1983 എന്ന മലയാള ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ എന്ന ഗാനം ആലപിച്ചാണ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വാണി ജയ്‌റാം തിരിച്ചെത്തുന്നത്. മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകൻ എന്ന ചിത്രത്തിലാണ്.
പ്രിയ ഗായികയുടെ വേർപ്പാട് അംഗീകരിക്കാൻ സംഗീത ലോകത്തിനായിട്ടില്ല. വാണിയമ്മ പോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പല ഗായകരും വിവിധ മാധ്യങ്ങൾക്ക് നൽകിയ വാക്കുകളിൽ പറയുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരായ കെ എസ് ചിത്രയും, സുജാതയും വാണിയമ്മയെ ഓർത്തു കൊണ്ട് പോസ്റ്റ് പങ്കുവച്ചു.
“വാണിയമ്മ പോയെന്ന് ഇതുവരെ എനിക്ക് വിശ്വസിക്കാനായിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഞങ്ങൾ സംസാരിച്ചത്. ജനുവരി 28 ന് ഞങ്ങൾ കണ്ടു. ചെന്നൈയിൽ നടന്ന ഒരു സംഗീതം പരിപാടിലെ മുഖ്യാതിഥിയായിരുന്നു വാണിയമ്മ. അതുല്യ പ്രതിഭ. ശാസ്ത്രീയ അടിസ്ഥാനമുള്ള വ്യക്തി. വിവിധ ഭാഷകളിൽ അനായാസമായി ഗാനങ്ങൾ ആലപിക്കുന്നു” ചിത്ര കുറിച്ചു.
“വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണിത്. കഴിഞ്ഞ ആഴ്ചയാണ് പത്മഭൂഷൻ നൽകി ആദരിച്ചത്. വാണിയമ്മയുടെ സംഗീതം എക്കാലവും നിലനിൽക്കും” സുജാത കുറിച്ചതിങ്ങനെയാണ്.
1971 കാലഘട്ടത്തിലാണ് വാണി ജയറാം തന്റെ കരിയർ ആരംഭിക്കുന്നത്. കെ വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്‌തിയുടെ കോടുമുടിയിലെത്തുന്നത്.
1973 ലാണ് ആദ്യ മലയാള ചിത്രത്തിൽ ഗാനം ആലപിക്കുന്നത്. സലീൽ ചൗധരിയുടെ സംഗീതത്തിൽ ഒരുങ്ങിയ ‘സൗരയുധത്തിൽ വിടർന്നൊരു’ എന്നതാണ് ആദ്യ മലയാള ഗാനം. പ്രമുഖ സംഗീത സംവിധായകരായ എം കെ അർജുനൻ മാസ്റ്റർ, ജി ദേവരാജൻ, എം എസ് വിശ്വനാഥൻ, ആർ കെ ശേഖർ, വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.