scorecardresearch
Latest News

തീയാണ് പ്രണയം, തണുപ്പല്ല- കാട്രു വെളിയിടൈ റിവ്യൂ

മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ മണിരത്നം തന്നെ നിര്‍മ്മിച്ച ചിത്രം ബോക്സ്‌ ഓഫീസ് സ്വീകരിക്കുമോ?  സിനിമാലോകത്തിന് ഗുരു തുല്യനായ മണി സാറിന് തന്‍റെ പ്രഭാവം തുടര്‍ന്ന് നിലനിര്‍ത്താന്‍ കഴിയുമോ?

kaatru veliyidai, karthi, aditi rao, maniratnam
മണിരത്നം

പ്രണയം, വിരഹം, കലാപം.  ഇത് മൂന്നും വേണ്ട അനുപാതത്തില്‍ ചേര്‍ത്താല്‍ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് നമ്മളെ കാണിച്ചു തന്നത് മണിരത്നമാണ്.  റോജ എന്ന ചിത്രത്തിലൂടെ.  പിന്നീടുള്ള പല സിനിമകളിലും ഇതേ ഫോര്‍മുല അദ്ദേഹം വിജയകരമായി ഉപയോഗിച്ചിട്ടുമുണ്ട്.  സ്ഥലങ്ങള്‍ വ്യത്യസ്തമായിരുന്നു എന്ന് മാത്രം.  ബോംബെ, ദില്‍ സെ, കന്നത്തില്‍ മുത്തമിട്ടാല്‍  എന്നിങ്ങനെ.  റോജയില്‍ നിന്നും കാല്‍ നൂറ്റാണ്ടിനിപ്പുറത്ത് തന്‍റെ പ്രിയ ഭൂമികയായ കശ്മീരിലേക്ക് മടങ്ങിയ അദ്ദേഹത്തിനെ ഇക്കുറി സ്ഥലവും കാലവും അനുപാതവുമൊന്നും തുണച്ചില്ല.  ഒരു സംവിധാകനെന്ന നിലയില്‍ മണിരത്നം എന്തൊക്കെയായിരുന്നോ, അതില്‍ നിന്നെല്ലാം  ഒരു പടി പിന്നിലേക്ക്‌ പോകുന്ന കാഴ്ചയാണ് കാട്രു വെളിയിടൈ.

ഇതിവൃത്തം
ഫൈറ്റര്‍ പൈലറ്റായ വരുണും (കാര്‍ത്തി) മെഡിക്കല്‍ ഓഫീസറായ ലീലയും (അദിതി റാവു ഹൈദരി) തമ്മിലുള്ള പ്രണയവും പിരിയലുമാണ് സിനിമയുടെ ഇതിവൃത്തം.  കശ്മീരില്‍ തുടങ്ങുന്ന സിനിമ അത് വഴി പാക്കിസ്ഥാനിലേക്കും ഡല്‍ഹിയിലേക്കും ലഡാക്കിലേക്കുമൊക്കെ എത്തുന്നുണ്ട്.

വ്യത്യസ്ത ധ്രുവങ്ങളിലായാണ് മണിരത്നം തന്‍റെ മുഖ്യ കഥാപാത്രങ്ങളെ പ്ലൈസ് ചെയ്തിരിക്കുന്നത്.  വരുണിന്‍റെ തന്നെ വാക്കുക്കള്‍ കടമെടുത്താല്‍ ‘യുദ്ധം ചെയ്ത് കൊല്ലുന്നവനാണ് ഞാന്‍; രക്ഷപ്പെടുത്തി, പരിചരിക്കുന്നവളാണ്‌ നീ’.  അച്ഛനും അമ്മയും തമ്മില്‍ സ്വരചേര്‍ച്ചയില്ലാത്ത കുടുംബമാണ് വരുണിന്റേത്, അതുകൊണ്ട് തന്നെ ബന്ധങ്ങളില്‍ അവനത്ര വിശ്വാസം പോര.  അച്ഛനുമമ്മയും അപ്പൂപ്പനുമൊക്കെയടങ്ങുന്ന ഇഴയടുപ്പമുള്ള കുടുംബത്തില്‍ നിന്ന് വരുന്നവളാണ് ലീല.  ബന്ധങ്ങള്‍ അവള്‍ക്കു ജീവ ശ്വാസമാണ്.

സിനിമയില്‍ ഒരിക്കല്‍ പോലും കാണാത്ത, വര്‍ഷങ്ങള്‍ക്കു മുന്‍പ് യുദ്ധത്തില്‍ മരിച്ച പൈലറ്റായ സഹോദരന്‍ പോലും നിറസാന്നിധ്യമായി ലീലയുടെ ജീവിതത്തിലുണ്ട്.  എന്നാല്‍ ആശുപത്രിയില്‍ മരണാസന്നനായി കിടക്കുമ്പോഴും വരുണിനൊപ്പം കുടുംബമുള്ളതായി കാണിക്കുന്നില്ല.

എവിടെ സംഭവിക്കാന്‍ പാടില്ലയോ, അവിടെ മാത്രം സംഭവിക്കുന്ന ഒന്നാണല്ലോ പ്രണയം.  അതിവിടെയും ആവര്‍ത്തിക്കുന്നു, അതിതീവ്രമായി തന്നെ.  അവര്‍ ഒരുമിച്ചു നടത്തുന്ന ആകാശ യാത്രകളിലൂടെയും, ചൊല്ലുന്ന തമിഴ് കവിതകളിലൂടെയും സ്വപ്നതുല്യമായി വികസിക്കുന്ന പ്രണയം പിന്നീട് ക്രാഷ് ലാന്‍ഡ് ചെയ്യുകയാണ്, പ്രതീക്ഷിതമായി തന്നെ.

അവിടെ തീരുന്ന ആദ്യ പകുതി പിന്നീട് എത്തുന്നത് പാക്കിസ്ഥാനിലാണ്.  റാവല്‍പിണ്ടി ജയിലിലെ യുദ്ധത്തടങ്കലില്‍ നിന്നും രക്ഷപ്പെടാനുള്ള വരുണിന്‍റെ ശ്രമങ്ങളാണ് പിന്നീടെങ്കിലും ഇന്ത്യാ – പാക്ക് യുദ്ധം എന്ന ബാഹ്യാവരണത്തിനുള്ളില്‍ വരുണും ലീലയും തമ്മില്‍ നടക്കുന്ന അന്തര്‍യുദ്ധമാണ് ഇടവേളയ്ക്കു ശേഷമുള്ള സിനിമ.

സംവിധാനം
പ്രണയം പകര്‍ത്താന്‍ മണിരത്നത്തിനോളം വൈഭവമുള്ളവര്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ കുറവാണ്.  അതൊരളവ് വരെ ശരി വയ്ക്കുന്നുണ്ട്‌ ഈ ചിത്രവും.  അദ്ദേഹം തന്നെ മുന്‍പ് പ്രയോഗിച്ചിട്ടുള്ള ചില ടെക്നീക്കുകള്‍ ഇതിലും കാണാമെങ്കിലും ചില വേറിട്ട കാഴ്ചകളാല്‍ സമ്പന്നമാണ് കാട്രു വെളിയിടൈ.  സംവിധായകന്‍റെ കൈയൊപ്പ്‌ വ്യക്തമായി പതിഞ്ഞ, കാലം ‘മണിരത്നം മൊമെന്റ്സ്’ എന്ന് വിളിക്കാനിടയുള്ള ചില രംഗങ്ങളിതാ.

ഒരു മഞ്ഞിടിച്ചില്‍ ഉണ്ടാവുന്നതിന് തൊട്ടു മുന്‍പ് ലീലയും വരുണും തമ്മില്‍ തര്‍ക്കിക്കുന്നുണ്ട് – പ്രണയത്തെക്കുറിച്ചും, സുരക്ഷയെക്കുറിച്ചും, കരുതലിനെക്കുറിച്ചുമൊക്കെ പറഞ്ഞ്. അതിന്‍റെ പാരമ്യത്തില്‍ മഞ്ഞു മഴ പെയ്യുന്നു.  പിന്നീടു നമ്മള്‍ കാണുന്നത് മഞ്ഞിനാല്‍ മൂടപ്പെട്ട ഒരു കാറിന്റെ ലോങ് ഷോട്ട്.  കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ചലിക്കുന്ന കാറിന്റെ വൈപ്പര്‍.  മഞ്ഞ് തുടച്ചു മാറ്റപ്പെടുമ്പോള്‍ നമുക്ക് കാണാം, വരുണിന്റെ തോളില്‍ ചാഞ്ഞിരിക്കുന്ന ലീലയെ, പ്രണയം, സുരക്ഷ, കരുതല്‍ എന്നിവ ഭാവനാപരമായി ചേര്‍ത്ത ഒരു ഇമേജായി.

താന്‍ ഗര്‍ഭിണിയാണ് എന്ന് സ്ത്രീ തന്‍റെ പുരുഷനെ അറിയിക്കുന്ന രംഗങ്ങള്‍ നാം പല വട്ടം കണ്ടിട്ടുണ്ട്.  അവളെ എടുത്തു കറക്കുന്ന സന്തോഷമോ, ഇതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടലോ ഒക്കെയാണ് സ്ഥായി ഭാവങ്ങള്‍.  എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഗര്‍ഭാവസ്ഥ വളരെ ഇറോട്ടിക് ആയി അവതരിപ്പിക്കുകയാണ് മണിരത്നം ഇവിടെ.

വ്യത്യസ്തകള്‍ ഇതില്‍ മാത്രം ഒതുങ്ങി പോകുന്നു എന്നതാണ് സംവിധാനത്തിന്‍റെ ഒരു പോരായ്മ.  സിനിമ ചിത്രീകരിച്ച ലഡാക്കിലെ തണുപ്പ് സിനിമയിലേക്കും അരിച്ചിറങ്ങുന്നുണ്ട് പലപ്പോഴും എന്നത് സംവിധായകന്‍ തിരിച്ചറിയാതെ പോയത് മറ്റൊന്നും. പ്രണയത്തിനു ആക്കം കൂട്ടുന്നത്‌ തീയാണ്, തണുപ്പല്ല.

അഭിനയം
ചിത്രം തണുത്തുറഞ്ഞു പോയതില്‍ പ്രധാന പങ്കു വഹിക്കുന്നത് നായികയായ അദിതി റാവു ഹൈദരിയാണ്.  സംവിധായകന്‍ എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോകാത്ത ഒരു നര്‍ത്തകിയുടെ ശരീരഭാഷ, അദിതിയുടെ ഡയലോഗ് റെന്‍ഡിഷന്‍ എന്നിവ ചെറുതല്ലാത്ത കോട്ടമുണ്ടാക്കുന്നുണ്ട് സിനിമക്ക്.

ഈ കോട്ടം ഒരളവുവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് കാര്‍ത്തിക്ക്.  വരുണ്‍ എന്ന ഫൈറ്റര്‍ പൈലറ്റിനെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും കാര്‍ത്തി തന്നിലേക്ക് അവാഹിച്ചിട്ടുണ്ട്.  ദേഷ്യവും, സങ്കടവും, ഭ്രാന്തും, സ്നേഹവുമെല്ലാം കൃത്യമായി സന്നിവേശിപ്പിക്കാന്‍ കാര്‍ത്തി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ സിനിമയിലുടനീളം കാണാം.

Read More: കാട്രു വെളിയിടൈ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായിരിക്കും അച്ചാമ്മ: കെപിഎസി ലളിത

ചെറിയ വേഷമാണെങ്കില്‍ കൂടി തന്‍റെ സാന്നിധ്യമറിയിച്ച കെപിഎസി ലളിതയും, മണിരത്നം സിനിമകളില്‍ സ്ഥിര വേഷക്കാരനായ ഡല്‍ഹി ഗണേശനും മനസ്സില്‍ തങ്ങുന്ന കഥാപാത്രങ്ങളാണ്.  ആര്‍.ജെ.ബാലാജിയും രുക്മിണി വിജയകുമാറും സിനിമയിലുടനീളമുണ്ടെങ്കില്‍ കൂടി അവര്‍ കാഴ്ചക്കാരനില്‍ ഉണ്ടാക്കുന്ന സ്വാധീനം നിസ്സാരമാണ്.

സംഗീതം
25 വര്‍ഷങ്ങളായി എ.ആര്‍.റഹ്മാന്‍ മണിരത്നത്തിന്‍റെ സംഗീതമാവാന്‍ തുടങ്ങിയിട്ട്.  ശീലമായിപ്പോയത് കൊണ്ടോ, സിനിമയോട് അത്രത്തോളം ഇഴ ചേരുന്നത് കൊണ്ടോ ആയിരിക്കാം, മണിരത്നം സിനിമകളില്‍ പലപ്പോഴും സംഗീതം കാഴ്ചയാവുകയും, കാഴ്ച സംഗീതമാവുകയും ചെയ്യുന്ന അവസ്ഥയാണ്.  ഈ ചിത്രവും വ്യത്യസ്തമല്ല.

ഗാനങ്ങളില്‍ മനസ്സില്‍ തട്ടുന്നത് സാഷാ തിരുപതി ആലപിച്ച ‘വാന്‍ വരുവാന്‍’, സത്യപ്രകാശ്‌, ചിന്മയി എന്നിവര്‍ ആലപിച്ച നല്ലൈയ് അല്ലൈയ് എന്ന ഗാനവുമാണ്.

വൈരമുത്തുവും മകന്‍ മദന്‍ കര്‍ക്കിയും ചേര്‍ന്ന് രചിച്ചതാണ് ചിത്രത്തിലെ ഗാനങ്ങള്‍.  കാട്രു വെളിയിടൈ എന്ന ഭാരതിയാര്‍ കവിതയില്‍ നിന്നും കടം കൊണ്ട ചിത്രത്തിന്‍റെ പേരിന് കളങ്കം തട്ടാത്ത രീതിയില്‍ വരികള്‍ വാര്‍ത്തെടുക്കാന്‍ ഇരുവരും ശ്രമിച്ചിട്ടുണ്ട്.

Read More: മണിരത്നം സിനിമകളുടെ പേരും പൊരുളും

ക്യാമറ
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി വര്‍മ്മന്‍.  അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ ഭംഗിയുള്ള കാഴ്ചകള്‍ ഒപ്പിയെടുത്തിട്ടുണ്ട്.  എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സ് കണ്ട കഥയെന്തെന്ന് നാം കാണുന്നില്ല.  ശ്രീകര്‍ പ്രസാദിന്‍റെ ചിത്രസംയോജനം ചിത്രത്തെ സ്ഥല കാല ഭദ്രമാക്കുന്നു.  ശര്‍മിഷ്ടാ റോയ്യുടെ കലാ സംവിധാനവും പലയിടങ്ങളിലായി ചിത്രീകരിക്കപ്പെട്ട സിനിമയുടെ ഭദ്രത നിലനിര്‍ത്തുന്നു.

കാട്രു വെളിയിടൈയില്‍ എടുത്ത് പറയേണ്ട മികവ് കോസ്റ്റ്യൂം ഡിസൈനറായ ഏക ലഖാനിയുടെതാണ്.  നിറങ്ങള്‍ കൊണ്ടും ടെക്ച്ചര്‍ കൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന, കഥാപാത്രങ്ങളുമായി ഇഴുകി ചേരുന്ന വസ്ത്രാലങ്കാരം.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുന്നതാണ് മണിരത്നം സിനിമകള്‍.  അവിടെ രേഖപ്പെടുത്താതെ പോകാന്‍ സാധ്യതയുള്ള ഒരു സിനിമയല്ല കാട്രു വെളിയിടൈ.  നല്ലതെന്നോ മോശമെന്നോ അല്ലാതെ, പിഴച്ച പോയ കണക്കുകളുടെ കൂട്ടത്തിലാവും എന്ന് മാത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kaatru veliyidai review maniratnam karthi aditi rao hydari ar rahman