രജനീകാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. രജനീകാന്ത് അമേരിക്കയില്‍ നിന്നും തിരിച്ചെത്തുന്നതിനോടനുബന്ധിച്ച് ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചു. മെയ് ഒമ്പതിനായിരിക്കും പരിപാടി. ഇക്കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാവും, രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചു.

കബാലിക്കു ശേഷം പാ രഞ്ജിത്തും സ്റ്റൈല്‍ മന്നനും ഒന്നിക്കുന്ന ചിത്രമാണ് കാല. മാത്രല്ല, പാ രഞ്ജിത്തിനൊപ്പം ഇതു മൂന്നാം തവണയാണ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ പ്രവര്‍ത്തിക്കുന്നത്. കബാലിക്കും അദ്ദേഹം തന്നെയായിരുന്നു സംഗീതം പകര്‍ന്നത്.

തന്റെ പതിവ് മെഡിക്കല്‍ ചെക്കപ്പിനായി ഈ ആഴ്ചയുടെ തുടക്കത്തിലാണ് രജനി അമേരിക്കയിലേക്കു പോയത്. ഏപ്രില്‍ 27നായിരുന്നു കാല റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ സിനിമാ സമരം മൂലം റിലീസ് നീളുകയായിരുന്നു. പുതിയ വിവരപ്രകാരം ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തില്‍ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഹാജി മസ്താന്റെ ദത്തു പുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഈ സിനിമ ഹാജി മസ്താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ