കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് കോടതി സ്ഥിരപ്പെടുത്തി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ പ്രമോഷനും പരസ്യപ്രചാരണവും വിലക്കി. നേരത്തെ ഇടക്കാല ഉത്തരവിലൂടെ ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം കേട്ട് തിരക്കഥയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരവ്.

Read Also: ഒരു 68 കാരൻ യുവാക്കൾക്ക് വെല്ലുവിളിയായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എങ്കേയും ‘മമ്മൂട്ടിമയം’

സുരേഷ് ഗോപിയുടെ 250-ാം ചിത്രമെന്ന നിലയിലായിരുന്നു സിനിമ പ്രഖ്യാപിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നായിരുന്ന ഹർജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.

സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രത്തിന്റെ പേര് പകർപ്പവകാശനിയമ പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

Read Also: പ്രഭാസിന്റെ ത്രിഡി ചിത്രം ‘ആദിപുരുഷ്’ പറയുന്നത് രാമായണ കഥയോ?

ഈ വർഷം ജൂലൈ 15ന് തുടങ്ങാനിരുന്ന ഷൂട്ടിങ് കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു.

ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ.

കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് ‘കടുവ’യുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook