പാ രഞ്ജിത് എന്ന സംവിധായകൻ തമിഴ് സിനിമയിൽ സൃഷ്ടിക്കുന്നത് സമൂഹത്തിലെ രാഷ്ട്രീയ രൂപകങ്ങൾ കൂടെയാണ്. ബ്രാഹ്മണിക്കൽ കാഴ്ചപ്പാടുകളുടെയും മൂലധന താൽപര്യങ്ങളുടെയും മേഖലയായ വാണിജ്യ സിനിമയില്‍ അതിന് സമാന്തരമായിത്തന്നെ അടിച്ചമർത്തപ്പെടുന്നവരുടെ ലോകത്തെയും അവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയ ധാരയെയും ഇഴ ചേർത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തായ് വേരുളള തമിഴ് മണ്ണിൽ അംബേ്ദകറൈറ്റ് രാഷ്ട്രീയത്തെ വായിച്ചെടുക്കുകയാണ് പാ രഞ്ജിത്ത് തന്റെ ചിത്രങ്ങളിലൂടെ. രാഷ്ട്രീയത്തെ സിനിമയിലേയ്ക്ക് പരാവർത്തനം ചെയ്യുമ്പോൾ അതിലെ സൗന്ദര്യാത്മകത ചോര്‍ന്നു പോകാതെ സൂക്ഷിക്കാനുള്ള പാടവവും ഈ യുവ സംവിധായകനുണ്ട്.
തന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ‘കാല’യിലും തന്റെ നിലപാടുകളെ ഊട്ടിയുറപ്പിക്കുന്നത്തിലാണ് പാ രജ്ഞിത് ശ്രദ്ധയൂന്നിയിട്ടുള്ളത്.
അടിസ്ഥാന ജനവിഭാഗങ്ങളെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ നിന്നും അകറ്റിക്കൊണ്ട് തെരുവുകളിലേക്കും ചേരികളിലേക്കും, ചേരികളുടെ അരികുകളിലേക്കും ഞെരുക്കി, ശ്വാസം മുട്ടിക്കുന്ന ജീവിതരീതികളെ പരിശീലിപ്പിച്ചെടുക്കുന്ന സമ്പന്ന-വരേണ്യ തന്ത്രങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് ‘കാല’ എന്ന ചിത്രം ചുരുളഴിയുന്നത്. ഭൂമി അധികാരമാണെന്നും ഭൂമിയില്ലാത്തവർ ഈ രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ഘടനകളിലൊന്നും തന്നെ പങ്കാളിത്തമില്ലാതെ മാറ്റി നിർത്തപ്പെടുകയാണെന്നുമുള്ള യാഥാർത്ഥ്യം വിളിച്ചു പറയുകയാണ് പാ രഞ്ജിത്തും സിനിമയും. നിലവിൽ ഇതു വരെ കണ്ട വികസനവും പുരോഗതിയും സാധാരണക്കാരുടെ ജീവിത സാഹചര്യത്തിന് യാതൊരു മാറ്റവും വരുത്തുകയില്ലെന്നും, ആകെയുള്ള കിടപ്പാടവും തൊഴിലിടവും കൂടി നഷ്ടപ്പെടുകയേ ഉള്ളൂ എന്ന മുൻകാല അനുഭവങ്ങളുടേയും വെളിച്ചത്തിൽ നിന്നു കൊണ്ടാണ് ധാരാവിയിലെ ഡോബി (അലക്ക്) ജോലി ചെയ്ത് ജീവിക്കുന്നവർ പോരാട്ടത്തിനിറങ്ങുന്നത്.
ഭരണകൂടവും കോർപ്പറേറ്റുകളും ഒരുമിച്ച് കൈകോർത്തു പിടിക്കുന്നത് രാജ്യത്തെ പുത്തൻ രാഷ്ട്രീയ സാഹചര്യങ്ങളുടെ നേർകാഴ്ച്ചയായി അനുഭവപ്പെടുത്തുന്നുണ്ട് സിനിമ.
ഇതിനെ മറികടക്കുന്നതിന് അംബേദ്കർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങളെ കൊണ്ട് സാധിക്കും എന്ന് സിനിമ അടിവരയിടുന്നത് അംബേദ്കറെ വായിച്ചിട്ടുള്ളവർക്ക് എളുപ്പം മനസ്സിലാകും. തന്റെ മുൻ ചിത്രങ്ങളായ ‘അട്ടകത്തിയി’ലും ‘മദ്രാസി’ലും ‘കബാലി’യിലും രഞ്ജിത്ത് ദലിത് രാഷ്ട്രീയം പറഞ്ഞത് പരോക്ഷമായിട്ടായിരുന്നുവെങ്കില്‍ ‘കാല’യിലേക്കെത്തുമ്പോഴേക്കും അത് പ്രത്യക്ഷമായും വെട്ടിത്തുറന്നും പറയുന്നുണ്ട്.
സൂപ്പര്‍ താര പരിവേഷം അഴിച്ചു വച്ച് രജനികാന്ത് നടനായി മാറുന്നത് വളരെക്കാലം കൂടി കാണിച്ചു തന്ന ഒരു ചിത്രം കൂടിയാണ് ‘കാല’. സംവിധായകന്റെ ആശയങ്ങള്‍ ഏറ്റുവാങ്ങുന്ന പാത്രമായി രജനികാന്ത് അനായാസം പരിണമിച്ചു. രജനിയുടെ സ്റ്റൈല്‍, ആക്ഷന്‍, നൃത്തം എന്നീ ഒഴിവാക്കാന്‍ പറ്റാത്ത നിര്‍ബന്ധിത ഫാന്‍ ചേരുവകള്‍ മാറ്റി നിര്‍ത്തിയാല്‍, താന്‍ മനസ്സില്‍ കണ്ട കഥാപാത്രത്തെ തനിമ ചോരാതെ രജനിയില്‍ പകര്‍ത്തിയെടുത്തിട്ടുണ്ട് സംവിധായകന്‍. രജനികാന്ത് എന്ന പ്രതിഭാസത്തില്‍ നിന്നും മുക്തനായ നടന്‍, ഇനി വേണ്ടി വരില്ല എന്ന് കരുതി മാറ്റി വച്ച തന്റെ അഭിനയത്തിന്റെ ഉപകരണങ്ങള്‍ പൊടി തട്ടിയെടുക്കുന്നത് ‘കാല’യില്‍ കാണാം.
ധാരാവി അടക്കി വാഴുന്ന ‘കാല’ അവിടുത്തെ ജനങ്ങളുടെ വീരപുരുഷനാണ്. എങ്കിലും സ്വകാര്യ ജീവിതത്തിൽ ദുർബല ചാപല്യങ്ങളൊക്കെയുള്ള ഒരു സാധാരണക്കാരനുമാണ്. കഥാപാത്രത്തിന്റെ ഈ ചുവട് മാറ്റം അതീവ രസകരമായാണ് രജനി അവതരിപ്പിച്ചിട്ടുള്ളത്. രജനികാന്തിന്റെ സ്വത സിദ്ധമായ ‘ഇന്നസെന്‍സ്’, ‘ഹ്യൂമര്‍’ എന്നിവ ധാരാവിയുടെ രാജാവിനെ ‘ക്യൂട്ട്’ ആക്കി മാറ്റുന്നുണ്ട് പലപ്പോഴും. ദലിതനും മുസല്‍മാനുമായ ‘കാല’ ധാരവിയെ പരിഷ്കരിച്ച് വികസിപ്പിക്കാന്‍ എത്തുന്നവരോട് തന്റെ ന്യായങ്ങള്‍ നിരത്തുന്നുണ്ട്, അവര്‍ ചെവിക്കൊള്ളുന്നില്ലെങ്കിലും.
നായകന്‍ ‘കാല’യാണെങ്കില്‍ പ്രതിനായകന്‍ ‘വെള്ള’യിലാണ് അവതരിക്കുന്നത്. വേഷം മാത്രമല്ല, വില്ലന്റെ വീട് മുഴുവന്‍ വെള്ളയാണ്.
നാനാ പടേക്കറാണ് ഹരി ഭായ് എന്ന കഥാപാത്രത്തമായി എത്തുന്നത്. ‘ബംബായ് നമ്മുടേതായിരുന്നു, ബോംബെയും നമ്മുടേത് തന്നെ, ഇനി മുംബൈ കൂടി നമ്മുടേതാകണം’ എന്ന ലക്ഷ്യമാണ് ഹരി ഭായ്ക്കുള്ളത്. ആ വെളുപ്പിന്റെ ലോകത്തേക്കാണ് ഒരു കറുത്ത പൊട്ടായി ‘കാല’ എത്തുന്നത്. ഹിന്ദി കലര്‍ന്ന തമിഴ് സംസാരിച്ചു കൊണ്ട് നാനാ പടേക്കർ ഭാഷയ്ക്കതീതമായ തന്റെ പ്രതിഭയുടെ നിഴലാട്ടങ്ങള്‍ ‘കാല’യില്‍ കാണിച്ചു തന്നു. പരുക്കന്‍ ശബ്ദത്തെ സൗമ്യത നിറഞ്ഞ ഭാവ പ്രകടനം കൊണ്ട് ചെത്തി മിനുക്കി, അലസമായ നടപ്പിൽ പോലും അധികാരം പ്രസരിപ്പിച്ച് അദ്ദേഹം ‘കാല’യെ വെല്ലുവിളിക്കുന്നു.
സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കരണമാണ് ‘കാല’യിലെ എടുത്തു പറയേണ്ട മറ്റൊരു വിഷയം. പുരുഷനോടൊപ്പം പോരാട്ടത്തിൽ അണി ചേരുകയും അവനെ ഭരിക്കേണ്ടിടത്ത് അത് ചെയ്തും ഒപ്പത്തിനൊപ്പം നിൽക്കുന്ന ദ്രാവിഡ സ്ത്രീകളെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല തെന്നിന്ത്യന്‍ സിനിമയില്‍.
അത് കാണിച്ചു തരുന്നു പാ രഞ്ജിത്ത്. സിനിമ പറയുന്ന പ്രണയവും വേറിട്ടത് തന്നെ. എല്ലാ കഥാപാത്രങ്ങളും പ്രണയത്തിന്റെയോ നഷ്ടപ്രണയത്തിന്റെയോ ഒക്കെ വളപ്പൊട്ടുകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. വിവാഹ പന്തലില്‍ വച്ച് കാമുകനെ പിരിയേണ്ടി വന്ന സറീനയും, കത്തിയമര്‍ന്ന വീടിനുള്ളില്‍ നിന്നും മരിച്ചു പോയ ഭാര്യയുടെ കത്തിത്തീര്‍ന്ന ഫോട്ടോ എടുത്തു വിലപിക്കുന്ന സമുദ്രക്കനിയുടെ കഥാപാത്രവുമെല്ലാം കാണിച്ചു തന്നു കൊണ്ട് രഞ്ജിത്ത് പറയാതെ പറയുന്നത് അവര്‍ നടത്തുന്ന പോരാട്ടത്തില്‍ പ്രണയം പകരുന്ന ശക്തിയെക്കുറിച്ചും കൂടിയാണ്. ദാരുണമായി കൊല്ലപ്പെട്ട മകന്റെ വിയോഗത്തില്‍ പതറുന്ന ‘കാല’യോട് മകന്റെ ഭാര്യ പറയുന്നുണ്ട്, ‘പോരാട്ടം തുടരൂ, അല്ലെങ്കില്‍ മരിച്ചയാള്‍ക്ക് സങ്കടമാകും’ എന്ന്.
‘കാല’ കരികാലന്റെ ഭാര്യ സെൽവിയെ അവതരിപ്പിച്ച ഈശ്വരി റാവു ശ്രദ്ധേയയാകുന്നത് കേവലം കഥാപാത്രമായി മാത്രമായല്ല, വരേണ്യ സ്ത്രീ വിരുദ്ധ ചിഹ്നങ്ങളേയും നടപ്പു രീതികളേയും വെല്ലുവിളിക്കുകയും കൂടി ചെയ്തു കൊണ്ടാണ്. ആണധികാരങ്ങൾക്ക് മുൻപിൽ ചൂളിപ്പോകുന്ന പെണ്ണല്ല, അവസാന ശ്വാസത്തിലും ചെറുത്തു നിൽക്കുന്ന ധീരയായ കഥാപാത്രമാണ് അഞ്ജലി പാട്ടീലിന്റെ പുയൽ.
മറാത്തിയായ അവളുടെ ശരിക്കുള്ള പേര് പോലും സംവിധായകന്‍ നമുക്ക് പറഞ്ഞു തരുന്നില്ല സിനിമയില്‍. അവള്‍ പ്രതിനിധാനം ചെയ്യുന്ന ശക്തിയുടെ പേരാണ് അവള്‍ക്ക്. ‘പുയല്‍’ എന്നാല്‍ കൊടുങ്കാറ്റ് എന്നര്‍ത്ഥം.
കറുപ്പിനെ അപശകുനമായും ദുരന്ത സൂചകമായും കാണുന്ന പൊതുബോധത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് കറുപ്പിന്റെ രാഷ്ട്രീയത്തെ ചുവടുറപ്പിച്ചു നിർത്തുകയാണ് സംവിധായകൻ. വിദ്യാഭ്യാസം തലമുറകളുടെ വികാസത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന് കരികാലൻ പറയുമ്പോൾ സാക്ഷാൽ അംബേദ്കറെ തന്നെയാണ് ഓർമ്മ വരിക. കത്തിയെരിഞ്ഞിട്ടും അവശേഷിക്കുന്ന ബുദ്ധകേന്ദ്രത്തിന്റെ ഫലകവും ശ്രദ്ധ കൊടുത്തു കൊണ്ട് തന്നെ തെരുവിലെ ചുമരുകളിലെ ചിത്രങ്ങളായി പതിച്ച പെരിയാറും ഫൂലെയും അംബേദ്കറും പലതും പറയാതെ പറയുന്നുണ്ട് ചിത്രത്തില്‍.
ഗംഭീര ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും ധാരാവിയെ ലങ്കയായും കരികാലനെ രാവണനായും സിംബോളിക്കായി അവതരിപ്പിച്ചിരിക്കുന്നു. ലങ്കാദഹനവും ഘോരയുദ്ധവും രാമായണപാരായണത്തിന്റെ പശ്ചാത്തലത്തിൽ കാണുമ്പോൾ അതു വരെ കണ്ടതും കേട്ടതുമെല്ലാം കീഴ്മേൽ മറിയുകയാണ്. മരണത്തെ ജയിച്ചെത്തുന്ന ലങ്കേശ്വരനും ലങ്കയും കറുപ്പിനാൽ ലോകത്തിന്റെ അഴുക്കിനെ കഴുകിക്കളയുന്നു. കറുപ്പ് ചുവപ്പിലേക്കും ചുവപ്പ് നീലയിലേക്കും പടരുന്നു. അതോടെ ലങ്ക മാത്രമല്ല ബ്രഹ്മാണ്ഡമൊന്നാകെ നീലയിൽ ലയിച്ച് അലിഞ്ഞ് ചേരുന്നു.
ക്ലൈമാക്സിലെ ഈ ‘സബ്വേര്‍ട്ടിംഗ്’ ആണ് ‘കാല’യുടെ ഹൈപോയിന്റ്. ചിത്രത്തെ തന്റെ വിശ്വാസപ്രമാണങ്ങളുടെ ആഴങ്ങളിലേക്ക് സംവിധായകന്‍ കൊണ്ട് പോകുന്നതും ഇവിടെത്തന്നെ.