മണ്മറഞ്ഞ തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ ജീവിതം ഒരിക്കല്‍ കൂടി അഭ്രപാളികളില്‍ എത്തുന്നു. ‘കാല’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പാ രഞ്ജിത്താണ്  വെബ്‌ സീരീസിലൂടെ സ്മിതയുടെ ജീവിതം പറയാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ ആയിരുന്നു ഇതിനു മുന്‍പ് സ്മിതയുടെ ജീവിതം ആധാരമാക്കി വന്ന ചിത്രം. ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന്‍ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പറഞ്ഞു കൊണ്ട് സിനിമയില്‍ തന്റേതായ ഒരിടം നേടിയ സംവിധായകനാണ് പാ രഞ്ജിത്. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണവും വ്യത്യസ്തവും സത്യസന്ധവുമാണ്‌. അതുകൊണ്ട് തന്നെ സ്മിതയുടെ ജീവിതത്തിന്റെ ഇതുവരെ കാണാത്ത, ചര്‍ച്ച ചെയ്യപ്പെടാത്ത ഏടുകളിലൂടെയാവും വെബ്‌ സീരീസ് സഞ്ചരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Silk Smitha

സില്‍ക്ക് സ്മിത

വിജയലക്ഷ്മി എന്ന് പേരുള്ള സില്‍ക്ക് സ്മിതയുടെ ചെറുപ്പകാലം മുതലുള്ള സംഭവങ്ങളായിരിക്കും വെബ്‌ സീരീസ് പ്രതിപാദിക്കുക. കഥാഗതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read in English: Kaala director Pa Ranjith to helm web series on Silk Smitha?

രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ‘കാലാ’ നിരൂപകപ്രശംസ നേടിയിരുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘പരിയേരും പെരുമാള്‍’, ഡോക്യുമെന്ററി സംവിധായിക മാലിനി ജീവരത്നം സംവിധാനം ചെയ്യുന്ന ‘ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍’ എന്നീ പ്രൊജക്റ്റുകള്‍ നിര്‍മ്മിക്കുന്നത് പാ രഞ്ജിത് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook