മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി എന്ന പാട്ട് പാടി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന ഒരു കൊച്ചു മിടുക്കിയെ ഓർക്കുന്നില്ലേ. ആർക്കെങ്കിലും ഈ അത്‌ഭുത ബാലികയെ തിരിച്ചറിയാൻ സാധിക്കുമോയെന്ന് ചോദിച്ച് പാടുന്ന ഈ കുട്ടിയുടെ വിഡിയോ ചിത്ര തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്ക് വച്ചിരുന്നു. ഇപ്പോൾ ഈ കൊച്ചു ഗായികയെ നേരിട്ട് കണ്ടിരിക്കുകയാണ് കെ.എസ്.ചിത്ര. തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വൈറലായി മാറിയ മഞ്ഞൾപ്രസാദം പാടിയ രുഗ്‌മിണിയെ കണ്ടുവെന്ന് ചിത്ര അറിയിച്ചിരിക്കുന്നത്. ചിത്രങ്ങളും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

“വൈറലായ മഞ്ഞൾപ്രസാദവും എന്ന പാട്ട് പാടിയ കൊച്ചുകുട്ടിയായ രുഗ്‌മിണിയെ ഞാൻ കണ്ടു. മുപ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുറച്ച് മാത്രമേ സംസാരിക്കൂ. വളരെ വിഷമം പിടിച്ച പാട്ടുകൾ എടുത്ത് ശരിയായ പിച്ചിൽ തന്നെ പാടുന്നു. എന്നാൽ എന്റെ മുന്നിൽ പാടാൻ അവൾ വിസമ്മതിച്ചു. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം അവൾക്ക് നൽകട്ടെ. നമുക്കൊരു ലതാ മങ്കേഷ്‌കർ ഉണ്ടാവട്ടെ ” ചിത്ര തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ഒഎന്‍വി കുറുപ്പ് രചിച്ച് ബോംബെ രവി സംഗീതം നൽകിയ ഗാനമാണ് മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook