ജ്യോതിക നായികയായി എത്തുന്ന ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ടീസറെത്തി. നടനും ജ്യോതികയുടെ നല്ല പാതിയുമായ സൂര്യയാണ് ടീസര്‍ പുറത്തുവിട്ടത്. “തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണ്” എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ടീസര്‍ പങ്കുവച്ചത്.

റേഡിയോ ജോക്കിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മിയെയാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം ‘തുമാരി സുലു’വിന്റെ കോളിവുഡ് പതിപ്പാണ് ‘കാട്രിന്‍ മൊഴി’.

ഒരു വീട്ടമ്മയുടെ സാമ്പ്രദായിക റോളുകളില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കാത്ത വിജയലക്ഷ്മിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് സംവിധായകന്‍ രാധാ മോഹനാണ്. 2007ലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മൊഴി’ക്കു ശേഷം രാധാ മോഹനും ജ്യോതികയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘കാട്രിന്‍ മൊഴി’.

ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത് വിഥര്‍ത്താണ്. നടി ലക്ഷ്മി മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. റേഡിയോ ചാനലിന്റെ മേധാവിയായാണ് ലക്ഷ്മി മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

ഈ വര്‍ഷം ആദ്യമിറങ്ങിയ സംവിധായകന്‍ ബാലയുടെ ‘നാച്ചിയാര്‍’ എന്ന ചിത്രത്തിനു ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമാണിത്. ‘നാച്ചിയാറി’ല്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ജ്യോതിക എത്തിയത്. മണിരത്‌നത്തിന്റെ മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ‘ചെക്ക ചിവന്ത വാന’മാണ് ജ്യോതികയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ