/indian-express-malayalam/media/media_files/uploads/2023/07/rimi-tomy-ks-chithra-1-1.jpg)
റിമി ടോമിയെ കുറിച്ച് കെ എസ് ചിത്ര
എത്ര വലിയ സ്റ്റേജിനെയും കയ്യിലെടുക്കാൻ റിമി ടോമിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയിൻ ചെയ്യിക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഒരോളമാണ്. റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുള്ള കാര്യമാണ്. റിമിയുടെ എനർജിയുടെ രഹസ്യം എന്താണെന്ന് ഒരിക്കൽ ഒരു വേദിയിൽ വച്ച് മമ്മൂട്ടി തന്നെ നേരിട്ട് തിരക്കിയിട്ടുണ്ട്. വേദികളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം ചിരിയോടെയും പ്രസരിപ്പോടെയും മാത്രമേ റിമിയെ കാണാനാവൂ.
റിമി ടോമി എന്ന ഗായിക തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും റിമിയെ കണ്ട് താനും ചില കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും തുറന്നു പറയുകയാണ് കെ എസ് ചിത്ര. പുതിയ കാലത്തെ കുട്ടികളിൽ നിന്നും ഒരുപാട് കാര്യങ്ങൾ തനിക്കും പഠിക്കാൻ പറ്റിയിട്ടുണ്ട്, പ്രത്യേകിച്ചും റിമിയിൽ നിന്ന് എന്ന മുഖവുരയോടെയാണ് ചിത്ര റിമിയെ കുറിച്ചു സംസാരിച്ചു തുടങ്ങിയത്.
"റിമി എന്നേക്കാൾ എത്രയോ ജൂനിയറാണ്. പക്ഷേ ഒരു സ്റ്റേജിൽ ചെന്നു കഴിഞ്ഞാൽ എങ്ങനെയാണ് ഓഡിയൻസിനെ കയ്യിലെടുക്കുന്നത്, എങ്ങനെ അവരുമായി ഇന്ററാക്റ്റ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ റിമിയുടെ ഷോ കണ്ട് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കാവോ എന്നൊക്കെ അന്തം വിട്ട് ഇരുന്നിട്ടുണ്ട്. ഞാനൊക്കെ വളർന്നത് അങ്ങനെ പറഞ്ഞാൽ തെറ്റായി എടുക്കുമോ എന്നൊക്കെയുള്ള പേടിയോടെയാണ്. അടങ്ങിയൊതുങ്ങി ഇരിക്കുക എന്നതാണ് എന്റെ മനസ്സിൽ ഉള്ളത്. പക്ഷേ റിമിയുടെ കോൺസേർട്ട് ഒക്കെ കാണുമ്പോൾ അത്ഭുതമാണ്. ദാസേട്ടൻ മുന്നിൽ ഇരുന്നാൽ പോലും റിമി സംസാരിക്കുന്നത് രസമാണ്, അതിശയകരമാണ്. എനിക്കും അതൊരു പ്രചോദനമായിട്ടുണ്ട്. രണ്ടു വാക്കെങ്കിലും ഓഡിയൻസിനോട് പറയണം. ഒന്നും പറയാതെ പാടികൊണ്ടുമാത്രം ഇരുന്നാൽ അത് ഓഡിയൻസിനു ഇഷ്ടമാവില്ല എന്നൊക്കെ ഞാൻ പഠിച്ചത് റിമിയിൽ നിന്നുമാണ്," നേരെ ചൊവ്വെയിൽ അതിഥിയായി എത്തിയപ്പോഴാണ് ചിത്ര റിമി തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വാചാലയായത്.
കേരളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ സ്വരമാധുരിയാൽ സംഗീതപ്രേമികളുടെ ഹൃദയം കവരുകയാണ് ഈ ഗായിക. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ, പത്മശ്രീ, 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ് എന്നിങ്ങനെ നീളുന്നു ചിത്രയുടെ സംഗീതയാത്ര.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.