‘പ്രേമത്തിനു കണ്ണില്ല സ്‌നേഹിതാ’ എന്ന ടാഗ് ലൈനോടെയാണ് അപര്‍ണ ബാലമുരളിയും ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘കാമുകി’ തിയേറ്ററുകളില്‍ എത്തിയത്.
‘ഇതിഹാസ’, ‘സ്റ്റൈല്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിനു. എസ് തിരക്കഥയും സംവിധാനവും നിര്‍മ്മിക്കുന്ന കാമുകി ഒരു കോളേജ് ലവ് സ്‌റ്റോറിയാണ്.
വര്‍ഗീസ് മാഷിന്‍റെ (ബൈജു) ഇളയമകള്‍ അച്ചാമ്മ (അപര്‍ണ ബാലമുരളി) ‘തല തെറിച്ചവളും’ മാതാപിതാക്കളെ അനുസരിക്കാത്തവളുമാണ്. പഠനത്തില്‍ ശ്രദ്ധിക്കാത്ത, ജീവിതം ആസ്വദിക്കണം എന്നതിനപ്പുറത്തേക്ക് വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലാത്ത അച്ചാമ്മ എന്ന അച്ചു, വിമന്‍സ് കോളേജില്‍ നിന്നും ബിരുദം നേടിയതിനു ശേഷം കാലടി ശ്രീ ശങ്കര കോളേജില്‍ എംഎസ് ഡബ്ല്യൂ പഠിക്കാന്‍ എത്തുന്നു. സോഷ്യല്‍ വര്‍ക്കിനോടുള്ള താത്പര്യംകൊണ്ടല്ല, മറിച്ച് ഹോസ്റ്റലില്‍ താമസിക്കാനും മിക്‌സഡ് കോളേജില്‍ അടിച്ചു പൊളിക്കാനുമുള്ള ആഗ്രഹമാണ് അച്ചാമ്മയെ അവിടെ എത്തിക്കുന്നത്.
അവിടെ വച്ച് അച്ചാമ്മ ഹരിയെ (അസ്‌കര്‍ അലി) പരിചയപ്പെടുന്നു. ഹരി അന്ധനാണെന്ന് മനസിലാക്കാതെ പല സാഹചര്യങ്ങളിലും അച്ചാമ്മ ഇയാളെ തെറ്റിദ്ധരിക്കുകയും എന്നാല്‍ പിന്നീട് തെറ്റിദ്ധാരണകള്‍ മാറി ഇരുവരും സുഹൃത്തുക്കളാകുകയും, ഒരു പ്രത്യേക അവസരത്തില്‍ അച്ചാമ്മയുടെ ഉള്ളില്‍ ഹരിയോട് പ്രണയം വളരുകയും ചെയ്യുന്നു. ഇവിടുന്നങ്ങോട്ട് അച്ചാമ്മയും സിനിമയും മാറുകയാണ്.
‘കാമുകി’ക്ക് പറയാന്‍ പുതിയതായി ഒന്നുമില്ല. പറഞ്ഞു പഴകിയ കാര്യങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമവുമില്ല.
മലയാള സിനിമ മാറിത്തുടങ്ങിയത് അറിയാതെയാണോ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയുമായി ഇറങ്ങിയത് എന്ന് തോന്നും വിധമാണ് ചിത്രത്തിന്‍റെ പോക്ക്.
അപര്‍ണ ബാലമുരളി എന്ന സ്വാഭാവികതയോടെ അഭിനയിക്കുന്ന നടിയെക്കൊണ്ടു പോലും എന്തൊക്കെയോ കാണിച്ചു കൂട്ടിക്കാനുള്ള ശ്രമം. ആദ്യ സിനിമയിലെ അവരുടെ പ്രകടനം വച്ച് നോക്കിയാല്‍ അപര്‍ണയില്‍ നിന്നും ഇതില്‍ കൂടുതലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം.
കഷ്ടപ്പെട്ടാണ് അസ്‌കര്‍ അലി അഭിനയിക്കുന്നത് എന്ന് തോന്നിപ്പോകും. മുഖഭാവത്തിലും ഡയലോഗ് ഡെലിവറിയിലും വളരെ പ്രയാസപ്പെട്ടിട്ടും വരാത്ത സ്വാഭാവികത. നിറയുന്ന കൃത്രിമത്വം.
താരതമ്യേന ബോറടിപ്പിച്ചില്ലെന്നു പറയാവുന്നത് ‘ട്രാഫിക്’, ‘ആനന്ദം’ തുടങ്ങിയ ചിത്രങ്ങളില്‍ നല്ല പ്രകടനം കാഴ്ച വച്ച റോണി ഡേവിഡ് ചാക്കോയുടെ പ്യൂണ്‍ വേഷമാണ്.
പറഞ്ഞു പറഞ്ഞു, പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മടുത്ത ഒരു നിലവാരവുമില്ലാത്ത തമാശകള്‍ കുത്തിക്കയറ്റി അവിടവിടെ മുഴച്ചു നില്‍ക്കുന്ന ചിത്രം. സ്ത്രീവിരുദ്ധ തമാശകളും, ബോഡി ഷേമിങ്ങുമെല്ലാം ആവശ്യത്തിനു ചേര്‍ത്തിട്ടുണ്ട്. അല്‍പം സ്‌ത്രൈണതയോടെ പെരുമാറുന്ന സംസ്‌കൃതം അധ്യാപകനെ കോമാളിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. അന്ധത ഒരു കുറവല്ല എന്നു പറയാൻ ശ്രമിക്കുന്നതിനിടെ ചിത്രം മനുഷ്യന്റെ മറ്റു ‘കുറവുകളെ’ പരിഹസിക്കാതിരിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.
ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീതം. തുടക്കത്തിലെ ‘കുറുമ്പി’ എന്ന ഗാനം കുറേയൊക്കെ തിയേറ്ററില്‍ ചിരിയുണര്‍ത്തിയിട്ടുണ്ട്. സൗഹൃദത്തെക്കുറിച്ചുള്ള ഗാനവും കൊള്ളാം.
സിനിമ എങ്ങോട്ടാണ് പോകേണ്ടത്? എങ്ങനെയാണ് പോകേണ്ടത്? എന്ന് പലപ്പോഴും സംവിധായകനു തന്നെ എത്തും പിടിയുമില്ല.
കോളേജിലെ ഗുണ്ടാ സംഘം എന്നു തോന്നിപ്പിക്കുന്ന സീനിയേഴ്‌സിന്‍റെ ഒരു ചെറു കൂട്ടത്തെ കോമഡിക്കുവേണ്ടി കൊണ്ടുവന്ന് നിര്‍ത്തിയിട്ടുണ്ട്. സാന്ദര്‍ഭികം പോലുമല്ലാത്ത തമാശകളുടെ പെരുമഴയാണ് ചിത്രം.
മോഹന്‍ലാല്‍ റെഫറന്‍സും ബാഹുബലി റെഫറന്‍സുമൊക്കെ തീയേറ്ററില്‍ വന്നിരുന്നവരെ ചിരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ ഇരുപത് മിനുട്ട് പോകുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല എന്നു കരുതുന്നുണ്ടെങ്കില്‍ കാമുകിക്ക് ടിക്കറ്റെടുക്കാം.