/indian-express-malayalam/media/media_files/uploads/2018/02/siju-jawahar.jpg)
'കഥ പറഞ്ഞ കഥ' എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നിരിക്കുകയാണ് ഡോ.സിജു ജവഹർ. സംവിധായകന്റെ റോളിൽ ആദ്യമാണെങ്കിലും സിനിമയുടെ പിന്നാമ്പുറത്ത് സിജു പലർക്കും പരിചിതനാണ്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നതിനൊപ്പം ഒരു അഭിനേതാവ് കൂടിയാണ് സിജു. വിനീത് ശ്രീനിവാസന്റെ 'എബി' സിനിമയിൽ സിജു അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ 'കഥ പറഞ്ഞ കഥ' സിനിമയുടെ വിശേഷങ്ങൾ ഡോ.സിജു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പങ്കുവയ്ക്കുന്നു.
''നാലു വർഷം മുൻപ് തന്നെ മനസ്സിൽ ഈ സിനിമയുടെ കഥ ഉണ്ടായിരുന്നു. തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ ഏതാനും സംവിധായകരെ സമീപിച്ചു. പലർക്കും കഥ ഇഷ്ടമായി. പക്ഷേ അവരൊക്കെ മറ്റു ചില പ്രോജക്ടുകളിൽ കമ്മിറ്റ് ചെയ്തിരുന്നു. അങ്ങനെ ഈ സിനിമ നീണ്ടുപോയി. ഒടുവിൽ എന്റെ സുഹൃത്തുക്കളാണ് ഞാൻ തന്നെ സംവിധാനം ചെയ്യാൻ പറഞ്ഞത്. അവർ പ്രോൽസാഹിപ്പിച്ചപ്പോൾ എനിക്കും ധൈര്യം വന്നു. അങ്ങനെയാണ് സംവിധായകനായി മാറിയത്'' ഡോ.സിജു പറഞ്ഞു.
സിനിമയിൽ നായകനായി സിജുവിന്റെ മനസ്സിലുണ്ടായിരുന്നത് മലയാളത്തിലെ ഒരു പ്രമുഖ നടനായിരുന്നു. പക്ഷേ ആ നടന്റെ ഡേറ്റ് കിട്ടാൻ വൈകിയതാണ് സിദ്ധാർഥ് മേനോനെ നായകനാക്കിയത്. ''സിനിമയിൽ ഒരു സംഗീതജ്ഞന്റെ കഥാപാത്രമുണ്ട്. ആ റോൾ ചെയ്യാൻ വേണ്ടിയാണ് സിദ്ധാർഥിനെ സമീപിച്ചത്. പക്ഷേ സിദ്ധാർത്ഥിന് എബി എന്ന കഥാപാത്രമാണ് ഇഷ്ടമായത്. അങ്ങനെയാണ് സിദ്ധാർത്ഥിനെ നായകനാക്കാൻ തീരുമാനിച്ചത്. സിദ്ധാർത്ഥി ചെയ്യേണ്ടിയിരുന്ന സംഗീത പ്രേമിയായ വയലിനിസ്റ്റ് അരുൺ എന്ന കഥാപാത്രം ചെയ്തത് നടൻ സിദ്ധിഖിന്റെ മകൻ ഷെഹിൻ സിദ്ധിഖാണ്.
കഥ പറഞ്ഞ കഥ സിനിമയിലെ നായിക പുതുമുഖം തരുഷിയാണ്. തരുഷി കഥ പറഞ്ഞ കഥയിലേക്ക് എത്തിയതും ആദ്യം പരിഗണിച്ചിരുന്ന നടിയുടെ തിരക്കുകൾ കാരണമാണ്. ''മലയാളത്തിലെ മറ്റൊരു നടിയെയാണ് നായികയായി ആദ്യം സിനിമയിലേക്ക് പരിഗണിച്ചത്. പക്ഷേ ആ നടിക്ക് മറ്റൊരു സിനിമയുടെ തിരക്കുകൾ മൂലം ഇതിൽ കമ്മിറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഓഡിഷൻ നടത്താൻ തീരുമാനിച്ചത്. ഓഡിഷനിൽനിന്നാണ് തരുഷിയെ തിരഞ്ഞെടുത്തത്''.
സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ഡോ.സിജു പറയുന്നു. സിനിമയ്ക്ക് അകത്തുനിന്നും നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു. പരിമിതികൾക്കുളളിൽ നിന്ന് ഉദ്ദേശിച്ച രീതിയിൽ സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും സിജു പറയുന്നു.
സൈക്യാസ്ട്രിസ്റ്റായ സിജുവിന്റെ ഭാര്യ ഡോ. ലക്ഷ്മി ഗുപ്തനാണ് കഥ പറഞ്ഞ കഥ സിനിമയിലെ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഭാര്യയിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവിധാനത്തെക്കാൾ തിരക്കഥാകൃത്ത് ആവാനാണ് സിജുവിന് ഇഷ്ടം. സംവിധാനം കുറച്ച് സ്ട്രെയിൻ നിറഞ്ഞതെന്നാണ് സിജു പറയുന്നത്. ഇനിയും സംവിധായകന്റെ റോളിൽ പ്രതീക്ഷിക്കാമോ എന്നു ചോദിച്ചപ്പോൾ ഇപ്പോൾ മനസ്സിൽ ഒന്നും പ്ലാൻ ചെയ്തിട്ടില്ലെന്നായിരുന്നു സിജുവിന്റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.