എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമെല്ലാം. എസ് പി ബിയുടെ ഓർമയിൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ഗായിക കെ എസ് ചിത്ര എസ് പി ബിയെ കുറിച്ചു സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വാക്കുകൾ ഇടറി, ഏറെ വികാരാധീനയായാണ് ചിത്ര എസ് പിബിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.

Read more: എല്ലാ ചിരി മത്സരങ്ങളിലേയും സ്ഥിരം സാന്നിദ്ധ്യം; ദിവ്യ ഉണ്ണി പറയുന്നു

“ഇതുപോലെ ഒരു അവസ്ഥയിൽ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ബാലു സാറെ ഞാനാദ്യം കാണുന്നത് 1984ൽ ആണ്. ‘പുന്നഗൈ മന്നന്റെ’ റെക്കോർഡിംഗ് സമയത്ത്. പിന്നീട് 2015 വരെ തുടർച്ചയായി അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ഏറെ അനുഭവങ്ങളും ഓർമകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാൻ.”

“ഭാഷ അത് തമിഴ്, തെലുങ്ക് എല്ലാം എങ്ങനെ ഉച്ചരിക്കണമെന്ന്, എഴുതണമെന്ന് അദ്ദേഹമാണ് പറഞ്ഞ് തന്നത്. തെലുങ്ക് പഠിപ്പിച്ചത് എല്ലാം അദ്ദേഹമാണ്. ഒരു പുസ്തകത്തിൽ എല്ലാം എഴുതി തരുമായിരുന്നു, എന്റെ കയ്യിൽ ഇപ്പോഴും ആ പുസ്തകമുണ്ട്. ബാക്ക് പേജിൽ അക്ഷരങ്ങൾ എഴുതി തന്നത്. ഓരോ വാക്കുകളുടെയും അർത്ഥം, വരികളിൽ വരേണ്ട ഭാവങ്ങൾ അതൊക്കെ പറഞ്ഞു തരും. അതുമാത്രമല്ല, ഒരു മനുഷ്യൻ മറ്റൊരാളോട് എങ്ങനെ പെരുമാറണം, കൂടെ വർക്ക് ചെയ്യുന്ന ബാന്റ്, മ്യൂസീഷൻ അവരെ എങ്ങനെ പരിഗണിക്കമെന്നൊക്കെ പഠിച്ചത് സാറിനെ കണ്ടാണ്.”

“അദ്ദേഹത്തിന്റെ മനസ് എത്ര വലുതാണ് എന്ന് കാണിക്കുന്ന ഒരു ഉദാഹരണം പറയാം. യുഎസിൽ ഒരു കോൺസേർട്ടിനു പോയപ്പോൾ മൂന്നു ദിവസം തുടർച്ചയായി ഷോ. രണ്ടു ദിവസത്തെ ഷോ കഴിഞ്ഞ് മറ്റൊരു സ്ഥലത്ത് എത്തിയപ്പോൾ സാർ വന്ന ഉടനെ സാറിന്റെ റൂം റെഡിയാക്കി കൊടുത്തു. മ്യൂസീഷൻമാർക്കുള്ള മുറികൾ വൃത്തിയാക്കുകയാണ്, കുറച്ചുനേരം കാത്തിരിക്കണം എന്നു പറഞ്ഞ് വെയിറ്റ് ചെയ്യിപ്പിച്ചു. “എനിക്ക് ആദ്യം റൂം വേണ്ട, ആദ്യം അവർക്ക് കൊടുക്കൂ. ഞാൻ റൂമിലേക്ക് പോയാൽ നിങ്ങളവരെ ഗൗനിക്കയില്ല. അവരെയെല്ലാം റൂമിൽ പോയി റെസ്റ്റ് എടുത്തിട്ടേ ഞാൻ പോവുന്നുള്ളൂ എന്നായിരുന്നു സാർ പറഞ്ഞത്. മറ്റുള്ളവരോട് ഇത്രയും സ്നേഹവും കരുതലുമുള്ള ഇതുപോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.”

“ഓരോ തവണ കാണുമ്പോഴും ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ട് ആശീർവാദം വാങ്ങാറുണ്ട്. സാർ, നിങ്ങൾ എവിടെയിരുന്നാലും നന്നായിരിക്കണം. താങ്കളുടെ ആശിർവാദം എപ്പോഴും കൂടെയുണ്ടാവണം,” ശബ്ദമിടറി കൊണ്ടുള്ള ചിത്രയുടെ വാക്കുകൾ സദസ്സിലുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചു.

Read more:എന്റെ പാട്ട് എവിടെയോ കേള്‍ക്കുന്നല്ലോ, ആരാധികയ്ക്കരികിലേക്ക് ഓടിയെത്തി എസ് പി ബി; ഓർമക്കുറിപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook