ജീവിച്ചിരുന്നിരുന്നെങ്കില്‍ നന്ദന ഇന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം 15-ാം പിറന്നാള്‍ ആഘോഷിച്ചേനെ. വൈകിവന്ന്, സ്‌നേഹിച്ച് കൊതി തീരും മുമ്പേയാണ് നന്ദന ചിത്രയുടെ ജീവിതത്തില്‍ നിന്നും പറന്നു പോയത്. തന്റെ ജീവിതത്തില്‍ നിന്നും മാഞ്ഞുപോയ ആ ജീവചൈതന്യത്തിന് ഫെയ്‌സ്ബുക്ക് വഴി പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ് ശങ്കറിനും 2002ലാണ് മകള്‍ പിറക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമായിരുന്നു അത്. ആ ചിത്രത്തിലെ ‘കാര്‍മുകില്‍ വര്‍ണന്റെ’ എന്ന പാട്ടില്‍ കരഞ്ഞ് വിളിച്ചപ്പോള്‍ കൃഷ്ണന്‍ തന്ന അനുഗ്രമാണ് നന്ദന എന്ന് ചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. കൃഷ്ണ ഭക്തയായ ചിത്ര മകള്‍ക്ക് നന്ദന എന്നു പേരിട്ടു.

2011 ഏപ്രില്‍ 14ന് ഒരു വിഷുദിനത്തിലാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെട്ടത്. ദുബായില്‍ വച്ച് ഒരു നീന്തല്‍ കുളത്തില്‍ വീണു മരിക്കുമ്പോള്‍ ഒമ്പതു വയസായിരുന്നു നന്ദനയ്ക്ക്. മകളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ചിത്ര ഏറെ നാളെടുത്തു. ഇനി പാടാനില്ലെന്നു വരെ ചിത്ര പറഞ്ഞു. പിന്നീട് പതിയെ ജീവിതത്തിലേക്ക്, സംഗീത ലോകത്തേക്ക് ചിത്ര തിരിച്ചെത്തി.

മകളുടെ ഓര്‍മ്മകള്‍ നല്‍കുന്ന ഊര്‍ജമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ചിത്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചിത്രയുടെ താരാട്ടുകള്‍ കേട്ടുറങ്ങിയ രാത്രികളൊരുപാടുണ്ടാകും മലയാളികള്‍ക്ക്. പക്ഷെ മകള്‍ക്കു വേണ്ടി കൊതി തീരുംവരെ പാടാന്‍ ആ അമ്മയ്ക്ക്, ഗായികയ്ക്ക് കഴിഞ്ഞില്ല.

മകള്‍ നഷ്ടപ്പെട്ടതിനു ശേഷം കഴിഞ്ഞ വിഷുക്കാലത്ത് മകളുടെ ഫോട്ടോയ്‌ക്കൊപ്പം ചിത്ര തന്നെ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു ‘നമ്മള്‍ കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ നമ്മളെ വിട്ടൊരിക്കലും പോവില്ല, അവര്‍ നമ്മുടെ മുന്നില്‍ തന്നെ നമുക്ക് കാണാനാവാതെ നമ്മുടെ ചുറ്റുമുണ്ടാകും…’ മലയാളികളുടെ ഓര്‍മ്മകളില്‍ ഒരു കൊച്ചു കണ്ണുനീര്‍ തുള്ളിയായി നന്ദന ഇന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ