Kaala Movie Review: ‘കാല’ – ഇതൊരു രജനീകാന്ത് ചിത്രമല്ല, മറിച്ച് രജനീകാന്ത് അഭിനയിക്കുന്ന ഒരു പാ രഞ്ജിത്ത് ചിത്രമാണ്. സൂപ്പര്‍സ്റ്റാര്‍ ഇല്ല എന്നത് ശ്രദ്ധിക്കണം. പാ രഞ്ജിത്ത് തുടക്കം മുതലേ ഊന്നി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെ. ഇത്രയും ലളിതമായ ഒരു ഇന്റ്രോ സീന്‍ രജനിയ്ക്ക് ഉണ്ടാകുന്നത് കാലങ്ങള്‍ക്ക് ശേഷമാണ്. ചേരിയിലെ കുട്ടികളുമായി ക്രിക്കറ്റ്‌ കളിക്കുന്ന രജനികാന്താണ് ഇന്റ്രോ സീനില്‍.

രജനി ഒരു സിക്സ് അടിക്കുന്നതാവും അടുത്തത് എന്ന് കരുതിയാല്‍ തെറ്റി. മിഡില്‍ സ്റ്റംപ് തെറിക്കുന്നതാണ് പിന്നത്തെ കാഴ്‌ച. അമ്പയര്‍ ആയ വള്ളിയപ്പനോട് (സമുദ്രക്കനി) ‘നോ ബാള്‍’ അപ്പീല്‍ ചോദിക്കുന്നുണ്ട് രജനിയുടെ കഥാപാത്രം. പക്ഷേ വള്ളിയപ്പന്‍ പറയുന്നു ‘വൈഡ്‌’ എന്ന്.

ഈ സീനില്‍ മുഴുവന്‍ രജനിയുടെ മുഖത്ത് തെളിയുന്ന ഒരു ചെറുപുഞ്ചിരിയുണ്ട്. അത് കാണുമ്പോള്‍ പ്രേക്ഷകന് മനസ്സിലാക്കാവുന്നതേയുള്ളൂ, തിരയില്‍ വരാന്‍ പോകുന്നത് സൂപ്പര്‍ സ്റ്റാര്‍ അല്ല, രജനീകാന്ത് എന്ന നടനാണ്‌ എന്ന്. എണ്‍പതുകളിലെ സിനിമകളില്‍ കണ്ടു പരിചയിച്ച നടന്‍, പിന്നീട് താര പരിവേഷത്തില്‍ പൊതിഞ്ഞ് വലിയ ഉയരങ്ങളില്‍ നമ്മള്‍ കൊണ്ട് വച്ച, തിരയിലെ പ്രഭാവം കൊണ്ട് മനസ്സുകള്‍ കീഴടക്കിയ ആ പഴയ നടന്‍.

എന്ന് പറയുമ്പോള്‍ രജനി സിനിമാ മുഖമുദ്രകളായ സ്ലോ മോഷന്‍ നടപ്പുകള്‍, 360 ഡിഗ്രി ഷോട്ടുകള്‍, ക്ലോസപ്പുകള്‍ എന്നിങ്ങനെ രജനി ഫാന്‍സിനെ കോള്‍മയിര്‍ കൊള്ളിക്കുന്ന രംഗങ്ങള്‍ തീര്‍ത്തും ഇല്ല എന്നും കരുതരുത്.

എന്നിരുന്നാലും തീര്‍ത്തും പ്രിയങ്കരമായ രീതിയില്‍ രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാറിനെ മനുഷ്യനാക്കി മാറ്റിയിരിക്കുകയാണ് പാ രഞ്ജിത്ത്. പതിവ് താര ചിത്രങ്ങളില്‍ കാണുന്നത് പോലെ പ്രധാന കഥാപാത്രത്തിന്റെ തണലില്‍ പൊട്ടി മുളച്ച് കഴിഞ്ഞു കൂടുന്ന വെറും കൂണുകള്‍ അല്ല ‘കാല’യിലെ മറ്റു കഥാപാത്രങ്ങള്‍. വ്യക്തിത്വമുള്ള, തിരിച്ചടിക്കുന്ന, ചിലപ്പോള്‍ രജനീകാന്തിനെ കളിയാക്കുന്ന കഥാപാത്രങ്ങളാണ് അവര്‍.

രജനി പരിവേഷത്തിനപ്പുറത്ത്, ഈ മനുഷ്യ ബന്ധങ്ങളെ അതിന്റെ തന്മയത്വം ചോരാതെ രേഖപ്പെടുത്തുന്നതില്‍ സിനിമ ശ്രദ്ധിച്ചു എന്നത് പ്രസക്തമാണ്. രജനിയ്ക്ക് വയസ്സായി, ആക്ഷന്‍ രംഗങ്ങളില്‍ അതറിയാനുമുണ്ട്; ക്യാമറ അത് മറച്ചു പിടിക്കാന്‍ ആവുന്നത് ശ്രമിക്കുന്നുണ്ട് എങ്കിലും. ദൈവതുല്യമായ രജനി കഥാപാത്രങ്ങളെ കണ്ടു വളര്‍ന്ന ഒരു തലമുറയ്ക്ക് ‘കാല’ എന്ന മനുഷ്യനെ കാണുന്നത് വലിയ ആശ്വാസം പകരും തീര്‍ച്ച.

മുന്‍കാല രജനി ചിത്രങ്ങളിലെപ്പോലെ ആജ്ഞാനുവര്‍ത്തികളില്‍ നിന്നും പാടേ വ്യത്യസ്‌തരാണ് ‘കാല’യിലെ പെണ്ണുങ്ങളും. കരികാലന്‍-സെല്‍വി (ഈശ്വരി റാവു) ബന്ധത്തിന് കുറച്ചു കൂടി സമയം അനുവദിക്കാമായിരുന്നു സംവിധായകന് എന്ന തോന്നലുണ്ടാക്കും വിധം മനോഹരമാണത്. സന്തോഷകരമായ ദാമ്പത്യത്തിലാണെങ്കിലും പഴയ കാമുകി (ഹുമാ ഖുറേഷി) സറീനയെക്കാണുമ്പോള്‍ ഇപ്പോഴും ചങ്കിടിക്കാറുണ്ട് കാലയ്ക്ക്. പക്ഷേ നടക്കാതെ പോയ ഒരു ബന്ധത്തിന്റെ സാധ്യതകളില്‍ പെട്ടുഴറാന്‍ മാത്രം ബുദ്ധിയില്ലാത്തവനുമല്ല കാല. ഭര്‍ത്താവിനെ പൂര്‍ണ്ണമായും മനസ്സിലാക്കുകയും അദ്ദേഹം എങ്ങനെയാണോ അങ്ങനെത്തന്നെ സ്വീകരിക്കുകയും ചെയ്യുന്ന ഭാര്യയാണ് സെല്‍വി. ശരീരത്തിലെ പഴയ കാമുകിയുടെ ടാടൂ ഉള്‍പ്പടെ. രജനി-ഈശ്വരി എന്നിവരുടെ കെമിസ്ട്രി അതിമനോഹരമാണ്. പ്രണയം സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ചെറുപ്പക്കാരുടെ തന്നെ വേണമെന്നില്ല എന്നും കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്‌ ഈ രഞ്ജിത്ത് ചിത്രം.

സറീനയും സെല്‍വിയും ‘കാല’യുടെ ഡ്രാമാറ്റിക്ക് മുതല്‍ക്കൂട്ടുകള്‍ മാത്രമല്ല. രണ്ടു പേരും ശക്തരാണ്, കാലയുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നവരും കൂടിയാണ്. ലിംഗ സമത്വത്തെക്കുറിച്ചുള്ള ചില ‘ഈസ്റ്റര്‍ എഗ്ഗ് മോമെന്റ്റ്‌സ്’ (പരോക്ഷമായി, പൊതിഞ്ഞ് കെട്ടി ആലങ്കാരികമായി ആശയങ്ങള്‍ പറയുന്ന രീതിയെയാണ് സിനിമാ ദൃശ്യ സമ്പ്രദായത്തില്‍ ഈസ്റ്റര്‍ എഗ്ഗ് എന്ന് പറയുന്നത് ) ചിത്രത്തില്‍ അവിടവിടെ കാണാം.

ഒരു പ്രതിഷേധം നടക്കുന്നതിനിടെ പൊലീസ് ഒരു പെണ്‍കുട്ടിയുടെ പാന്റ് അഴിക്കുന്നുണ്ട്. താഴെ വീണു കിടക്കുന്ന ഒരു ലാത്തിയെടുത്ത് അവളെ അപമാനിച്ചവര്‍ക്ക് നേരെയോങ്ങുന്നുണ്ട് അവള്‍.

ലിംഗ നീതിയുടെ ഏറ്റവും ശക്തമായ ഒരു മുദ്രാവാക്യം സിനിമ അവിടെ ഉയര്‍ത്തിപ്പിടിച്ചതായി തോന്നി. ഇത് പോലെയുള്ള വിപ്ലവാത്മകമായ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ‘കാല’. ചില സമയത്തെങ്കിലും നില തെറ്റുന്ന സിനിമയുടെ ഒഴുക്കുകളെ പിടിച്ചു നിര്‍ത്തുന്നതും ഇത്തരം നിമിഷങ്ങളാണ്.

‘സിമ്പോളിസം’ (പ്രതീകാത്മകത) കൊണ്ട് നിറഞ്ഞതാണ്‌ ‘കാല’. നീല (അംബേദ്‌കര്‍ നിറം), കറുപ്പ് (പ്രതിഷേധത്തിന്റെ നിറം), ചുവപ്പ് (വിപ്ലവത്തിന്റെ നിറം) എന്നിവ നിറഞ്ഞതാണ്‌ ചിത്രത്തിലെ ഫ്രെയിമുകള്‍. രജനിയുടെ കുപ്പായങ്ങളുടെ നിറങ്ങളും ഇത് തന്നെ. ക്ലൈമാക്സ് സീക്വെന്‍സ് കാണേണ്ടത് തന്നെയാണ്. പുരാണ റഫറന്‍സുകളും കണ്ണില്‍ പെടാതെ പോകില്ല. രഞ്ജിത്തിന്റെ രാമ-രാവണ യുദ്ധം, ആനന്ദ്‌ നീലകണ്ഠന്‍റെ ‘അസുര-ദി ടേല്‍ ഓഫ് ദി വാന്‍ക്വിഷ്ഡ്‌’ എന്ന പുസ്തകത്തെ ഓര്‍മ്മിപ്പിച്ചു. പുരാണ റഫറന്‍സുകളെ ഇന്നത്തെ പണക്കാരുടേയും, കാവിയണിഞ്ഞവരുടേയും വളര്‍ന്നു വരുന്ന ആധിപത്യത്തിലേക്ക് ‘ജക്സ്റ്റപോസ്’ ചെയ്തത് മനഃപൂര്‍വ്വമാകില്ല എന്നതും അതിന്റെ സാമൂഹിക പ്രസക്തി കൂട്ടുന്നു.

ഒരു പ്രതിഷേധം ‘ഇൻഫിൽറ്റ്റേറ്റ്’ ചെയ്യപ്പെടുകയാണ്. അതിനോടൊപ്പം വരുന്ന സോഷ്യല്‍ മീഡിയ ഇടപെടലുകള്‍. ഇത്രയും സത്യസന്ധമായ ഒരു രേഖപ്പെടുത്തല്‍, ശരിക്കുള്ള സംഭവം നടക്കുന്നതിന് എത്രയോ മുന്‍പ് തന്നെ രഞ്ജിത്ത് എഴുതി എന്നത് അത്ഭുതം തന്നെ. സ്ക്രീനില്‍ സമയം കുറവാണെങ്കിലും നാനാ പാടേക്കര്‍ സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രതിനായകനായി തന്റെ സാന്നിദ്ധ്യമറിയിച്ചു. അദ്ദേഹം സ്ക്രീനില്‍ വരുമ്പോള്‍ കേള്‍ക്കുന്ന പശ്ചാത്തലസംഗീതം ഒന്ന് മതി, സന്തോഷ്‌ നാരായണന്‍ എന്ന സംഗീത സംവിധായകന്‍ ഏതു ഉയരങ്ങളില്‍ എത്തും എന്ന് ഊഹിക്കാന്‍. ഭക്തി സംഗീതമാണ് ഒരു ‘ഡാര്‍ക്ക്‌’ ഈണമായി അദ്ദേഹം ഈ രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. കല രാഷ്ട്രീയം തന്നെ എന്ന രഞ്ജിത്തിന്റെ ആശയയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ‘കാല’യുടെ സംഗീതവും.

‘കാല’ എന്ന ചിത്രം ഒരു ഗുണ്ടാനേതാവിനെക്കുറിച്ചല്ല, മറിച്ച് ഒരു വിപ്ലവത്തെക്കുറിച്ചാണ്.

തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നും തെല്ലും വ്യതിചലിക്കാതെയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കബാലി’യില്‍ കണ്ടതെല്ലാം കുറച്ചു കൂടി സ്‌പഷ്ടമായും മനോഹരമായും കാണാം ‘കാല’യില്‍. രഞ്ജിത്ത് എന്ന ശബ്ദമാണ് രജനി എന്ന ശബ്ദത്തെക്കാളും സിനിമയില്‍ മുഴങ്ങുന്നത്. ചെറുപ്പക്കാരനും തുടക്കക്കാരനുമായ ഒരു സംവിധായകന് തന്നെ സമര്‍പ്പിക്കാന്‍ രജനി കാണിച്ച ആറ്റിറ്റ്യൂഡ്‌ പ്രശംസനീയം തന്നെ. ‘കബാലി’യില്‍ രഞ്ജിത്ത് ഒരു ‘രജനീകാന്ത് ചിത്ര’മെടുക്കാനാണ് ശ്രമിച്ചത്. അവിടെ നിന്നും ‘ഒരു രഞ്ജിത്ത് ചിത്രത്തില്‍ രജനീകാന്ത് വേഷമിട്ടു’ എന്ന് പറയാവുന്ന സാഹചര്യമാണ് ‘കാല’ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ