ഫിൻലൻഡിലെ പ്രശസ്തമായ പൊരി ഫിലിം ഫെസ്റ്റിവലിൽ കെ.വി.വിൻസന്റിന്റെ ഹൈക്കു ചിത്രങ്ങൾ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ  നടന്നുകൊണ്ടിരിക്കുന്ന പൊരി രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലാണ് ആലത്തൂർ സ്വദേശിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെ.വി.വിൻസെന്റിന്റെ ഹൈക്കു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. വിൻസെന്റിന്റെ ഹൈക്കു ചിത്രങ്ങൾ  പ്രത്യേക ഇൻസ്റ്റലേഷനായിട്ടാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

കെ.വി.വിൻസെന്റിന്റെ 200 ഷോർട്ട് ഫിലിമുകൾ തുടർച്ചയായി, ഒരു വേദിയിൽ നിർത്താതെ പ്രദർശിപ്പിക്കുന്ന രീതിയിലാണ് ഹൈക്കു ചിത്രങ്ങളുടെ ഇൻസ്റ്റലേഷൻ സംഘടിപ്പിച്ചിരിക്കുന്നത്.  ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഏറെ പ്രാമുഖ്യത്തോടെ തന്നെ ഹൈക്കു ഫിലിം ഇൻസ്റ്റലേഷന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്.

നവംബർ 28ന് ആരംഭിച്ച ചലച്ചിത്രമേള ഡിസംബർ 2ന് സമാപിക്കും. ഇതിന് മുൻപ്, കൊച്ചി മുസിരിസ് ബിനാലെ 2016 നോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് സംഘടിപ്പിച്ച ‘സൈൻസ് ‘ എന്ന ഡിജിറ്റൽ വീഡിയോ സിനിമകളുടെ മേളയിലേയ്ക്കും ഇദ്ദേഹത്തിന്റെ ഹ്രസ്വചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് റിട്ടയേഡ് ഗവൺമെന്റ് ഉദ്യോഗസ്ഥനായ വിൻസെന്റ് താമസിക്കുന്നത്. ഫോട്ടോഗ്രാഫി അഭിനിവേശമായി കൊണ്ടു നടക്കുന്ന വിൻസെന്റ്,  പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായ്മയായ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റായ ‘എക്സലൻസ് ഇൻ ഫോട്ടോഗ്രാഫി’ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഫോട്ടോഗ്രാഫിക് മാഗസിനുകളായ ഫോട്ടോവൈഡിന്റെ ചീഫ് എഡിറ്ററായും ഫോട്ടോട്രാക്ക് മാഗസിന്റെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചു. 30 വർഷത്തിലേറെയായി പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമേജ് ഫോട്ടോഗ്രാഫിക് അസോസിയേഷന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ജോയിന്റ് സെക്രട്ടറിയായും ഇന്റർനാഷണൽ ഹൈക്കു അമേച്വർ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിന്റെയും ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന്റെയും ഫെസ്റ്റിവൽ ഡയറക്ടറായും പ്രവർത്തിച്ചു വരികയാണ് ഇപ്പോൾ.  ഹ്രസ്വചിത്ര ഫിലിം സൊസൈറ്റി, ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് എന്നിവയ്ക്ക് വേണ്ടി ഏറെ ഹ്രസ്വചിത്രങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത വിൻസെന്റ് നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1- 3  മിനിറ്റ് ദൈർഘ്യമുള്ള  ചിത്രങ്ങളാണ് വിൻസെന്റിന്റെ വർക്കുകളിൽ ഏറെയും. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളും നിരവധിയുണ്ട്. മുൻകൂട്ടിയുള്ള ക്രമീകരണങ്ങളുടെ പുറത്തോ നിയതമായൊരു സ്ക്രിപ്റ്റിന്റെ പുറത്തോ ചിത്രീകരിക്കപ്പെട്ടവയല്ല ഇവയിൽ പലതും. ഹൈക്കു കവിതകളെപ്പോലെ തന്നെ, കൺമുന്നിൽ കാണുന്ന ചില അപ്രതീക്ഷിത മുഹൂർത്തങ്ങൾ റെക്കോർഡ് ചെയ്തു വയ്ക്കുന്നതുപോലെയാണ് ഈ ഷോർട്ട് ഫിലിമുകളുടെ പിറവി. പ്രകൃതിയുടെ സ്വാഭാവികതയാണ് ഇവയുടെ പ്രത്യേകത. പ്രകൃതി കാത്തുവയ്ക്കുന്ന അത്ഭുതങ്ങളും പ്രകൃതിയുടെ അനന്തസസാധ്യതകളുമാണ് ചിത്രങ്ങളിൽ നിറയുന്നത്.

ഡോക്യുമെന്റേഷനും കഥ പറച്ചിലിനുമിടയിൽ നേർത്തതും വേർതിരിച്ചു കാണാൻ കഴിയാത്തതുമായ ഒരു രേഖയുണ്ടെന്നും അതാണ് പ്രേക്ഷകരുമായി സംവദിക്കുന്നതെന്നുമാണ് വിൻസെന്റിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ, ഡോക്യുമെന്റേഷനെ കഥ പറയുന്ന ചിത്രങ്ങളാക്കി മാറ്റുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധ നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook