ആദ്യ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ ആദ്യ പേജ് വായിച്ചപ്പോള്‍ തന്നെ നിര്‍മ്മാതാവ് പാ രഞ്ജിത്തോനോട് പറഞ്ഞു, അതിലെ ചില കാര്യങ്ങള്‍ തിരുത്തണം എന്ന്. ചുമരില്‍ ബിആര്‍ അംബേദ്കറിന്റെ ചിത്രം തൂക്കിയിട്ട ഒരു വീടിനെക്കുറിച്ചായിരുന്നു വിവരണമാണ് നിര്‍മ്മാത്താവിനെ ചൊടിപ്പിച്ചത്.
”അംബേദ്കറുടെ ചിത്രം പൊലീസ് സ്റ്റേഷനുകളിലെ ചുമരുകള്‍ക്ക് വേണ്ടിയുള്ളതല്ലേ, വീടുകളില്‍ വയ്ക്കേണ്ട കാര്യമില്ല എന്ന് നിര്‍മ്മാതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്ക്രിപ്റ്റ് തിരുത്താന്‍ ഞാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും അദ്ദേഹം നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.”
ആദ്യ ചിത്രമായ ‘അട്ടക്കത്തി’യില്‍ ((2012) നടത്തിയ വിട്ടുവീഴ്ചയെക്കുറിച്ച് പാ രഞ്ജിത്തിന്റെ ഓര്‍മ്മകള്‍ ഇങ്ങനെ. ആ വിട്ടുവീഴ്ചകള്‍ പിന്നീട് പിന്നീട് തുടരാന്‍ സംവിധായകനും വിസമ്മതിച്ചു.
‘മദ്രാസ്’ (2014), ‘കബാലി’ (2016) എന്നീ ചിത്രങ്ങളിലൂടെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കഥയാണ് രഞ്ജിത്ത് അഭ്രപാളികളില്‍ എത്തിച്ചത്. ഏറ്റവും പുതിയ ചിത്രമായ ‘കാല’യിലും അദ്ദേഹം പറയുന്നത് പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ പോരാട്ടങ്ങളെക്കുറിച്ചാണ്. സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നുണ്ട് എന്ന് രജനികാന്ത് പ്രഖ്യാപിച്ചതിന് ശേഷം വരുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം എന്ന നിലയ്ക്ക് വലിയ പ്രസക്തിയുണ്ട് ‘കാല’യ്ക്ക്. ബിജെപിയുടെ തമിഴ്നാട്ടിലെ ഏജന്റാണ് താന്‍ എന്ന ആക്ഷേപം മാറ്റിയെടുക്കാൻ കിട്ടുന്ന ഒരവസരം കൂടിയാണ് രജനികാന്തിന് ഈ ചിത്രം.
ഇംഗ്ലീഷില്‍ വായിക്കാം: Since I am vocal about Dalit people, every act is interpreted through a caste lens

‘കാല’യില്‍ രജനികാന്തിന്റെ എതിരാളിയും രാഷ്ട്രീയക്കാരനുമായി വേഷമിടുന്നത് നാനാ പടേക്കറാണ്. അധികാര ജ്വരം കയറിയ ആ കഥാപാത്രം പറയുന്നുണ്ട് ‘രാജ്യത്തെ വൃത്തികേട് മാറ്റി ഞാന്‍ ശുദ്ധിയാക്കിത്തരാമെന്ന്’. അടിയാളന്റെ നിറമായ കറുപ്പ്, സവര്‍ണതയുടെ അടയാളമായ വെളുപ്പുമായി കൊമ്പ് കോര്‍ക്കുന്നു ചിത്രത്തില്‍.
”ദളിതര്‍ ഒരു നേരം ഭക്ഷണം കഴിക്കുന്നതു പോലും വലിയ വിപ്ലവമായി കണക്കാക്കപ്പെടുന്ന ഈ നാട്ടിലെ എന്തു വൃത്തികേടിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? പുറത്തല്ല, അവരുടെയെല്ലാം മനസിലാണ് അഴുക്ക്,” രഞ്ജിത് പറയുന്നു.
ചെന്നൈ എഗ്മോറിലുള്ള വിശാലമായ ഒരു അപാര്‍ട്ട്മെന്റ് കോംപ്ലക്സിലാണ് പാ രഞ്ജിത്തിന്റെ ഓഫീസ്. സ്വീകരണ മുറിയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കാരംസ് കളിക്കുന്നു. അംബേദ്കറെക്കുറിച്ചും, ദളിത് ജീവിതങ്ങളെക്കുറിച്ചും, ദ്രവീഡിയൻ രാഷ്ട്രീയത്തെക്കുറിച്ചും, ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുമൊക്കെയുള്ള നൂറിലേറെ പുസ്തകങ്ങൾ ഭംഗിയായി അടുക്കി വച്ച സ്വീകരണ മുറി. എല്ലാ മുറികളിലും അംബേദ്കറുടെ ചിത്രം.

രജനികാന്തുമായി ചേര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കാല’. സര്‍ഗ്ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ ഊട്ടിയുറപ്പിച്ചതാണ് ആ ബന്ധം.
”പ്രോപ്പര്‍ട്ടീസ് മുതല്‍ ഡയലോഗുകള്‍ വരെ എല്ലാത്തിനെക്കുറിച്ചും വളരെ ശ്രദ്ധാലുവാണ് രജിനീകാന്ത്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും അദ്ദേഹം. ഓരോ തീരുമാനങ്ങളെടുക്കുമ്പോളും അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കും.
തന്റെ സിനിമകള്‍ ജനങ്ങളിലേക്ക് എത്തണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നളാണ് രജനികാന്ത്. അതു കൊണ്ടു തന്നെ, too ideological’ ആയ ചിത്രങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമല്ല.” സൂപ്പര്‍ താരത്തെക്കുറിച്ചുള്ള സംവിധായകന്റെ വായന ഇങ്ങനെ.
കാലയുടെ ചിത്രീകരണത്തിനിടെയാണ് രജിനി തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. വ്യവസ്ഥാപിത താത്പര്യങ്ങള്‍ക്ക് നേര്‍ക്ക് ചാട്ടുളികളും, ഭൂമി അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള സമരഘോഷവുമൊക്കെയുള്ള ‘കാല’ അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ അടിസ്ഥാന ജന വിഭാഗത്തിന്റെ മനസ്സുകളിലേക്ക് രജനി എന്ന താരത്തെ എടുത്തുയര്‍ത്താന്‍ പ്രാപ്തമായ ഒന്ന് തന്നെയാണ്. പക്ഷേ അത്തരം ഒരു വ്യാഖ്യാനത്തെ പാടേ നിഷേധിക്കുകയാണ് പാ രഞ്ജിത്ത്.
”പൂര്‍ണ്ണമായും നായക-കേന്ദ്രീകൃത ചിത്രമാണെന്ന് ഇത് എന്ന് ഞാന്‍ പറയില്ല. മറിച്ച് നഗരങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവരുടെ ജീവിതമാണിത്. ‘ഭൂമി അവകാശ’മാണ് എന്ന ആശയമാണ് കാല മുന്നോട്ടു വയ്ക്കുന്നത്.”
തന്റെ നായകന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് പറയുന്ന രഞ്ജിത് ആ കഥാപാത്രത്തെ ഒരു ‘ഫാദര്‍ ഫിഗര്‍’ എന്നാണ് വിശദീകരിക്കുന്നത്.

‘ചേരികളില്‍ കഴിയുന്ന ആളുകളെ ഒറ്റ രാത്രി കൊണ്ടൊഴിപ്പിച്ച്, മറ്റൊരു ഇടത്തേക്ക് പറിച്ച് നട്ട്, അവരെ നശിപ്പിക്കുന്ന തരത്തിലുള്ള ‘അര്‍ബന്‍ പോളിസി’കളാണ് നമുക്കുള്ളത്. നഗരങ്ങളില്‍ ചേരിവാസികളുടെ ആവശ്യമില്ലെന്നാണ് അത് പറയുന്നത്,” രഞ്ജിത് അഭിപ്രായപ്പെടുന്നു.
ചെന്നൈയുടെ പരിസരത്തുള്ള തിരുനിന്‍ട്രിയൂര്‍ എന്ന ഗ്രാമ പ്രദേശത്ത് ജനിച്ചു വളര്‍ന്നതാണ് രഞ്ജിത്. ഒരു ദളിത് കുടുംബത്തില്‍ നിന്ന് വരുന്ന രഞ്ജിത്തിന്റെ ഒറ്റമുറി വീട് എംജിആര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ പണിതു കൊടുത്തതാണ്. സര്‍ക്കാര്‍ നടത്തുന്ന വ്യവസാസ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ അച്ഛന്‍ പാണ്ടുരംഗന്‍, അമ്മ ഗുണവതി എന്നിവര്‍ മറ്റു മക്കളോടൊപ്പം ഇപ്പോഴും അവിടെത്തന്നെയാണ് താമസം.
”സര്‍ക്കാര്‍ കെട്ടിത്തന്നുകുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ കുറച്ചു പണം മുടക്കി ഒരു ചെറിയ വരാന്ത കൂടി പണിഞ്ഞിട്ടുണ്ട് വീട്ടില്‍. ഇപ്പോള്‍ കുറച്ചു കൂടി പുതുക്കിപ്പണിതിട്ടുണ്ട്. പക്ഷെ ജീവിതം ഒരുപാടൊന്നും മാറിയിട്ടില്ല. ഞാന്‍ എടുക്കുന്ന സിനിമകളെക്കുറിച്ചൊന്നും ചിന്തിക്കുന്നവരല്ല എന്റെ മാതാപിതാക്കള്‍. എന്നോടൊപ്പം നഗരത്തിലെ വീട്ടില്‍ വന്നു താമസിക്കാനും താത്പര്യമില്ല അവര്‍ക്ക്,” രഞ്ജിത് പറയുന്നു.
ചെറുപ്പത്തില്‍ സിനിമാ തത്പരനായിരുന്നില്ല താന്‍ എന്നും രഞ്ജിത് ഓര്‍ക്കുന്നു. ”ഞായറാഴ്ചകളില്‍ ദൂരദര്‍ശനില്‍ വരുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നു ആകെ കണ്ടിരുന്നത്.”, സിനിമ കണ്ടില്ലെങ്കിലും സര്‍ഗ മേഖലയില്‍ ആകൃഷടനായ രഞ്ജിത്ത് ആനിമേഷന്‍ പഠിക്കാനായി മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ എത്തിപ്പെട്ടു.
തമിഴ് സിനിമകള്‍ക്ക് കലാസംവിധായകനം നിര്‍വ്വഹിച്ചിരുന്ന ഒരു അയല്‍വാസിയായിരുന്നു പ്രചോദനം. അതു വരെ പുറംലോകവുമായി രഞ്ജിത്തിനെ ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി മുതിര്‍ന്ന സഹോദരന്‍ പ്രഭുവായിരുന്നു. ചില ദളിത് സംഘനകളുടെ വക്കീലായിരുന്നു സഹോദരന്‍.
”നഗരത്തിലെ കോളേജുകളില്‍ നടക്കുന്ന ജാതി സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നുമാണ് ഞാന്‍ അറിഞ്ഞിരുന്നത്. അദ്ദേഹമാണ് എനിക്ക് അംബേദ്കറെ പരിചയപ്പെടുത്തുന്നത്.”
വീട്ടില്‍ നിന്നും കോളേജിലേക്ക് 35 കിലോമീറ്റര്‍ ദൂരം. ട്രെയിനിലിരുന്നായിരുന്നു രഞ്ജിത്തിന്റെ വായന. ”പുനിത പാണ്ഡ്യന്‍ എഡിറ്റ് ചെയ്ത ‘ദളിത് മുരശ്’ എന്ന പ്രസിദ്ധീകരണത്തിന് എന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. എന്നെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും, റഷ്യന്‍ സാഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടതുമെല്ലാം ആ പ്രസിദ്ധീകരണമായിരുന്നു.”

കോളേജില്‍വച്ച് കണ്ട നൂറുകണക്കിനു സിനിമകളില്‍, ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ ‘ചില്‍ഡ്രന്‍ ഓഫ് ഹെവനാ’ണ് തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതെന്ന് രഞ്ജിത് പറയുന്നു.
”എന്റെ ഇംഗ്ലീഷ് വളരെ മോശമായതുകൊണ്ട് അതിന്റെ സബ്‌ടൈറ്റിലുകള്‍ വായിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ അത് കണ്ടു നിര്‍ത്താതെ കരഞ്ഞത് ഓര്‍മ്മയുണ്ടെനിക്ക്. അതായിരുന്നു ആദ്യത്തെ സ്പാര്‍ക്. ഒരു സംവിധായകനാകണം എന്ന മോഹം അവിടുന്നായിരുന്നു എന്റെ മനസില്‍ കയറിക്കൂടിയത്.”
ചുരുങ്ങിയ സിനിമാ ജീവിത കാലത്തിനുള്ളില്‍ ജാതി സംബന്ധ വിഷയങ്ങള്‍ പ്രതിപാദിച്ചതിനെച്ചൊല്ലി രഞ്ജിത്തിനെ പ്രകീര്‍ത്തിക്കുന്നവരുണ്ട്, അത് പോലെ തന്നെ അധിക്ഷേപിക്കുന്നവരുമുണ്ട്.
”ദളിതനല്ലാത്തൊരാള്‍ ജാതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ചും സംസാരിക്കുമ്പോള്‍ അതൊരു വിപ്ലവമായി കണക്കാക്കുന്നു. പക്ഷെ ഞാന്‍ പറയുമ്പോള്‍, ഞാനൊരു ദളിത് ആയതുകൊണ്ട് ‘ജാതി സംസാരിക്കുന്നു’ എന്നും വ്യാഖ്യാനിക്കപ്പെടുന്നു.” സമത്വം എന്ന അടിസ്ഥാന ലക്ഷ്യത്തെക്കുറിച്ച് മറന്നത് കൊണ്ടാണിങ്ങനെ എന്ന് കരുതുന്ന രഞ്ജിത്ത് സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ് എന്നും കൂട്ടിച്ചേര്‍ക്കുന്നു.
‘ജാതി ഭേദമന്യേ ജോലി ചെയ്യുന്ന ആളുകളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഒരു സിനിമ. ദളിത് വിഭാഗത്തിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് ഒരു മുഖ്യധാരാ സിനിമ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ദളിതരെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നു എന്ന ഒറ്റ കാര്യം കൊണ്ട് ഞാന്‍ ചെയ്യുന്നതെല്ലാം ഒരു ജാതിയുടെ ‘ലെന്‍സി’ലൂടെ വായിക്കപ്പെടുന്നു.”
മുഖ്യാധാര സിനിമയുടെ പരിമിതകളെക്കുറിച്ചും അതിലെ തന്റെ നിലപാടിനെക്കുറിച്ചും രഞ്ജിതിന് നല്ല ബോധ്യവുമുണ്ട്.
”ജനപ്രിയ സംവിധായകന്‍ എന്ന നിലയില്‍ എന്റെ മിതമായ ഇടത്തില്‍ നിന്നു കൊണ്ടാണ് ഞാന്‍ ജോലി ചെയ്യുന്നത്. സിനിമ ജനങ്ങളിലേക്കെത്താന്‍ മുഖ്യധാരയുടെ ഭാഷ പഠിച്ചേ മതിയാകൂ. എന്റെ ഭാഷ അവിടെ വിലപ്പോവില്ല. ഒരു ജനപ്രിയ സംവിധായകന്‍ ആദ്യം പ്രേക്ഷകരെ അറിയണം. താനും അവരിലൊരാളാണെന്ന് ബോധ്യപ്പെടുത്തണം. ഇത്രയും കാലം അവര്‍ കണ്ടു പരിചയിച്ച, ആസ്വദിപ്പിച്ച സിനിമകളുമായും കഥാപാത്രങ്ങളുമായും ജീവിതങ്ങളുമായും എന്റെ ദൃശ്യ ഭാഷയ്ക്ക് സാമ്യം വേണം,” രഞ്ജിത് വ്യക്തമാക്കുന്നു.
പരിചിതമായ ഭാഷയില്‍ പുതിയ കഥ പറയുക എന്ന പാ രഞ്ജിത് രീതി എത്ര കണ്ടു സ്വീകരിക്കപ്പെടും എന്നത് അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. അതേ പരീക്ഷകളില്‍ കൂടി കടന്നു പോവുകയാണ് ഇപ്പോള്‍ ‘കാല’യും.