 2007’ല്‍ ചെന്നൈയിലെ പ്രശസ്തമായ ഈരാളി ഗസ്റ്റ് ഹൌസില്‍ വച്ചാണ് ആദ്യമായി ഗിരീഷേട്ടനെ കാണുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു കടുത്ത ആരാധകന്‍ എന്ന നിലയിലും സിനിമ സംഗീത ലോകത്തോട്ട് വരണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരാളെന്ന നിലയിലും അദ്ദേഹത്തെ ഒന്ന് കണ്ടു പരിചയപ്പെടുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെയാണ് ഏറ്റവും അടുത്ത സുഹൃത്തായ അജയ് കാച്ചപ്പള്ളിയുടെ അച്ഛന്‍ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളി ഒരു സിനിമയുടെ ആവശ്യമായി ചെന്നൈയില്‍ വരുന്നത്. ഡേവിഡ് അങ്കിളിനോട് കാര്യം അവതരിപ്പിച്ചപ്പോള്‍ വേഗം ഈരാളി ഗസ്‌റ് ഹൌസിലോട്ടു പോന്നോളാന്‍ പറഞ്ഞു.

അങ്ങനെ അവിടെയെത്തി ഗിരീഷേട്ടനെ കണ്ടു പരിചയപ്പെട്ട് പതിനാറാം വയസ്സില്‍ ചെയ്ത ആല്‍ബത്തിലെ രണ്ടു പാട്ടുകളും കേള്‍പ്പിച്ചു, എന്നെങ്കിലും ഗിരീഷേട്ടനോപ്പം ഒരു പാട്ട് ചെയ്യണം എന്ന ആഗ്രഹമുണ്ട് എന്നും അറിയിച്ചു. നല്ല മൂഡിലായിരുന്നത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞു നിന്റെ മനസ്സില്‍ എന്തെങ്കിലും ഈണം ഉണ്ട്‌നെകില്‍ പാടൂ, ഇപ്പോള്‍ തന്നെ എഴുതി തരാം എന്ന്. ഇപ്പോഴുള്ളതിനേക്കാള്‍ പാട്ടുണ്ടാക്കണം എന്ന ഹരം ഇരുപതാം വയസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് കയ്യില്‍ നാലഞ്ചു ഈണം റെഡി ആയി തന്നെയുണ്ടായിരുന്നു. അതില്‍ ഒരു ഈണം ചുമ്മാ മൂളി തുടങ്ങി. അദ്ദേഹം ഉടന്‍ തന്നെ ഒരു പേപ്പറും പേനയും എടുത്തു എന്തൊക്കെയോ കുത്തിക്കുറിക്കാനും തുടങ്ങി. പത്തു മിനിറ്റ് കൊണ്ട് ട്യൂണ്‍ മൂളി കഴിഞ്ഞപ്പോള്‍ അദ്ദേഹം ആ പേപ്പറില്‍ ഒരു ഒപ്പും ഇട്ട് വരികള്‍ എന്റെ കയ്യിലോട്ട് തന്നു. ഒരു വാക്കിലെ മീറ്ററിന് പോലും തെറ്റില്ലാതെ വളരെ അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍. അത്ഭുതപ്പെട്ടു പോയ നിമിഷമാണ് അത്. എന്നെകിലും ഇതൊരു സിനിമ ഗാനമാക്കും എന്ന ആഗ്രഹത്തോടെ ഗിരീഷേട്ടന്റെ അനുഗ്രഹവും വാങ്ങി ഇറങ്ങി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമയില്‍ കാര്യമായ അവസരങ്ങള്‍ ഒന്നും കിട്ടിയില്ല. കിട്ടിയ സിനിമകള്‍ ഒന്നും പല കാരണങ്ങളാല്‍ ഇറങ്ങിയില്ല. അഡ്വെര്‍ടൈസിങ് ജിംഗിള്‍സില്‍ തിരക്കായി. അങ്ങനെ 11 വര്‍ഷം. ഒടുവില്‍ ‘തീവണ്ടി’ ഇറങ്ങുന്നു. അതിന്റെ പേരില്‍ നാലഞ്ചു സിനിമകള്‍ കിട്ടി. അതില്‍ ഒന്നാണ് മണിയന്‍പിള്ള രാജു ചേട്ടന്‍ നിര്‍മിച്ചു അരുണ്‍ പി.ആര്‍ സംവിധാനം ചെയ്യുന്ന രജീഷ വിജയന്‍, സുരാജ് വെഞ്ഞാറന്മൂട്, നിരഞജ് രാജു എന്നിവര്‍ അഭിനയിക്കുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രം. 3 ഗാനങ്ങള്‍ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. കഴിയാറായപ്പോള്‍ സംവിധായകന്‍ അരുണ്‍ പറഞ്ഞു നമുക്കൊരു ഗാനം കൂടെ ചെയ്യണം. ഷൂട്ട് ചെയ്തു വന്നപ്പോള്‍ പ്രധാനപ്പെട്ട ഒരിടത്തു ഒരു പാട്ടു വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി എന്ന്. എഡിറ്റ് സ്യൂട്ടില്‍ പോയി ആ ഭാഗം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് 12 വര്ഷം മുമ്പ് ഗിരീഷേട്ടന്‍ എഴുതിയ പാട്ടാണ്. വരികള്‍ എന്തോ വളരെ നന്നായി ചേരുന്ന പോലെ. റഫ് ആയി റെക്കോര്‍ഡ് ചെയ്തു അടുത്ത ദിവസം ഗാനവുമായി വീണ്ടും വന്നു സീന്‍സുമായി വച്ച് നോക്കി മുഴുവന്‍ കണ്ടു. 5 മിനിറ്റ് ഉള്ള ഗാനം തീരുമ്പോള്‍ സംവിധായകന്റെയും എന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. 12 വര്‍ഷം മുമ്പ് ഗിരീഷേട്ടന്‍ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയ പോലെ അത്ര നന്നായി ചേരുന്നു. എഡിറ്റര്‍ ജിത് പറയുന്നു ‘ഇത് നിങ്ങള്‍ രണ്ടു പേരും കൂടെ പ്ലാന്‍ ചെയ്തു ചെയ്യുന്നതാണ് എന്നെ പറ്റിക്കാന്‍’ എന്ന്. അല്ലെങ്കില്‍ എങ്ങനെ ഇത്ര മാച്ച് ആയി വരുമെന്നാണ് ജിത്തിന്റെ ചോദ്യം. ഫൈനല്‍സ് സിനിമ ഷൂട്ട് തുടങ്ങിയത് മുതല്‍ എന്തൊക്കെയോ മാജിക് സംഭവിക്കുന്നുണ്ടെന്ന് അരുണ്‍ എപ്പോഴും പറയുമായിരുന്നെങ്കിലും എനിക്ക് അങ്ങനൊരു അനുഭവം ആദ്യമായിരുന്നു. മണിയന്‍പിള്ള രാജു ചേട്ടനും പാട്ട് കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി.

Read More: ‘തീവണ്ടി’യില്‍ തുടങ്ങുന്ന യാത്ര: കൈലാസ് മേനോന്‍

ഗിരീഷേട്ടന്റെ മകന്‍ ജിതിന്‍ പുത്തഞ്ചേരിയുമായുള്ള അടുപ്പത്തില്‍ ഗിരീഷേട്ടന്റെ ഭാര്യയോട് ഈ കാര്യം നേരിട്ട് പറയണം, അനുവാദം വാങ്ങണം എന്ന് ആവശ്യപ്പെട്ടു. അന്ന് തന്നെ അമ്മയുമായി ഫോണില്‍ സംസാരിച്ചു, പാട്ട് അയച്ചു കൊടുത്തു. കേട്ട് കഴിഞ്ഞു അമ്മ വിളിച്ചു ഒരുപാട് സന്തോഷത്തോടെ വര്‍ഷങ്ങള്‍ കഴിഞ്ഞു അദ്ദേഹത്തിന്റെ പാട്ട് വീണ്ടും ഒരു സിനിമയില്‍ വരുന്നതില്‍ അമ്മയ്ക്ക് സന്തോഷമേ ഉള്ളു എന്ന് പറഞ്ഞു. അങ്ങനെ ആ വരികള്‍ ഫൈനല്‍സ് എന്ന സിനിമയില്‍ ഉപയോഗിക്കാന്‍ തീരുമാനമായി.

ഒരുപാട് സന്തോഷത്തോടെയാണ് ഈ വിവരം പങ്ക് വയ്ക്കുന്നത്. ശ്രീനിവാസ് എന്ന ഗായകന്റെ ഭാവപൂര്ണമായ ആലാപനത്തില്‍ ‘മഞ്ഞു കാലം ദൂരെ മാഞ്ഞു’ എന്ന ഗാനം ഒരുപാട് വൈകാതെ നിങ്ങള്ക്ക് മുമ്പില്‍ എത്തും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്. ഇഷ്ടപ്പെടാതിരിക്കാനാവില്ല ആ മനോഹരമായ വരികള്‍…

നന്ദി,
കൈലാസ് മേനോന്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kailas menon composing music for gireesh puthancherys lyrics in finals movie