മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. താന്‍ പഠിച്ച തിരുവനന്തപുരത്തെ കോട്ടന്‍ഹില്‍ സ്കൂളിലാണ് ചിത്ര ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും മലയളികളുടെ അഭിമാനവുമായ ചിത്രയ്ക്ക് ഗംഭീര പിറന്നാള്‍ ആഘോഷമാണ് സ്കൂളില്‍ ഒരുക്കിയത്.
സ്കൂളിലെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന് അതിഥിയായി എത്തിയതായിരുന്നു ചിത്ര. എന്നാല്‍ അതിഥിയെ ആതിഥേയര്‍ തീര്‍ത്തും അതിശയിപ്പിച്ചു.
‘ഇത്രയും പേര് ഒരുമിച്ച് ഹാപ്പി ബെര്‍ത്ത്ഡേ പാടിയ ഒരു പിറന്നാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല,’ കൈ കൂപ്പി, നിറഞ്ഞ ചിരിയോടെ ചിത്ര പറഞ്ഞു.
ആശംസകള്‍ക്കു പുറമേ കുട്ടികള്‍ ചിത്രയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാന്‍ കേക്കും തയ്യാറാക്കിയിരുന്നു. കുട്ടികള്‍ക്കൊപ്പം നിന്ന് കേക്ക് മുറിച്ച് അവരോട് സംസാരിച്ച് പാട്ടും പാടിയാണ് ചിത്ര തിരിച്ചു പോയത്. ‘രാജഹംസമേ’ എന്ന പാട്ടാണ് കുട്ടികൾക്കായി ചിത്ര പാടിയത്.