ദോഹയിലെത്തിയ കെ പി ഉമ്മറിനെ ഒരു കൂട്ടം ആരാധകര്‍ വളയുകയായിരുന്നു. സിനിമാസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്ന നടന്റെ കൂടെ അവര്‍ക്കൊരു ഫൊട്ടൊ വേണം, അതാണ് ആവശ്യം. എന്നാല്‍ ആരാധകരുടെ ശല്ല്യം സഹിക്കാന്‍ പറ്റാതെ വളരെ വിചിത്രമായ ഒരു ഡിമാന്റ് പറയുകയാണ് ഉമ്മര്‍. ‘ ഒരു ഫോട്ടോയ്ക്കു ഒരു പെര്‍ഫ്യൂം’ ഇതാണ് ഡിമാന്റ്. കെ പി ഉമ്മറിന്റെ ഒരു പഴയകാല അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 1987 ദോഹയിലെത്തിയ അദ്ദേഹത്തിന്റെ വീഡിയോ എവിഎം ഉണ്ണി ആര്‍ച്ചീവ്‌സ് എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ ഹമീദ് കാക്കശ്ശേരിയെയും വീഡിയോയില്‍ കാണാം.
മാധ്യമപ്രവര്‍ത്തകര്‍ ഒരു അഭിമുഖത്തിനായി ഉമ്മറിനോടു സമയം ചോദിക്കുന്നതു വീഡിയോയില്‍ കാണാം. എന്നാല്‍ അദ്ദേഹം അതു നിരസിക്കുകയാണ്.’അഭിമുഖം തന്നാല്‍ എനിക്കു എത്ര കാശ് തരും. പല താരങ്ങളും അബുദാബിയില്‍ വന്നു മടങ്ങുമ്പോള്‍ വിസിആര്‍, പെര്‍ഫ്യുമൊക്കെയാണ് നാട്ടിലേയ്ക്കു കൊണ്ടു പോകാറുളളത്. എന്നാല്‍ ഞാന്‍ വന്നത് തെണ്ടാനാണ്’ ഉമ്മര്‍ പറയുന്നു. ഉമ്മര്‍ ഒരു നെഴ്‌സറി സ്‌ക്കൂള്‍ നടത്തിയിരുന്നു അതിന്റെ പ്രവര്‍ത്തിനായി സംഭാവനകള്‍ സ്വീകരിക്കുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. വീഡിയോയ്ക്കു അവസാനം അദ്ദേഹം ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും കാണാം.
1998 ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘ഹരികൃഷ്ണന്‍സ്’ ലാണ് കെ പി ഉമ്മര്‍ അവസാനമായി അഭിനയിച്ചത്. 2001 ഒക്ടോബര്‍ 29 നാണ് ആ മഹാ കലാകാരന്‍ ലോകത്തോടു വിടപറഞ്ഞത്.