ഏഴു വർഷം മുൻപ് ജീവിതത്തിൽ നിന്നും വിട പറഞ്ഞുപോയ പൊന്നുമകൾ നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായി കെ.എസ് ചിത്ര.

” സ്വർഗത്തിൽനിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധിയും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ലകാര്യവും. പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകൾ,” നന്ദനയുടെ പിറന്നാൾ ദിനമായ ഇന്ന് ചിത്ര തന്റെ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്.

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ലാണ് കെ.എസ് ചിത്ര, വിജയശങ്കർ ദമ്പതികൾക്ക് മകൾ ജനിക്കുന്നത്. കൃഷ്ണ ഭക്തയായ ചിത്ര മകൾക്ക് നന്ദന എന്ന പേരിടുകയായിരുന്നു. എന്നാൽ 2011 ഏപ്രിൽ 11 ന് ദുബായിലെ വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണ് ഒമ്പതു വയസ്സുകാരിയായ നന്ദന വിടപറഞ്ഞപ്പോൾ ചിത്രയെ സ്നേഹിക്കുന്നവരെയെല്ലാം ഒരുപോലെ സങ്കടപ്പെടുത്തിയൊരു മരണമായിരുന്നു അത്. മകളുടെ മരണത്തെ തുടർന്ന് സംഗീതരംഗത്തു നിന്നും ഏകദേശം ഒരു വർഷക്കാലം അകന്നു നിന്ന ചിത്ര, സഹപ്രവർത്തകരുടെ നിർബന്ധം മൂലം വീണ്ടും സംഗീതരംഗത്തേക്ക് മടങ്ങി വരികയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രയുടെ മകൾ നന്ദനയുടെ സ്മരണയ്ക്കായി പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര ക്യാൻസർ സെന്ററിന്റെ കീമോ തെറാപ്പി വാർഡിന് നന്ദനയുടെ പേരു നൽകിയിരുന്നു. നിര്‍ദ്ധനരായ കാന്‍സര്‍രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സ്നേഹ സ്പര്‍ശം പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തുറന്ന പുതിയ വാര്‍ഡിന്റെ ഉദ്ഘാടനത്തിന് ചിത്ര എത്തിയപ്പോഴായിരുന്നു ഇത്.

“ഏറെ വൈകാരികവും മറക്കാനാവാത്തതുമായ ഒരു ദിവസമായിരുന്നു ഇന്നലെ. ബാവ തിരുമേനി ഓർത്തോഡക്സ് ചർച്ച് പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റലിലെ അവരുടെ പുതിയ കീമോതെറാപ്പി വാർഡിന് എന്റെ മകൾ നന്ദനയുടെ പേരാണ് നൽകിയത്. ഈ സ്നേഹത്തിനും കരുതലിനും മുന്നിൽ ഞാൻ തലകുനിക്കുന്നു,” എന്നാണ് ചിത്ര ഇതിനോട് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook