Happy New Year 2019: മോഹന്‍ലാല്‍-സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനു പേരിട്ടു. രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കായ ‘കാപ്പാന്‍’ എന്നാണ് സിനിമയുടെ പേര്. പുതിയ തമിഴ് ചിത്രത്തിന്റെ അപ്പ്‌ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. കൂട്ടത്തില്‍ പുതുവത്സരം ആശംസിക്കാനും താരം മറന്നില്ല.
ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തില്‍ എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ പേര് ഒരു ഫ്ലെക്സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്
“ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ… ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു”, എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.
Read More: മോഹന്‍ലാല്‍ സൂര്യ സിനിമയുടെ ലണ്ടന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
സയേഷയാണ് നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ് സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.
സൂര്യയേയും മോഹൻലാലിനെയും കൂടാതെ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹൻലാൽ. 2014 ൽ വിജയ്ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹൻലാലിന്റെ അവസാന തമിഴ് ചിത്രം.