രജനീകാന്ത് ചിത്രങ്ങള്‍ക്കെല്ലാം തന്നെ സിനിമ പ്രേമികള്‍ നല്‍കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളൂവെങ്കിലും ഈ സിനിമകള്‍ക്കെല്ലാം തന്നെ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. പുതിയ ചിത്രമായ കാലയ്‌ക്കു വേണ്ടി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കബാലിക്കു ശേഷമിറങ്ങുന്ന രജനി ചിത്രമെന്ന നിലയിലാണ് കാലയില്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയരുന്നത്. കബാലി പോലെ മാസും ക്ലാസും ചേര്‍ന്നൊരു രജനി ചിത്രമാണ് കാലയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Rajanikanth, Kaala

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാലയുടെ ആദ്യ നിരൂപണം പുറത്തുവന്നു. ബ്രിട്ടന്‍-യുഎഇ സെന്‍സര്‍ബോര്‍ഡുകളില്‍ അംഗമായ ഉമൈര്‍ സന്ദുവാണ് റിവ്യു തയ്യാറാക്കിയത്. ഇത്രയും സ്റ്റൈലിഷായി രജനീകാന്ത് മുമ്പെങ്ങും സ്ക്രീനില്‍ തെളിഞ്ഞിട്ടില്ലെന്നാണ് സന്ദുവിന്റെ നിരീക്ഷണം. കാണികളുടെ മാറി വരുന്ന കഥാസ്വാദന തലത്തെ പരിഗണിച്ചും രജിയുടെ സൂപ്പര്‍സ്റ്റാര്‍ പദത്തെ അവഗണിക്കാതേയും കൃത്യമായ ബാലന്‍സോടെയുളള പാ രഞ്ജിത്തിന്റെ കൈവഴക്കം ശ്രദ്ധേയമാണെന്ന് സന്ദു അഭിപ്രായപ്പെടുന്നു. രജനീകാന്തിന്റെ അമാനുഷിക പ്രകടനങ്ങളിൽ മാത്രമൊതുങ്ങുന്ന മാസ് മസാല സിനിമയല്ല കാലയെന്ന് ചുരുക്കം.

രജനിയുടെ മിക്ക ചിത്രങ്ങളിലും എന്ന പോലെ ഒരു ഹീറോയെ കേന്ദ്രീകരിച്ച് തന്നെയാണ് ചിത്രവും മുന്നോട്ട് പോകുന്നത്. ധാരാവിയുടെ ഗോഡ്ഫാദര്‍’ എന്നറിയപ്പെടുന്ന തിരവിയം നാടാറുടെ ജീവിതമാണ് കാലാ എന്ന ചിത്രമായത്. മറ്റ് ഫ്രെയിം കാഴ്‌ചകളെ നിഷ്‌പ്രഭമാക്കുന്ന രജനിയുടെ രംഗസാന്നിധ്യം ചിത്രത്തിന് മുതല്‍കൂട്ടാവുന്നു. തമിഴ് സിനിമ കണ്ടിട്ടുളള ഏറ്റവും മികച്ച സാങ്കേതിക തികവോടെയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ദൃശ്യാവിഷ്കാരവും എന്ന് സന്ദു വ്യക്തമാക്കുന്നു.

Rajanikanth, Kaala

മികച്ച കഥയ്‌ക്കും കൈയ്യടക്കം കൊണ്ട് ശ്രദ്ധേയമായ തിരക്കഥയ്‌ക്കുമൊപ്പം കണ്ണിനെ കൊതിപ്പിക്കുന്ന കാഴ്‌ചകളും ചിത്രത്തെ മികവുറ്റതാക്കുന്നു. കാല കരികാലയെന്ന കഥാപാത്രത്തിന്റെ ഭാവവ്യതിയാനങ്ങളേയും ചലനങ്ങളേയും കൂടുതല്‍ സംവേദനക്ഷമമായി അവതരിപ്പിക്കാന്‍ സാധിച്ചതിനുള്ള ക്രെഡിറ്റ് പശ്ചാത്തല സംഗീതത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് സന്ദു പറയുന്നു.

ഒരു സെക്കന്റ് പോലും നിറംമങ്ങിയ കാഴ്‌ചയാവാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പുരസ്കാരത്തിനര്‍ഹമായ പ്രകടനമാണ് രജനീകാന്ത് കാഴ്‌ച വയ്‌ക്കുന്നതെന്ന് സന്ദു അഭിപ്രായപ്പെട്ടു. രജനിയുടെ ഗെറ്റപ്പിൽ മാത്രമല്ല പാത്രാവതരണത്തിലും അഭിനയത്തിലുമൊക്കെ അടിമുടി മാറ്റം പ്രേക്ഷകന് അനുഭവപ്പെടും. പ്രകടനത്തില്‍ രജനി മുന്നിട്ട് നില്‍ക്കുമ്പോഴും നാനാ പടേക്കറും ഹുമ ഖുറൈഷിയും സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്നതായി നിരൂപകന്‍ പറയുന്നു. മികച്ചൊരു മാസ് എന്റര്‍ടെയിനറിനുളള രചനാസൂത്രങ്ങള്‍ സംവിധായകന്‍ കാണിക്കുന്നുണ്ട്.

ആരാധകര്‍ കാത്തിരിക്കുന്നതെന്തോ, അതിനും മുകളിലുളള വിഭവമാണ് തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നതെന്നും സന്ദു പറയുന്നു. നാലില്‍ നാല് സ്റ്റാറാണ് അദ്ദേഹം ചിത്രത്തിന് കൊടുക്കുന്നത്. പാ രഞ്ജിത്ത് എന്ന സംവിധായകൻ മുൻ ചിത്രമായ കബാലി, ‘മദ്രാസ് എന്നിവയിലൂടെ വ്യത്യസ്തമായ രാഷ്ട്രീയ സൗന്ദര്യ ശാസ്ത്രം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കാലയിലും കണ്ടെത്തുന്നതെന്ന് പ്രേക്ഷകന് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook