/indian-express-malayalam/media/media_files/uploads/2023/08/KS-Chithra-1.jpg)
ഐഡിയ സ്റ്റാർ സിംഗർ വേദിയിൽ കെ എസ് ചിത്ര
മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ എസ് ചിത്ര. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ പ്രിയപ്പെട്ടവളാണ് മലയാളികൾക്ക് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും. എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.
കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ സ്വരമാധുരിയാൽ സംഗീതപ്രേമികളുടെ ഹൃദയം കവരുകയാണ് ഈ ഗായിക. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ, പത്മശ്രീ, 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ് എന്നിങ്ങനെ നീളുന്നു ചിത്രയുടെ സംഗീതയാത്ര. ചിത്ര പാടിയ ഗാനങ്ങളിൽ ഏറെ വേറിട്ടു നിൽക്കുന്ന ഒന്നാണ് സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്നു തുടങ്ങുന്ന ഗാനം.
എന്നാൽ, പൊതുവെ വേദികളിൽ ഈ ഗാനം ആലപിക്കാൻ ചിത്ര മടിക്കാറുണ്ട്. "റെക്കോർഡിംഗിൽ പാടി കഴിഞ്ഞ് ഞാൻ അത് ഉള്ളിൽ പോയി കേട്ടിട്ടില്ല, ആ പാട്ട് പാടാൻ ചമ്മലാണെന്ന്," ചിത്ര തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഐഡിയ സ്റ്റാർ സിംഗർ വേദിയിൽ ഈ ഗാനം ആലപിക്കുന്ന ചിത്രയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ഓണം സ്പെഷല്‍ എപ്പിസോഡ് വേദിയിൽ, ആർഡിഎക്സ് താരങ്ങളായ ആന്‍റണി വര്‍ഗീസും ഷെയ്ന്‍ നിഗവും മഹിമ നമ്പ്യാരും അതിഥികളായി എത്തിയിരുന്നു. അവരുടെ അഭ്യർത്ഥന മാനിച്ചാണ് ചിത്ര ഈ ഗാനം വേദിയിൽ ആലപിക്കാൻ തയ്യാറായത്. വിധു പ്രതാപിനും സിതാര കൃഷ്ണകുമാറിനുമൊപ്പം വേദിയിലെത്തി ഏഴിമല പൂഞ്ചോല പാടുന്ന ചിത്രയുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സിതാരയ്ക്കും വിധുവിനുമൊപ്പം റെയ്ബാൻ വച്ച്, തോൾ ചെരിച്ച് വേദി കൊഴുപ്പിക്കാനും മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി മറന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.