രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വലിയ പ്രസക്തിയാര്‍ജ്ജിച്ചിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കാല’യിലെ പ്രതിപാദ്യ വിഷയങ്ങള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ചൂണ്ടുപകലകള്‍ ആയി കാണുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ തമിഴ്നാട്ടില്‍. ഈ പശ്ചാത്തലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തമിഴ്നാട് പ്രസിഡന്റ്‌ തമിഴിസൈയ്‌ സൗന്ദരരാജന്‍ ‘കാല’ കാണാന്‍ എത്തിയത് തമിഴ് മാധ്യമങ്ങള്‍ക്ക് വലിയ കൗതുകമായി. ചെന്നൈയില്‍ ചിത്രം കാണാന്‍ എത്തിയ തമിഴിസൈയ്‌ സൗന്ദരരാജനോട് മാധ്യമ പ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍ ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ:

“രജനികാന്തിന്റെ ‘കാല’ എന്ന ചിത്രം റിലീസ് ആയിരിക്കുന്നു. എന്നാല്‍ ഒന്ന് കണ്ടു കളയാം എന്ന് കരുതി വന്നതാണ്. ആരാധകരെല്ലാം കാത്തിരിക്കുന്ന ഒരു പ്രധാന ചിത്രമല്ലേ, അത് കണ്ടിരിക്കണം എന്ന് തോന്നി. പ്രണയ ചിത്രങ്ങള്‍, ആട്ടവും പാട്ടും നിറഞ്ഞ ചിത്രങ്ങള്‍ ഇന്നിവയേക്കാളും സാമൂഹിക പ്രസക്തിയോടുള്ള ചിത്രങ്ങളോടാണ് എന്നിക്കെന്നും ആഭിമുഖ്യം. ഇത് അത്തരത്തില്‍ ഒരു ചിത്രമാണ് എന്ന് കേട്ടിട്ടാണ് ‘കാല’ കാണാന്‍ വന്നത്.”

സിനിമ കണ്ടിറിങ്ങിയ തമിഴിസൈയ്‌ സൗന്ദരരാജന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു:

“രാഷ്ട്രീയ ധ്വനികള്‍ ഒന്നും ഞാനീ ചിത്രത്തില്‍ കണ്ടില്ല, ഒരു ചലച്ചിത്രമെന്ന നിലയില്‍ മാത്രമേ ഞാന്‍ കണ്ടുള്ളൂ.”

‘സകല കലാവല്ലഭന്‍’ എന്ന പ്രയോഗം മാറ്റി ഇനി ‘സകല ‘കാലാ’ വല്ലഭന്‍’ എന്ന് വിളിക്കേണ്ടിയിരിക്കുന്നു രജനികാന്തിനെ എന്ന് പരാമര്‍ശിച്ച അവര്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും വെളിപ്പെടുത്തി.

“കറുപ്പില്‍ തുടങ്ങി ഹോളിയിലെ നിറങ്ങളിലാണ് സിനിമ അവസാനിച്ചത്‌. അത് പോലെ എല്ലാ ജീവിതങ്ങളും നിറങ്ങളാല്‍ നിറയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു,” അവര്‍ പറഞ്ഞു.

അതിലെ നീല, ചുവപ്പ് എന്നീ നിറങ്ങള്‍ ഉപയോഗിചിരിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എടുത്തു  ചോദിച്ചപ്പോള്‍ അവയെല്ലാം ഉണ്ടായിരുന്നുവെങ്കിലും താന്‍ കണ്ടത് അവസാനത്തെ നിറക്കൂട്ടുകള്‍ ആയിരുന്നു എന്നും തമിഴിസൈയ്‌ സൗന്ദരരാജന്‍ പറഞ്ഞു.

“രാഷ്ട്രീയം വേറെ, സിനിമ വേറെ. ഒരു സിനിമാ നടനായി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുകയാണ് അദ്ദേഹം. രജനികാന്തിന് മുന്‍പും സിനിമയില്‍ നിന്നും ആളുകള്‍ രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. അതിനെക്കുറിച്ച് നമ്മള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.

രജനികാന്തിന്റെ ആദ്യകാല സിനിമകള്‍ മുതല്‍ തന്നെ നോക്കിയാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ അവയില്‍ കാര്യമായി പ്രതിപാദിക്കപ്പെട്ടിടുണ്ട് എന്ന് കാണാന്‍ കഴിയും.”

തന്റെ സഹോദരന്മാര്‍ (ബി ജെ പി പ്രവര്‍ത്തകര്‍) എല്ലാം ‘കാല’ കാണാന്‍ ആഗ്രഹിച്ചിരുന്നു എന്നും അത് കൊണ്ടും കൂടിയാണ് ചിത്രം കാണാന്‍ എത്തിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഡോക്ടറും കൂടിയായ തമിഴിസൈയ്‌ സൗന്ദരരാജന് നേര്‍ക്ക്‌ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ച തമിഴ് നടി ദേവിയെ ഇന്ന് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൂത്തുകുടിയില്‍ നടന്ന വെടിവയ്പ്പിനെ ന്യായീകരിച്ചു കൊണ്ട് തമിഴിസൈയ്‌ സൗന്ദരരാജന്‍ നടത്തി എന്ന് ആരോപിക്കുന്ന പ്രസ്താവനകളെ വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു ഇരുപത്തിനാലുകാരിയായ മന്‍പാറയ് സ്വദേശി സൂര്യ ദേവി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്. ‘ഹിന്ദു മക്കള്‍ കച്ചി’ എന്ന സംഘടനയുടെ നേതാവ് എന്‍ ആനന്ദ് നല്‍കിയ പരാതിയിന്മേലാണ് ചെന്നൈ പോലീസ് ഈ നടപടി കൈക്കൊണ്ടത്.

തൂത്തുകുടി സ്റ്റെറിലൈറ്റ് വിരുദ്ധ സമരത്തിന് പിന്നില്‍ സാമൂഹ്യ വിരോധികളാണെന്നും ‘പോരാട്ടം, പോരാട്ടം’ എന്ന് പറഞ്ഞു കൊണ്ടിരുന്നാല്‍ തമിഴ്‌നാട് ചുടുകാടാകുമെന്നുമായിരുന്നു രജനി പറഞ്ഞത്. പൊലീസിനെ ആക്രമിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും തൂത്തുകുടി സന്ദര്‍ശിച്ച രജനികാന്ത് കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ വന്‍ വിവാദത്തിലേക്കാണ് സൂപ്പര്‍ താരത്തെ കൊണ്ടു ചെന്നെത്തിച്ചത്. ‘തമിഴക മക്കള്‍ ജനയാക കച്ചി’ ചെന്നൈ പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് താരത്തിന്റെ മാപ്പ് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി.

രജനീകാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനും രംഗത്തെത്തി. രജനി സംസാരിക്കുന്നത് ബിജെപിയും എഐഎഡിഎംകെയും പഠിപ്പിച്ച വാക്കുകകളാണെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. സമരത്തില്‍ സാമൂഹ്യ വിരുദ്ധരുണ്ടായിരുന്നുവെങ്കില്‍ അവരെ രാജ്യത്തിന് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം രജനീകാന്തിനോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ