ദക്ഷിണേന്ത്യയിലാകെ ബോക്സോഫീസ് ഹിറ്റായ തെലുങ്ക് ചിത്രമാണ് ‘അര്‍ജ്ജുന്‍ റെഡ്ഡി’. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്ക് ദേശത്തിനപ്പുറം വളര്‍ന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി. ഹിന്ദിയിലെത്തിയപ്പോള്‍ ചിത്രത്തില്‍ ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി എത്തിയത്. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. ദക്ഷിണേന്ത്യയിലാകെ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയായിരുന്നു ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്താന്‍ കാരണമായത്.
തെലുങ്കില്‍ ഇറങ്ങിയ ചിത്രത്തിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളിലൊക്കെ വന്‍ സ്വീകാര്യത ലഭിച്ചു. കൂടാതെ ചിത്രം തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു. എന്നാല്‍ ബോളിവുഡില്‍ ഒരുങ്ങിയ കബീര്‍ സിങ്ങിന് ആദ്യ ദിവസം തന്നെ പ്രഹരം നല്‍കുന്ന അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ചിത്രം ബോളിവുഡില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി എന്ന സ്ത്രീവിരുദ്ധ കഥാപാത്രത്തെയാണ് നിരൂപകരും ആസ്വാദകരും കൈയ്യോടെ പിടികൂടിയിരിക്കുന്നത്. മിക്ക ഓണ്‍ലൈന്‍ സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് മാത്രമാണ് നല്‍കിയത്. ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ നിരൂപകയായ ശുഭ്ര ഗുപ്തയും 1.5 മാത്രമാണ് റേറ്റിങ് നല്‍കിയത്.
അബദ്ധത്തില്‍ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ നമ്മുടെ നായകന്‍ ഓടിക്കുന്നു. കൈയ്യില്‍ കിട്ടിയാല്‍ ആ വേലക്കാരിയെ അര്‍ജുന്‍ റെഡ്ഡി ഇടിച്ചു നിലംപരിശാക്കുമെന്ന് അറിയുന്ന പ്രേക്ഷകര്‍ തിയേറ്ററില്‍ കൂട്ടച്ചിരിയോടെ ആര്‍ത്തുവിളിച്ച് കൈയ്യടിക്കുന്നു. കബീര്‍ സിങ്ങിലെ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്നയാക്കപ്പെടുന്നു. തെരുവുപട്ടികളെ പോലെ കൈയ്യേറ്റം ചെയ്യപ്പെടുന്നു. കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നു.
Read More: അര്‍ജുന്‍ റെഡ്ഡിയെ അതേപടി പകര്‍ത്തി ബോളിവുഡ് ചിത്രം; കബീര്‍ സിങ്ങിന്റെ ട്രെയിലര്‍
നായകന്റെ അവകാശപ്പെട്ട ഉപഭോഗ വസ്തുവായി നായിക മാറപ്പെടുന്നു. അവന്‍ കൊണ്ടു പോകുന്ന ഇടങ്ങളിലൊക്കെ അവള്‍ പ്രതിഷേധമില്ലാതെ പോകേണ്ടി വരുന്നു, തല എപ്പോഴും അവന്റെ മുമ്പില്‍ നാണത്താലും ഭയത്താലും കുനിഞ്ഞ് തന്നെ. കുടുംബത്തെ വിട്ട് തന്നോടൊപ്പം വരാന്‍ നായികയ്ക്ക് നായകന്‍ ആറ് മണിക്കൂര്‍ സമയം നല്‍കുന്നു. അയാളാണ് അവളുടെ രക്ഷകനും സംരക്ഷകനും.
രണ്ടാം തവണയും സ്ത്രീവിരുദ്ധത ചിത്രീകരിച്ച് ബോളിവുഡിലും തിയേറ്ററുകള്‍ കീഴടക്കാനാവുമോ എന്ന പരീക്ഷണമാണോ സന്ദീപ് വാങ്കാ റെഡ്ഡി നടത്തിയത്? തെലുങ്കിലെ പോലെ തന്നെ ബോളിവുഡിലും ചിത്രം തിയേറ്ററുകളില്‍ നിന്ന് പണം വാരിയേക്കാം. അതിന്റെ തെളിവ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് ദിനം തന്നെ നിറഞ്ഞ് കവിഞ്ഞ തിയേറ്ററുകളും, കബീര്‍ സിങ്ങിന് ലഭിക്കുന്ന നിലയ്ക്കാത്ത കൈയ്യടികളും.