/indian-express-malayalam/media/media_files/2025/11/14/kaantha-movie-review-rating-dulquer-salmaan-2025-11-14-22-10-57.jpg)
Kaantha Movie Review: കാന്ത റിവ്യൂ
Kaantha Movie Review & Rating: അമ്പതുകളിലെ തമിഴ് സിനിമാ ലോകത്തിന്റെ പശ്ചാത്തലത്തിൽ, ഗുരു-ശിഷ്യ ബന്ധത്തിലെ തീവ്രമായ ഈഗോ ക്ലാഷിൻ്റെയും പ്രതികാരത്തിൻ്റെയും ഒപ്പമൊരു കുറ്റാന്വേഷണത്തിന്റെയും കഥ പറയുന്ന പിരീഡ് ക്രൈം ഡ്രാമ ത്രില്ലർ ആണ് 'കാന്ത'. നവാഗത സംവിധായകൻ സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രം, ദുൽഖർ സൽമാൻ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിട്ടാവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക.
തമിഴ് സിനിമയിലെ ആദ്യ സൂപ്പർതാരമായിരുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതത്തിലെ അജ്ഞാതമായ ഒരു അധ്യായത്തെ ആസ്പദമാക്കിയുള്ള ഒരു ഫിക്ഷണൽ കഥയാണിതെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
കഥയിലേക്ക് വന്നാൽ, 'നടിപ്പിൻ ചക്രവർത്തി' എന്നറിയപ്പെടുന്ന ടി.കെ. മഹാദേവൻ (ദുൽഖർ സൽമാൻ) എന്ന സൂപ്പർതാരവും, മഹാദേവനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ പ്രതിഭാധനനായ സംവിധായകൻ അയ്യയ്യും (സമുദ്രക്കനി) തമ്മിലുള്ള ഏറെ സങ്കീർണ്ണവും ശത്രുത നിറഞ്ഞതുമായ ബന്ധമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സൗഹൃദത്തിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും പഴയകാലം ഇരുവർക്കുമുണ്ടായിരുന്നെങ്കിലും, കരിയറിലെ വളർച്ച അവരെ അഹങ്കാരത്തിൻ്റെയും മാത്സര്യത്തിൻ്റെയും തീവ്രമായ ഏറ്റുമുട്ടലുകളിലേക്കാണ് എത്തിക്കുന്നത്.
Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ
ഇടക്കാലത്ത് മുടങ്ങിപ്പോയ അയ്യയുടെ സ്വപ്ന പദ്ധതിയായ 'ശാന്ത'യുടെ നിർമ്മാണം പുനരാരംഭിക്കുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തിന്റെ പേരിൽ തുടങ്ങി ക്ലൈമാക്സിൽ വരെ അയ്യയ്ക്കും മഹാദേവനുമിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇവരുടെ ഈ പോരിനിടയിൽ പെട്ട് ഒരാൾ കൂടി വലയുന്നുണ്ട്. ഒരിക്കൽ മഹാദേവനെ അയ്യ വളർത്തികൊണ്ടു വന്നതുപോലെ, ഇന്നയാൾ വളർത്താൻ ശ്രമിക്കുന്ന നായിക കുമാരി (ഭാഗ്യശ്രീ ബോർസെ).
Also Read: 'ഈ വരവിന് വട്ടം വെക്കാൻ ഒരുത്തനും ഇന്ന് കളത്തിൽ ഇല്ല'; മമ്മൂട്ടിയുടെ ചിത്രത്തിൽ ആരാധകന്റെ കമന്റ്
അയ്യയോട് അങ്ങേയറ്റം വിശ്വസ്തയാണ് കുമാരി, എന്നാൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ കുമാരിയ്ക്കും മഹാദേവനുമിടയിൽ ശക്തമായൊരു പ്രണയബന്ധം ഉടലെടുക്കുന്നു.​ അതോടെ അയ്യയുമായുള്ള മഹാദേവന്റെ പ്രശ്നം കൂടുതൽ കലുഷിതമാവുന്നു. ആ ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ആദ്യപകുതി വരെ കഥാപാത്രങ്ങളുടെ ഈഗോ ക്ലാഷിലും മനോവിചാരങ്ങളിലുമൊക്കെ ശ്രദ്ധ ചെലുത്തി മുന്നേറുന്ന ചിത്രം, രണ്ടാം പകുതിയിൽ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി മാറുന്നു.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ പ്രകടനങ്ങളിലൊന്നാണ് ടി.കെ. മഹാദേവൻ എന്ന് നിസ്സംശയം പറയാം. ആരാധകലക്ഷങ്ങളുടെ സ്നേഹമേറ്റു വാങ്ങുന്നതോടെ സൂപ്പർസ്റ്റാറായ അയാളിൽ വന്നുചേരുന്ന അഹങ്കാരവും, ദുരൂഹതകളും, ആന്തരിക സംഘർഷങ്ങളുമെല്ലാം ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും ദുൽഖർ അവതരിപ്പിക്കുന്നു. അമ്പതുകളിലെ താരങ്ങളുടെ മാനറിസങ്ങളെ എത്ര അനായാസമായാണ് ദുൽഖർ ഉൾകൊ​ള്ളുന്നതെന്ന് പ്രേക്ഷകർ അന്തംവിട്ടുപോവും.
ദുൽഖർ മാത്രമല്ല, സമുദ്രക്കനിയും ഭാഗ്യശ്രീ ബോർസെയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ ഫീനിക്സ് ആയി റാണാ ദഗ്ഗുബാട്ടിയും രസകരമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറക്കിൾ'
ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോൺ ബുദ്ധിപൂർവ്വം ഉപയോഗിച്ച്, സംവിധായകൻ സെൽവമണി സെൽവരാജ് ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 1950-കളിലെ തമിഴ്നാടിനെയും സിനിമാ സ്റ്റുഡിയോകളെയും ആധികാരികമായും സൂക്ഷ്മതയോടെയും പുനഃസൃഷ്ടിച്ച ആർട്ട് ഡിപ്പാർട്ട്മെന്റ് പ്രത്യേകം കയ്യടി അർഹിക്കുന്നു.
ഡിഒപി ഡാനി സാഞ്ചസ് ലോപ്പസിൻ്റെ ഛായാഗ്രഹണം സിനിമയ്ക്ക് ഒരു മികച്ച റെട്രോ ഫീൽ നൽകുന്നു. വെളിച്ചത്തിൻ്റെയും നിഴലിൻ്റെയും സമർത്ഥമായ ഉപയോഗം എടുത്തുപറയേണ്ടതാണ്. ജെയ്ക്ക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം ചിത്രത്തിന് മികച്ച പിന്തുണ നൽകുന്നു.
അയ്യ-മഹാദേവ പ്രശ്നം പലപ്പോഴും പറഞ്ഞുപോവുന്നുണ്ടെങ്കിലും, അതിനെ അതിന്റെ തീക്ഷ്ണതയോടെ ആവിഷ്കരിക്കുന്നതിൽ തിരക്കഥ പരാജയപ്പെടുന്നു. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, കൂടുതൽ കേന്ദ്രീകൃതമായ ആഖ്യാനവും ശക്തമായ വൈകാരിക തലങ്ങളും ചിത്രത്തിന് കൂടുതൽ ആഴം നൽകുമായിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം ചിത്രം നീട്ടിവലിച്ചുകൊണ്ടുപോയത് തിരക്കഥയിലെ പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാക്കുകയാണ് ചെയ്തത്. ആഖ്യാനത്തിലെ അയഞ്ഞ സമീപനമാണ് പ്രധാന വെല്ലുവിളി.
ദുൽഖർ സൽമാന്റെ കരിയർ ബെസ്റ്റ് പ്രകടനം, ഉജ്ജ്വലമായ ദൃശ്യഭാഷ, സാങ്കേതിക തികവ് എന്നിവയാണ് 'കാന്ത'യുടെ പ്രധാന ആകർഷണങ്ങൾ. എന്നാൽ, കെട്ടുറപ്പില്ലാത്തതും ദൈർഘ്യമേറിയതുമായ തിരക്കഥ ഈ അനുഭവത്തിന് മങ്ങലേൽപ്പിക്കുന്നു. എന്നിരുന്നാലും, ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനം കാണാൻ വേണ്ടി മാത്രം ചിത്രത്തിനു ടിക്കറ്റ് എടുക്കാവുന്നതാണ്.
Also Read: വാപ്പച്ചിയുടെ ലെഗസി കാത്ത് ദുൽഖർ, എന്തൊരു പെർഫോമൻസ്; 'കാന്ത' കണ്ടവർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us