രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാല’യില്‍ ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നൊരു കഥാപാത്രമുണ്ട്. അതെടുത്തു പറയാന്‍ ഒരു കാരണവുമുണ്ട്. രജനികാന്തിന്റെ ശരിക്കുള്ള പേരാണ് ശിവാജി റാവു ഗെയ്ക്ക്‌വാദ്. ആ പേര് സിനിമയ്ക്ക് വേണ്ടി രജനികാന്ത് എന്ന് മാറ്റിയത് രജനികാന്തിന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദര്‍.

രജനികാന്തിനെ ആഘോഷമായി കൊണ്ടാടുന്ന ഒരു ജനതയ്ക്ക് മുന്നില്‍ ‘എന്റെ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്’ എന്ന് അഭ്രപാളികളില്‍ പറയാന്‍ അവസരം ലഭിച്ചത് അരവിന്ദ് ആകാശ് എന്ന നടനാണ്‌.

‘കാല’യിലെ കരികാലന്‍ എന്ന രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൂടി സാന്നിദ്ധ്യത്തിലാണ് അരവിന്ദിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇങ്ങനെ ഒരവസരം കൈവന്നതിലുള്ള സന്തോഷം അരവിന്ദ് ആകാശ് ഇന്ത്യാ ഗ്ലിട്സ് പോര്‍ട്ടലിനോട് പങ്കു വച്ചതിങ്ങനെ.

“ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഭാഗ്യമാണ് ഇത്. പാ രഞ്ജിത്തിനെ കുറച്ചു കാലമായി അറിയാം,സൗഹൃദമുണ്ട്. ഈ സിനിമയില്‍ വേഷമുണ്ട് എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ കഥാപാത്രത്തിന്റെ പേര് ഇതായിരിക്കും എന്നൊന്നും ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എന്റെ സമയം തെളിഞ്ഞതായിരിക്കും എന്ന് ഞാന്‍ കരുതുന്നു.” അരവിന്ദ് ആകാശ് പറഞ്ഞു.

Aravind Akash with Rajnikanth

രജനികാന്തിനോപ്പം, ചിത്രം. അരവിന്ദ് ആകാശ്/ഫേസ്ബുക്ക്‌

തനിക്കു കിട്ടിയ വലിയ ഭാഗ്യം എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കാന്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം അണിഞ്ഞിരുന്ന പോലീസ് യൂണിഫോമില്‍ രജനികാന്തിന്റെ കൈയ്യൊപ്പും വാങ്ങാന്‍ മറന്നില്ല അരവിന്ദ് ആകാശ്.

“ഇതൊരു സ്പെഷ്യല്‍ കാര്യമല്ലേ. അത് കൊണ്ട് ആ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആര്‍ട്ട്‌ ഡയറക്ടര്‍, കോസ്റ്റുമര്‍, ഡയറക്ടര്‍ എന്നിവരോട് ചോദിച്ചു, ഈ ഷര്‍ട്ടില്‍ രജനി സാറിന്റെ കൈയൊപ്പ്‌ വാങ്ങി ഞാന്‍ എടുത്തോട്ടേ എന്ന്. അവര്‍ സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ എന്റെ വീട്ടില്‍ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടത്.”, അരവിന്ദ് ആകാശ് ഇന്ത്യാ ഗ്ലിട്സിനോട് വെളിപ്പെടുത്തി.

1997ല്‍ റിലീസ് ചെയ്ത രജനികാന്തിന്റെ ‘അരുണാചലം’ എന്ന ചിത്രത്തില്‍ പിന്നണി നര്‍ത്തകരില്‍ ഒരാളായിരുന്നു അരവിന്ദ് ആകാശ്. അവിടെ നിന്നാണ് ‘കാല’യിലെ ശിവാജി റാവു ഗെയ്ക്ക്‌വാദിലേക്ക് എത്തുന്നത്‌.

ഒരു മറാത്തി പോലീസ് ഉദ്യോഗസ്ഥനായ കഥാപാത്രത്തെയാണ് അരവിന്ദ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാല’ വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തി. ചിത്രത്തിന് രജനികാന്തിനെക്കൂടാതെ, സമുദ്രക്കനി, നാനാ പാടെകര്‍, ഹുമാ ഖുറേഷി, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

41 വയസ്സുകാരനായ അരവിന്ദ് ആകാശ് ‘നളചരിതം നാലാം ദിവസം’ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത്‌ ചുവടു വയ്ക്കുന്നത്. ചെന്നൈയില്‍ നൃത്തം അഭ്യസിച്ചിട്ടുള്ള അരവിന്ദിന്റെ കരിയറിലെ വലിയ ബ്രേക്ക്‌ എന്നത് രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഗുരുവായൂര്‍ പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഗുരുവായൂരപ്പന്റെ റോളിലാണ് അരവിന്ദ് എത്തിയത്. അമ്പലത്തിന്റെ പരിസരത്ത് താമസിക്കുന്ന ഒരു കുടുംബത്തില്‍ ജോലിയ്ക്കെത്തുന്ന ബാലാമണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ‘നന്ദനം’ പറഞ്ഞത്. ബാലാമണി ഒരു പ്രണയത്തില്‍ പെടുകയും കടമ്പകള്‍ ഏറെ താണ്ടി ആ പ്രണയം ശുഭപര്യവസാനിയാവുകയും ചെയ്യുന്നു.

തികഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തയായ ബാലാമണിയുടെ മുന്നില്‍ കൃഷ്ണന്‍ പ്രത്യക്ഷനായി തന്റെ പ്രശ്നങ്ങളില്‍ കൂടെ നിന്നു എന്ന് അവള്‍ വിശ്വസിക്കുകയാണ്. സൂപ്പര്‍ ഹിറ്റായ ചിത്രത്തില്‍ കൃഷ്ണന്റെ വേഷത്തില്‍ എത്തിയത് അരവിന്ദ് ആകാശ് ആണ്.

‘നന്ദന’ത്തിന് ശേഷം തമിഴ്, തെലുങ്ക്‌, മലയാളമ ഭാഷകളിലായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് അരവിന്ദ് ആകാശ്. മലയാളത്തിലെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍ ‘പൊന്മുടി പുഴയോരത്ത്’, ‘കൂട്ട്’, ‘വജ്രം’, ‘വാണ്ടഡ്‌’ എന്നിവയാണ്. അമൃതാ ടി വിയിലെ സൂപ്പര്‍ ഡാന്‍സര്‍, ലെറ്റ്‌സ് ഡാന്‍സ് എന്നീ ഷോകളുടെ വിധികര്‍ത്താവുമായിരുന്നു അരവിന്ദ് ആകാശ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ