2004ല്‍ പുറത്തിറങ്ങിയ സുള്ളന്‍ എന്ന ചിത്രത്തില്‍ രജിനീകാന്തിന്റെ ഫോട്ടോ നോക്കിനില്‍ക്കുന്ന ഈശ്വരി റാവുവിന്റെ കഥാപാത്രത്തെ നോക്കി ധനുഷ് ചോദിക്കുന്നുണ്ട് ‘തലൈവരെ സൈറ്റടിക്കുകയാണോ’ എന്ന്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍സ്റ്റാറിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുമെന്നോ അദ്ദേഹം തന്നെ ‘തങ്ക സെല്ലാ’ എന്നു വിളിക്കുമെന്നോ ഒന്നും അന്ന് സ്വപ്‌നത്തില്‍ പോലും ഈശ്വരി റാവു ചിന്തിച്ചിട്ടില്ല. എന്തിനേറെ, ആ രംഗം പോലും അവര്‍ക്ക് ഓര്‍മ്മയില്ല.

കാലയിലേക്ക് പാ രഞ്ജിത്ത് ആദ്യം വിളിച്ചപ്പോള്‍ രജനീകാന്തിന്റെ അമ്മയുടെ വേഷമായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഈശ്വരി റാവു. കുടുംബാംഗങ്ങളും അങ്ങനെയാണ് കരുതിയത്. ഈ നാൽപതാം വയസില്‍ അവരെന്നെ വിജയ് സാറിനൊപ്പമോ രജനി സാറിനൊപ്പമോ ഡ്യുയറ്റ് പാടാന്‍ വിളിക്കില്ലല്ലോ എന്നു തന്നെയാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രഞ്ജിത്ത് പറഞ്ഞു സാറിന്റെ നായികയാണെന്ന്. 40 വയസ്സു കഴിഞ്ഞ ഒരാള്‍ക്കും നായികയായി അഭിനയിക്കാമെന്ന് പാ രഞ്ജിത്ത് കാലയിലൂടെ തെളിയിച്ചുവെന്ന് ചിത്രത്തില്‍ ഈശ്വരി റാവു പറയുന്നു. ചിത്രത്തില്‍ രജനിയുടെ ഭാര്യ സെല്‍വിയുടെ വേഷത്തിലാണ് അവര്‍ എത്തിയത്.

അതേസമയം, കാലയില്‍ ഇത്തരത്തിലൊരു കഥാപാത്രം ലഭിച്ചെന്നു കരുതി ഇനി അത് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് ഈശ്വരി പറയുന്നത്. ഈ സ്‌ക്രിപ്റ്റിന് ഇത്തരത്തിലൊരു നായികയാണ് ആവശ്യം. അതുകൊണ്ടാണ് ഇതുണ്ടായതെന്നും അവര്‍ പറയുന്നു.

ഏകദേശം ഒരു ദശാബ്‌ദത്തിന് ശേഷമാണ് ഈശ്വരി റാവു തമിഴ് സിനിമയിലേക്ക് മടങ്ങി വരുന്നത്. തിരിച്ചുവരവില്‍ എല്ലാവരുടേയും ഹൃദയത്തെ ഈ നായിക കീഴടക്കി. സെല്‍വി എന്ന കാലയുടെ ഭാര്യയുടെ റോളിലാണ് ഈശ്വരി അഭിനയിച്ചത്. ധാരാവിയെ വിറപ്പിക്കുന്ന വില്ലനാണ് കാലയെങ്കിലും വീട്ടില്‍ ഭാര്യയ്‌ക്കുമുന്നില്‍ പൂച്ചക്കുഞ്ഞാണ് ഇയാള്‍. ഈ ചിത്രത്തിനായി ധാരാളം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ഈശ്വരി പറയുന്നു. ശരീരഭാരം കൂട്ടുകയും ചെയ്‌തിരുന്നു. രജിനിയും ഈശ്വരിയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്കിടയിലും കൈയ്യടി നേടി.

അപ്പു, കുട്ടി, സിമ്മരാസി, സരവണ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ ഈശ്വരി റാവു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലും തെലുങ്കിൽ എണ്ണക്കണക്കിനു സിനിമകളിലും ഇവർ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. മലയാളചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കിൽ ശ്രുതി ഹാസന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഈശ്വരി റാവുവാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ