മറ്റൊരു മണിരത്നം ചിത്രം കൂടെ ഇറങ്ങുകയാണ്- കാട്രു വെളിയിടൈ. ‘ആയുധഎഴുത്തി’ല്‍ മണിരത്നത്തിന്‍റെ സഹസംവിധായകനായികൊണ്ട് സിനിമാജീവിതം ആരംഭിക്കുന്ന കാര്‍ത്തി എന്ന കാര്‍ത്തിക് ശിവകുമാറാണ് നായകന്‍.
‘ബോംബേ’യിലെ റൊമാന്റിക് രംഗങ്ങള്‍ കണ്ടു വളര്‍ന്നതിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്ന നര്‍ത്തകികൂടിയായ അതിഥി റാവൂ ഹൈദരിയാണ് നായിക
എറണാകുളത്തെ മാധ്യമാപ്രവര്‍ത്തകര്‍ മാത്രമടങ്ങിയ ചെറിയ സദസ്സില്‍ വച്ചാണ് മണിരത്നത്തിന്റെ പടത്തില്‍ അഭിനയിച്ചതിന്റെ ആഹ്ളാദം മറച്ചുവെക്കാതെ ഇരുവരും വാചാലരായത്.
“ഞാന്‍ സിനിമയുടെ ലോകത്തേക്ക് വരുന്നത് തന്നെ മദ്രാസ് ടാക്കീസിലൂടെയാണ്.ആയുധഎഴുത്തിലും യുവയിലും മണി സാറിന്‍റെ സഹ സംവിധായകനായി ജോലി ചെയ്തു. അപ്പോഴൊക്കെ സിനിമ ഉണ്ടാക്കുക എന്നായിരുന്നു ആഗ്രഹം. പിന്നെങ്ങനെയോക്കെയോ അഭിനയത്തില്‍ എത്തിപ്പെടുകയായിരുന്നു. ഇപ്പോള്‍ അവസാനം മണി സാറിന്‍റെ തന്നെ ഒരു പടത്തില്‍, അതും ഒരു റൊമാന്റ്റിക് പടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.” കാട്ട്രു വെളിയിടൈയിലൂടെ ഒരു നടന്‍റെ അനുഭവം എന്നതിലുപരി വ്യക്തി എന്ന നിലയില്‍ താന്‍ അറിവു സമ്പാദിക്കുകയായിരുന്നു എന്നാണ് കാര്‍ത്തി പറയുന്നത്.
“ഏറ്റവും ബുദ്ധിമുട്ടുള്ള രംഗമോ ? ഒരു മണിരത്നം പടത്തില്‍ ബുദ്ധിമുട്ടില്ലാത്ത എന്ത് രംഗമാണ് ഉള്ളത് ?” കാട്ട്രു വെളിയിടൈയിലെ ബുദ്ധിമുട്ടുള്ള രംഗം ഏതെന്ന് ആരാഞ്ഞപ്പോള്‍ അതിഥിയുടെ മറുപടി ഇങ്ങനെയാണ്.
കാട്രു വെളിയിടൈയുടെ റിലീസിന്‍റെ ആവേശത്തിലാണ് ഇരുവരും.
എയര്‍ ഫോഴ്സിലെ ഒരു യുദ്ധവിമാനത്തിന്‍റെ പൈലറ്റായ വരുണും ആദ്യ ജോലിയായി എയര്‍ ഫോര്‍സിലേക്ക് എത്തിചേരുന്ന ലേഡി ഡോക്ടറായ ഡോ. ലീല അബ്രഹാമും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് കാട്ട്രു വെളിയിടൈ. കശ്മീരിന്റെ പാശ്ചാതലത്തിലാണ് ചിത്രം അരങ്ങേറുന്നത്.

തൊണ്ണൂറുകളുടെ ഒരു യുദ്ധ പാശ്ചാത്തലം ഉണ്ട് എങ്കിലും ഒരു മുഴുനീള മണിരത്നം റൊമാന്റ്റിക് സിനിമ തന്നെയാണ് ‘കാട്രു വെളിയിടൈ’.
മണിരത്നം തന്നെ തിരകഥയെഴുതിയിട്ടുള്ള ചിത്രത്തിന്‍റെ രംഗങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത് രവിവര്‍മന്റെ ക്യാമറയാണ്.
ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നടത്തിയിരിട്ടുള്ള ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുന്നത് എ.ആര്‍ റഹ്മാന്റെ സംഗീതത്തിലൂടെയാണ്. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും ഇതിനോടകം തന്നെ ഇന്‍റര്‍നെറ്റ് ഹിറ്റുകള്‍ ആണ്.
“എന്താണ് ഇത്രയും ലളിതമായ മെലഡികള്‍ തന്നെ ചിത്രത്തില്‍ ഉയോഗിച്ചത് എന്ന് ഞാന്‍ മണി സാറോട് ചോദിക്കുകയുണ്ടായി. ‘സിനിമ ആവശ്യപ്പെടുന്നത് തൊണ്ണൂറുകളുടെ അനുഭൂതിയാണ്. എന്നായിരുന്നു മണി സാറുടെ മറുപടി’ അത് സിനിമയില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും .” സിനിമയില്‍ റഹ്മാന്‍ ചെയ്ത ഗാനങ്ങളെക്കുറിച്ച് കാര്‍ത്തി മനസ്സുതുറന്നു.

മറ്റൊരു മണിരത്നം റൊമാന്റിക് ക്ലാസിക് കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകരെപ്പോലേ തന്നെ സിനിമയിലെ നായികാനായകന്മാരും. അതിന്‍റെ ആവേശം അവര്‍ ഒട്ടും മറച്ചുവെക്കുന്നുമില്ല. റൊമാന്റിക് പടങ്ങളുടെ മാന്ത്രികനായ മണിരത്നത്തില്‍ നിന്നും വരുന്ന മറ്റൊരു ക്ലാസിക് ആവും ‘കാട്രു വെളിയിടൈ’ എന്ന് ഇരുവരും ഉറപ്പു പറയുന്നു.
കെ പി എ സി ലളിത ഈ ചിത്രത്തിലെയൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡല്‍ഹി ഗണേഷ്, ആര്‍ കെ ബാലാജി, വിപിന്‍ ശര്‍മ്മ, ഹരീഷ് രവി, അമൃത സിംഗ്, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാര്‍, ധ്യാന മാടന്‍ എന്നിവരും ചില പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
തമിഴ് പടങ്ങളുടെ കേരളത്തിലേ പ്രമുഖ വിതരണക്കാരായ തമീന്‍സ് റിലീസാണ് കേരളത്തില്‍ പടത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
‘കാട്രു വെളിയിടൈ’ തിയേറ്ററുകളില്‍ റോജയുടേയും ബോംബെയുടെയും അനുഭൂതി തീര്‍ക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ലോകമെമ്പാടുമുള്ള മണിരത്നം ആരാധകാരും.