രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ചിത്രത്തിന്റെ റിലീസ് വലിയ തരംഗങ്ങള്‍ ഉണ്ടാക്കിയ നേരം. അവധി പ്രഖ്യാപിച്ച സമയം, കുത്തനെയുയരുന്ന ടിക്കറ്റ് വില, ചിത്രത്തിന്റെ പോസ്റ്റര്‍ പതിച്ച വിമാനം എന്നിങ്ങനെ എവിടെയും ഓളം തല്ലുന്ന പ്രഭാവം. ചിത്രത്തിന് വേണ്ടി കാശ് ചിലവാക്കുന്നതില്‍ ആളുകള്‍ക്ക് മടിയില്ലായിരുന്നു; ആ സന്തോഷത്തില്‍ പങ്കു ചേരാനാണ് എല്ലാവരും ആഗ്രഹിച്ചത്. ആ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണുന്നത് ഒരു വലിയ ‘പ്രിവിലേജ്’ ആയിരുന്നു. ‘കബാലി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കൂടെ തലക്കെട്ടുകളില്‍ നിറഞ്ഞ മറ്റു രണ്ടു പേരുകളും – രജനികാന്ത്, പാ രഞ്ജിത്ത്.
ഇതേ കൂട്ടുകെട്ടിലുള്ള മറ്റൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ് ലോകം. പക്ഷേ രംഗം മേല്‍പ്പറഞ്ഞതില്‍ നിന്നും പാടേ വ്യത്യസ്തമാണ് ഇന്ന്.
രാത്രി മുഴുവന്‍ കാത്തിരുന്നു ആരാധകര്‍ ടിക്കറ്റ് വാങ്ങുകയും, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സെര്‍വര്‍ ക്രാഷ് ചെയ്യുകയും ചെയ്ത ചരിത്രമാണ് രജനി ചിത്രങ്ങള്‍ക്ക്. പക്ഷേ ഈ നിമിഷം വരെ സെര്‍വറുകള്‍ ക്രാഷ് ആയിട്ടില്ല. എന്ന് മാത്രമല്ല, സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ടിക്കറ്റ് കൌണ്ടര്‍ തുറന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ‘കാല’യ്ക്ക് വീണ്ടും ടിക്കെറ്റുകള്‍ ബാക്കി. ബുക്കിംഗ് ആരംഭിച്ച് രണ്ടു മിനുട്ടുകള്‍ക്കകം ടിക്കറ്റ് വിറ്റൊഴിഞ്ഞ ‘കോച്ചടയാന്‍’ കാലം ഓര്‍ത്തു പോവുകയാണ്.
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം, ചിത്രം റിലീസ് ചെയ്യുന്ന സമയം, ‘കബാലി’യുടെ ഹാങ്ങ് ഓവര്‍-എന്നിങ്ങനെ പല കാരണങ്ങളും ഉണ്ട് പ്രേക്ഷകരുടെ ഈ മനോഭാവ മാറ്റത്തിന്. അത് കൊണ്ട് തന്നെ, ‘കാല’ തീരുമാനിക്കും, രജനിയുടെ സിനിമാ-രാഷ്ട്രീയ തുടര്‍ യാത്രകള്‍.
എന്താവാം ‘കാല’യോടുള്ള ഈ തണുപ്പന്‍ പ്രതികരണത്തിന് കാരണം? പ്രത്യക്ഷത്തില്‍ തോന്നുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്. ജൂണ്‍ 7 ഒരു വര്‍ക്കിംഗ് ഡേ ആണ്. അത് കഴിഞ്ഞാലും ആ ആഴ്ച വേറെ അവധികള്‍ ഒന്നുമില്ല. പുതിയ അധ്യയന വര്‍ഷം തുടങ്ങിയിട്ടേയുള്ളൂ. ജൂണ്‍ 15നാണ് ഈദ്. ആ സമയത്തെ അവധിക്കാണ് കുടുംബങ്ങള്‍ ഒത്തു ചേരുക. അപ്പോഴാണ് അവര്‍ സിനിമ കാണാന്‍ സാധ്യതയുള്ളതും.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നടക്കുന്ന സംഭവങ്ങള്‍ തമിഴ് നാട്ടിലെ ഉപഭോക്താക്കളുടെ മനസ്സില്‍ വരുത്തിയ മാറ്റങ്ങളും ഇതിന് കാരണമായേക്കാം. സിനിമാ ടിക്കറ്റ് വില കൂടിക്കൂടി ഇരുനൂറു രൂപയില്‍ (നെറ്റ് ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പടെ) എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. 48 ദിവസം നീണ്ടു നിന്ന നിര്‍മ്മാതാകളുടെ സമരം സിനിമാ പ്രേക്ഷകരെ സിനിമേതര റിക്രിയേഷന്‍ തേടാന്‍ വലിയ ഒരളവു വരെ പ്രേരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്ന ഈ മാറി നില്‍ക്കലിനെ മറി കടക്കാന്‍ സിനിമാ വ്യവസായത്തിന് ‘കാല’ പോലെയുള്ള ഒരു ബ്ലോക്ക് ബസ്റ്റര്‍ ഉണ്ടായേ തീരൂ എന്നാണ് സിനിമാ വിദഗ്ദരുടെ വിലയിരുത്തല്‍. എന്തായാലും തിയേറ്ററുകളില്‍ ആളു കുറയുന്നുണ്ട് എന്നത് സത്യമാണ്.
ഇത് മാറ്റാന്‍ ‘കാല’യുടെ അണിയറക്കാര്‍ കാര്യമായി ശ്രമിക്കേണ്ടി വരും എന്നിരിക്കെത്തന്നെ ‘കബാലി’ പ്രൊമോട്ട് ചെയ്തത് പോലെ ‘കാല’ പ്രൊമോട്ട് ചെയ്യപ്പെടുന്നുമില്ല.
ഈ രണ്ടു കാര്യങ്ങളില്‍ ഒന്നാവാം ഇതിനു പിന്നില്‍. ചിത്രത്തിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്കുള്ള ആത്മവിശ്വാസമോ, വലിയ ഹൈപ്പ് ഉണ്ടാക്കി അത് പിന്നീടു തിരച്ചടിയായി മാറേണ്ട എന്ന മുന്‍കരുതലോ ആവാം അത്.
അങ്ങനെ നോക്കിയാല്‍ ‘വേര്‍ഡ് ഓഫ് മൌത്ത്’ പബ്ലിസിറ്റിയില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണമാകും ഈ ചിത്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക. ‘കാല’ വിജയിച്ചില്ലെങ്കില്‍ രജനികാന്തിന്റെ സിനിമാ ജീവിതത്തിലെ ഒരു ‘വാട്ടര്‍ ഷെഡ്’ ആകും എന്നതില്‍ സംശയമില്ല. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ വിധി തീരുമാനിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പോലും വലിയ പ്രഭാവം സൃഷ്ടിക്കുന്നില്ല എന്നാണ് ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പറയുന്നത്.
‘കബാലി’യുടെ ഹാങ്ങ് ഓവറില്‍ നിന്നും മുക്തരാകാത്ത രജനി ആരാധകര്‍ പുതിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ അറിഞ്ഞിട്ട് കാശ് മുടക്കാം എന്ന തീരുമാനത്തില്‍ ആണ് എന്നും കരുതേണ്ടി വരും.
തലൈവര്‍ രജനികാന്ത്
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയവരുടെ ചരിതം തമിഴകത്തിന് സുപരിചിതമാണ്. അണ്ണാ ദുരൈ, എം ജി ആര്‍, കരുണാനിധി, ജയലളിത എന്നിങ്ങനെയുള്ള ആ ലിസ്റ്റില്‍ ഏറ്റവും പുതിയതായി ചേര്‍ന്നിരിക്കുന്നത് രജനിയും കമലുമാണ്. ഇതില്‍ രജനികാന്തിന്റെ കഥയുമായി അടുത്ത് നില്‍ക്കുന്നത് എം ജി രാമചന്ദ്രന്‍ എന്ന എം ജി ആറിന്റെ കഥയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ എത്തി, അഭിനയത്തിലെ സ്വന്തം ശൈലിയും, തിരശീലയിലെ ക്ലീന്‍ ഇമേജും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ചെക്കേറിയവര്‍. അങ്ങനെ സമാനതകള്‍ പലതുമുണ്ട്.
അധികാരത്തിലെ വലിയ പദത്തെ നോട്ടമിടുന്നത് മുന്‍പ് തന്നെ ജനവിധി നേടി നിയമസഭയില്‍ എത്തിയ എം ജി ആര്‍ സിനിമയെ കൂടി കൂട്ടു വിളിച്ചാണ് എന്നും തന്റെ സമ്മതി അളന്നിരുന്നത്.
എം ജി ആറിന്റെ രാഷ്ട്രീയ വിജയത്തിന്റെ ചവിട്ടുപടിയാകുന്നത് 1969ല്‍ റിലീസ് ചെയ്ത ‘നം നാട്’ എന്ന ചിത്രമാണ്. “ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ സിനിമയില്‍ ജനസേവനം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സര്‍ക്കാര്‍ ഗുമസ്തനായിട്ടാണ് എം ജി ആര്‍ വേഷമിട്ടത്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് ദുരൈ (അണ്ണാ ദുരൈയുടെ ചുരുക്കം) എന്നാണ്. സിനിമയിലെ ചില ഡയലോഗുകള്‍, പ്രത്യേകിച്ച് എം ജി ആറിന്റെ കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ടുള്ള ഇത്തരം സംഭാഷങ്ങള്‍ – ‘ഇങ്ങനെ ഒരു മനുഷ്യന്‍ മതി നമ്മുടെ നാട് നേരെയാവാന്‍’, എം ജി ആറിനെ ദൈവത്തിനോട് ഉപമിച്ചു കൊണ്ടുള്ള ഡയലോഗ് – ‘നം നാടിനെ’ ഒരു സ്പെഷ്യല്‍ ചിത്രമാക്കി മാറ്റി.
സുന്ദരനും നല്ലവനും കരുണാമയനും വീരനും വിജയം കണ്ടവനും യോഗ്യനുമായ തമിഴ് മകനെ തിരശീലയില്‍ എത്തിച്ചു കൊണ്ടിരുന്ന എം ജി ആറിന് ‘നം നാട്’ ഒരു മുതല്‍ക്കൂട്ടായി.”, ആര്‍ കണ്ണന്‍ എഴുതി ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച എം ജി ആറിന്റെ ജീവചരിത്രത്തില്‍ പറയുന്നതിങ്ങനെ. ‘നം നാട്’ വലിയ വിജയം കണ്ടു. ചിത്രം കൊണ്ട് വന്ന ജനസമ്മതിയില്‍ സന്തുഷ്ടനായ കൊണ്ട് എം ജി ആര്‍ ഇതിന്റെ നിര്‍മ്മാതാവിനെ കെട്ടിപ്പിടിച്ചു എന്നാണ് കഥ.
‘നം നാട്’ എം ജിആറിനോട് ചെയ്തത് പോലെ, ‘കാല’ രജനിയുടെ രാഷ്ട്രീയത്തിന്റെ ചവിട്ടുപടിയാകുമോ? കലങ്ങി മറിഞ്ഞ രാഷ്ട്രീയാവസ്ഥയില്‍ രജനിയെ കൈപിടിച്ചുയര്‍ത്തുമോ ഈ ചിത്രം?
‘നം നാട്’പോലെയാവില്ല ‘കാല’ എന്ന് ഉറപ്പിക്കാം. കാരണം പാ രഞ്ജിത്ത് എന്ന (‘കാല’യുടെ) സംവിധായകന്റെ രാഷ്ട്രീയം രജനിയുടെ രാഷ്ട്രീയത്തില്‍ നിന്നും വളരെ വേറിട്ടതാണ്. തൂത്തുക്കുടിയില്‍ വെടിവയ്പ്പ് നടന്ന ഇടം സന്ദര്‍ശിച്ച് രജനി പറഞ്ഞ വാക്കുകള്‍ സിനിമയെ ഇപ്പോള്‍ തന്നെ തിരിച്ചടിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ‘കാല’ പറയുന്ന രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നു.
ചിത്രം വിജയിച്ചാല്‍, രജനി എന്ന വ്യക്തിയുടെ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളെ ജനത്തിന് ചോദ്യം ചെയ്യേണ്ടി വരും. വിജയിച്ചില്ലെങ്കില്‍ രജനി എന്ന രാഷ്ട്രീയ നേതാവിന് ജനമനസ്സുകളില്‍ സ്ഥാനമില്ല എന്ന് കരുതേണ്ടി വരും. രണ്ടായാലും പ്രശ്നമാണ്. ‘കാല’യുടെ ബോക്സ് ഓഫീസ് കണക്കുകള്‍ തീരുമാനിക്കും തലൈവരുടെ ഇനി അങ്ങോട്ടുള്ള തലവര.