“ഞാന്‍ രജനി സാറിനോട് പോയി പറഞ്ഞു, ഇന്നത്തെ ഷൂട്ടിങ് നിര്‍ത്താം സര്‍”, എന്ന്. “അത് നന്നായി, അവന് അപകടം പറ്റിയതോര്‍ത്ത് എന്‍റെ മനസ്സു പതറുന്നു ബ്രിന്ദാ” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
‘കാല’ ഗാനചിത്രീകരണത്തിനിടയില്‍ നടന്ന ഒരു സംഭവത്തിനോട് രജനീകാന്ത് ഹൃദയംഗമമായ രീതിയില്‍ പ്രതികരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി കൊറിയോഗ്രാഫര്‍ ബ്രിന്ദാ മാസ്റ്റര്‍. ഇന്ത്യാ ഗ്ലിറ്റ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്രിന്ദാ മാസ്റ്റര്‍ ‘കാല’യുടെ അണിയറയിൽ നടന്ന ഒരു സംഭവം പങ്കുവച്ചത്.
രജനീകാന്ത് അവതരിപ്പിക്കുന്ന കാല കരികാലന്‍ എന്ന കഥാപാത്രവും ഭാര്യയും ഒരു ജീപ്പില്‍ വരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ രജനിയെ അടുത്ത് നിന്ന് കാണാനായി ജീപ്പിനരികിലേക്ക് വന്ന ഒരാളിന്‍റെ കാലില്‍ കൂടി ജീപ്പിന്‍റെ ചക്രം കയറിയിറങ്ങി. കാലിന് അപ്പോള്‍ തന്നെ നീര് വന്നു വീര്‍ത്തു.
ക്രൂ മെംബര്‍മാര്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് അന്നത്തെ ദിവസം ഷൂട്ടിങ് നടന്നില്ല. രജനീകാന്തിനെ ഈ വിഷയം സാരമായി ബാധിച്ചു. അത് മനസ്സിലാക്കിയ ബ്രിന്ദാ മാസ്റ്റര്‍ ഇന്നിനി ഷൂട്ട് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
പിന്നീട് പരുക്കേറ്റയാളുടെ കൂടെ തന്നെ നിന്ന് അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തുവത്രേ രജനി. സഹജീവികളോടുള്ള രജനീകാന്തിന്റെ സ്നേഹവും കരുണയും വെളിവായ സന്ദര്‍ഭമാണിതെന്നും ബ്രിന്ദാ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
‘കാല’യിലെ ‘കണ്ണമ്മാ’, ‘തങ്കചിലൈ’, ‘ഒത്തത്തല രാവണാ’എന്നീ മൂന്ന് ഗാനങ്ങള്‍ക്കാണ് ബ്രിന്ദാ മാസ്റ്റര്‍ നൃത്തച്ചുവടുകള്‍ ഒരുക്കിയത്. ഇതില്‍ ‘കണ്ണമ്മാ’ എന്നത് ഒരു ‘മോണ്ടാജ്’ ഗാനമാണ് എന്നും ‘ഒത്തത്തല രാവണാ’ എന്നത് ആക്ഷന്‍ സംവിധായകന്‍ ദിലീപുമായി ചേര്‍ന്നൊരുക്കിയ ഒരു ക്ലൈമാക്സ് ഗാനമാണ് എന്നും ബ്രിന്ദാ മാസ്റ്റര്‍ ഇന്ത്യാ ഗ്ലിറ്റ്സിനോട് വെളിപ്പെടുത്തി. നായകന്‍ മദ്യപിച്ച് എത്തുന്ന ‘തങ്കചിലൈ’ എന്ന ഗാനം ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.
ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ ‘കാല’ നാളെ തിയേറ്ററുകളില്‍ എത്തും. തീവ്ര കന്നഡ അനുകൂലികളാണ് സിനിമ റിലീസിനെതിരെ രംഗത്തെത്തിയത്. കാവേരി പ്രശ്‌നത്തിൽ രജനീകാന്ത് കർണാടകയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് സംരക്ഷണം നൽകണമെന്ന് രജനീകാന്ത് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോട് അഭ്യർത്ഥിച്ചിരുന്നു.
സിനിമയുടെ നിർമ്മാതാക്കൾ കർണാടക ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കർണാടകയിൽ സിനിമ റിലീസ് ചെയ്യുന്നതിന് എല്ലാ വിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്‌തു. കോടതിയുടെ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടായിരത്തോളം തിയേറ്ററുകളിലാണ് രജനീകാന്ത് ചിത്രം കാല നാളെ റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തലൈവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
രജനികാന്തിന്റെ മകളുടെ ഭര്‍ത്താവും നടനുമായ ധനുഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പാ രഞ്ജിത്ത് ആണ് സംവിധാനം. ‘കബാലി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജനിയും രഞ്ജിത്തും ഒന്നിക്കുന്ന ഈ ചിത്രം മുംബൈയിലെ അധോലോകത്തില്‍ കൊടികുത്തി വാണ കാലാകരികാലന്‍ എന്ന തമിഴന്റെ ജീവിതമാണ് പ്രതിപാദിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.