പത്തുകല്പനകളെക്കുറിച്ച് എല്ലാവരും കേട്ടുകാണും. പക്ഷെ സ്ത്രീകള്‍ക്കുള്ള പത്തുകല്പനകളെക്കുറിച്ചോ? എന്നാല്‍ ഇന്നു മുതല്‍ കേള്‍ക്കാം. വിദ്യാ ബാലന്‍ നായികയായെത്തിയ ‘തുമാരി സുലു’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പായ ‘കാട്രിന്‍ മൊഴി’യുടെ ഫസ്റ്റ് ലുക്ക് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫസ്റ്റ്‌ലുക്കില്‍ സ്ത്രീകള്‍ക്കുള്ള പത്തുകല്പനകള്‍ എഴുതിയ പ്ലക്കാര്‍ഡുമായാണ് ജ്യോതിക നില്‍ക്കുന്നത്.

ആത്ഭാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ജ്യോതികയുടെ ചിത്രത്തോടൊപ്പമാണ് പത്തു കല്പനകളും നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന ‘വിലക്കുകളോ’ടുള്ള പ്രതികരണം കൂടിയാണിവ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വേണം എന്നുണ്ടെങ്കില്‍ ആദ്യം ഭക്ഷണം കഴിക്കുക എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനോട് വീട്ടുജോലികളില്‍ പങ്കാളിയാകാന്‍ പറയാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയാനും ഇതു നിര്‍ദ്ദേശിക്കുന്നുണ്ട്.

വീട്ടമ്മയും പിന്നീട് റേഡിയോ ജോക്കിയുമാകുന്ന സ്ത്രീയുടെ കഥയാണ് തുമാരി സുലു എന്ന ചിത്രം പറയുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം വിദ്യാ ബാലനായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച ചിത്രമായിരുന്നു ഇത്. കാട്രിന്‍ മൊഴി കഥ പറയുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നാണ് സൂചന.

ജ്യോതികയെ കൂടാതെ വിദ്ദാര്‍ത്ഥ്, ലക്ഷ്മി മഞ്ജു എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാധാമോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ എ.ആര്‍.റഹ്മാന്റെ ബന്ധുവായ എ.എച്ച്.കാഷിഫ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതികയും രാധാമോഹനും ഒന്നിക്കുന്ന ചിത്രമാണ് കാട്രിന്‍ മൊഴി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ