Mallika Sukumaran and KPAC Lalitha on Onam Release Movies ‘Love Action Drama’ and ‘Ittymaani Made in China’: ഈ ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളിൽ നായകനൊപ്പം തന്നെ ശ്രദ്ധ നേടിയ, കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ടു അമ്മമാരുണ്ട്- ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യിലെ തെയ്യാമ്മയും ‘ലവ് ആക്ഷൻ ഡ്രാമ’യിലെ ദിനേശന്റെ അമ്മയും. നായകന്റെ നിഴലിൽ ഒതുങ്ങി പോവുന്ന സ്ഥിരം അമ്മ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തരാണ് ഇരുവരും. മക്കളെ ഗുണദോഷിച്ചും വഴക്കു പറഞ്ഞും വേണമെങ്കിൽ ഒരടി കൊടുത്ത് നേരെയാക്കാൻ പോലും മടിക്കാത്ത, സ്നേഹമുള്ള, ശക്തരായ അമ്മമാർ.
‘ഇട്ടിമാണിയിലെ തെയ്യാമ്മയെ കെപിഎസി ലളിത അവതരിപ്പിച്ചപ്പോൾ ‘ലവ് ആക്ഷൻ ഡ്രാമ’യിലെ സ്മാർട്ട് അമ്മയായി എത്തിയത് മല്ലിക സുകുമാരൻ ആണ്. ഓണസമ്മാനമെന്ന പോലെ തങ്ങളെ തേടിയെത്തിയ കഥാപാത്രങ്ങളെ കുറിച്ച് കെപിഎസി ലളിതയും മല്ലിക സുകുമാരനും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
അങ്ങനെ ചൈനീസ് ഭാഷയിലും സംസാരിച്ചു: കെപിഎസി ലളിത
‘ഇട്ടിമാണി’ കണ്ട് ആളുകൾ വിളിച്ച് കഥാപാത്രത്തെ കുറിച്ചു നല്ലതു പറയുന്നതിന്റെ സന്തോഷത്തിലായിരുന്നു കെ പി എസി ലളിത.
“കുറേ നാളുകൾക്കു ശേഷമാണ് ആദ്യം മുതൽ അവസാനം വരെ കഥയിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ കൂടുതലും ആദ്യം കുറച്ചു പെർഫോമൻസ് ഒക്കെ കഴിഞ്ഞാൽ അവസാനഭാഗത്തേക്ക് നമ്മളൊന്നും കാണുകയേ ഇല്ല. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നിൽക്കുക മാത്രമേ ഉണ്ടാവൂ. നായകനെയോ നായികയെയോ കേന്ദ്രീകരിച്ചാവും കഥ മുന്നോട്ട് പോവുക. ‘ഇട്ടിമാണി’യിൽ പക്ഷേ അങ്ങനെയല്ല, അവസാനം വരെ നമ്മളെ ഉൾപ്പെടുത്തിയിട്ട്, ശക്തമായൊരു കഥാപാത്രമായി നിലനിർത്തുകയാണ്.” കെ പി എ സി ലളിത പറഞ്ഞു.
‘മാടമ്പി’ എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ മോഹൻലാലിന്റെ അമ്മയായി താൻ അഭിനയിച്ചതെന്നും അവർ ഓർക്കുന്നു.
“മാടമ്പിയ്ക്ക് ശേഷം ലാലിന്റെ അമ്മയാവുന്നത് ഇപ്പോഴാണ്. അമ്മ-മകൻ കോമ്പിനേഷൻ നന്നായി ആസ്വദിച്ചാണ് അഭിനയിച്ചത്. ചില നോട്ടങ്ങൾ, അങ്ങോട്ടും ഇങ്ങോട്ടും തമാശയായിട്ട് കുത്തുന്നത്, കവിളത്ത് തട്ടുന്നത് ഒക്കെ ഷോട്ടിന്റെ സമയത്ത് രണ്ടാളും കയ്യിൽ നിന്നിട്ട് ചെയ്തതാണ്.
സിനിമ കണ്ടിട്ട് പലരും ചോദിച്ചു, ചൈന ഭാഷ തന്നെയാണോ പറയുന്നത്, അതോ ചുമ്മാ വായിൽ തോന്നുന്നതൊക്കെ പറയുന്നതാണോ എന്ന്. സത്യത്തിൽ അത് ചൈനീസ് തന്നെയാണ്. ചൈനയിൽ നിന്നും കല്യാണം കഴിച്ച് കേരളത്തിലെത്തി എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുണ്ട്. ആ കുട്ടി ഡയലോഗ് പറയുന്നത് ഒക്കെ സംവിധായകർ ഡബ്ബ് ചെയ്തു. അതു കേട്ടിട്ടാണ് ഞാൻ പറഞ്ഞത്. പറയാൻ പറ്റില്ല, പറഞ്ഞാൽ ശരിയാവില്ല എന്നൊക്കെ ഞാനാദ്യം പറഞ്ഞു നോക്കിയതായിരുന്നു. എന്നെ രണ്ടാമത് വിളിച്ച് ഡബ്ബ് ചെയ്യിപ്പിച്ചതാണ്. ഏതായാലും അത് കുഴപ്പമില്ലാതെ വന്നു. അതിന്റെ ക്രെഡിറ്റ് മൊത്തം സംവിധായകന്മാർക്കാണ്. അങ്ങനെ ചൈനീസ് ഭാഷയിലും സംസാരിച്ചു.”

തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ചില രംഗങ്ങളൊക്കെ തന്റെ മനസ്സിൽ തട്ടിയെന്നും അവർ കൂട്ടിച്ചേർക്കുന്നു.
“ഞാൻ കല്യാണം കഴിച്ചാൽ എന്റെ പാതി സ്നേഹം ഭാര്യയ്ക്ക് പോവില്ലേ, അതു കൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്, എന്നൊക്കെ പറയുന്ന ഭാഗം ടച്ചിംഗ് ആയി തോന്നി. അതു പോലെ, അമ്മമാർ കഷ്ടപ്പെട്ട് മക്കളെ ഗർഭപാത്രത്തിൽ പേറുന്പോൾ, വേണം എന്നു വെച്ച് ഒരു നടപ്പ് അങ്ങ് നടന്നാൽ നിങ്ങളൊന്നും ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു എന്നു പറയുന്നതും. ഉള്ളിൽ സ്നേഹം വെച്ച് മകനോട് തട്ടി കയറുന്ന സീനുകളും രസകരമായി തോന്നി.”
‘ഇട്ടിമാണി’യ്ക്ക് ലഭിക്കുന്ന ഓരോ അഭിനന്ദനങ്ങൾക്കും ആന്റണി പെരുന്പാവൂരിനും സംവിധായകർക്കുമാണ് താൻ ക്രെഡിറ്റ് നൽകുന്നതെന്നും കെപിഎസി ലളിത.
“നമ്മൾ അഭിനയിക്കും എന്നു പറഞ്ഞിട്ട് കാര്യമില്ല, നമ്മളെ കൊണ്ട് ചെയ്യിപ്പിക്കാനുള്ളത് സ്ക്രിപ്റ്റിൽ എഴുതി വെയ്ക്കണം. എഴുത്തുകാരുടെയും സംവിധായകന്റെയും കയ്യിലാണ് എല്ലാമിരിക്കുന്നത്.”
സത്യന്‍ അന്തിക്കാട് സിനിമകളിലെ കഥാപാത്രങ്ങള്‍
“ഞാന്‍ ഇത്തരം കരുത്തുള്ള കഥാപാത്രങ്ങൾ അധികം ചെയ്തത് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലായിരിക്കും. സത്യന്റെ സിനിമയിൽ എനിക്ക് ലഭിച്ചതിൽ അധികവും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. കഥയിൽ ആ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരിക്കുകയും ചെയ്യും. ഏറ്റവും ഒടുവിൽ ‘ഞാൻ പ്രകാശനി’ൽ വരെ അതെ, ചെറിയ റോളാണ്. പക്ഷേ ആ കഥാപാത്രത്തെ ഓർക്കും, ആ രീതിയിലാണ് കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.”, ഏറെ പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട് ചിത്രങ്ങളെക്കുറിച്ച് കെപിഎസി ലളിത വിവരിച്ചു.
“നാലു സീനാണെങ്കിലും ഉള്ളത് നല്ലതാണെങ്കിലേ സത്യൻ വിളിക്കാറൂള്ളൂ, ഈയിടെയായി അങ്ങനെ ഒരു സൂക്കേട് കൂടെ ഉണ്ട് അദ്ദേഹത്തിന് (ചിരിക്കുന്നു). മുൻപ് ഒട്ടുമിക്ക പടങ്ങളിലും ഞാനുണ്ടായിരുന്നു, ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ അദ്ദേഹത്തിനും ആലോചിച്ച് കിട്ടാത്തതു കൊണ്ട് കുറേ പടങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ എനിക്കു തരേണ്ട എന്നു കരുതിയാവാം. ‘ഞാൻ പ്രകാശനി’ലാണ് ഞാൻ വീണ്ടും കയറിയത്. അതു കഴിഞ്ഞ് ഇന്നസെന്റ് വിളിച്ചു ചോദിച്ചു, “നമ്മളാരുമില്ല. നിങ്ങള് പക്ഷേ വീണ്ടും കേറിക്കൂടിയല്ലേ എന്ന്?” ചിരിയോടെ കെ പി എസി ലളിത ചിരിയോടെ പറഞ്ഞു നിര്‍ത്തി.

വയസു കാലത്ത് അവാർഡിനേക്കാൾ ഇഷ്ടം ആളുകൾ വിളിച്ച് നന്നായി എന്നൊക്കെ പറയുമ്പോഴാണ്: മല്ലിക സുകുമാരന്‍
മകനെ ട്രോളുന്ന, കളിയാക്കിയും വഴക്കു പറഞ്ഞും ഉത്തരവാദിത്വബോധമില്ലാത്ത മകനെ നേരെയാക്കാൻ ശ്രമിക്കുന്ന അമ്മയേയാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ കാണുക. പല സീനുകളിലും ചിരി പടർത്തുന്ന പ്രകടനമാണ് ഈ കലക്കൻ അമ്മ കാഴ്ച വെച്ചിരിക്കുന്നത്. ചിത്രം കണ്ട് ഒരു അഭിമുഖത്തിന് വേണ്ടി വിളിച്ചപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു മല്ലിക സുകുമാരൻ.
“ഈ ഫോൺ വിളിക്ക് പോലും നന്ദിയുണ്ട്. പടം വിജയിച്ചാലും ഓടിയാലുമൊന്നും ഞങ്ങളെ പോലുള്ള അമ്മ/അമ്മാവൻ/അച്ഛൻ കഥാപാത്രങ്ങളെ ഒന്നും ആരും വിളിക്കാറില്ല. വയസ്സു കാലത്ത് അവാർഡിനേക്കാൾ ഇഷ്ടം ആളുകൾ വിളിച്ച് നന്നായി എന്നൊക്കെ പറയുമ്പോഴാണ് മക്കളേ. ഇത്രയും ആളുകൾ വിളിച്ച് നന്നായി എന്നു പറയുമ്പോള്‍ അവാർഡ് കിട്ടുന്നതിനേക്കാൾ സന്തോഷമുണ്ട്. ഇതെനിക്കു കിട്ടിയ ഓണസമ്മാനമാണ്,” മല്ലിക സുകുമാരൻ സംസാരിച്ചു തുടങ്ങി.
“അജു, വിശാഖ്, ധ്യാൻ, നിവിൻ ആ കുട്ടികളെയൊക്കെ എനിക്ക് അത്ര ഇഷ്ടമാണ്. അവരോടൊപ്പം വർക്ക് ചെയ്തപ്പോൾ മാനസികമായി ഞാനൊരുപാട് ചെറുപ്പമായതു പോലെയായിരുന്നു. അവരൊക്കെ തമാശ പറഞ്ഞും ചിരികളികളുമായി സെറ്റിലിരിമ്പോള്‍ ഞാനും അവരിൽ ഒരാളായി മാറി. നിവിൻ ഒക്കെയാണെങ്കിൽ ഒരു ജാഡയുമില്ലാതെ ചിരിയും കളിയുമൊക്കെയായി ഒരുപാട് ഫ്രീഡം തന്നു. എന്റെ മക്കളെ പോലെയാണ് എല്ലാവരും പെരുമാറിയത്. അതു കൊണ്ടു തന്നെ കുഞ്ഞുങ്ങളോടൊപ്പം കഴിയുന്നതു പോലെയായിരുന്നു ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ലൊക്കേഷൻ.”
“എനിക്ക് വ്യക്തിപരമായും ഏറെ ഇഷ്ടം തോന്നിയൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ഏറെക്കുറെ ഞാനാണെന്നു തോന്നുന്ന ഒരു കഥാപാത്രമാണിത്. ഞാനും വീട്ടിൽ മക്കളോട് ഇങ്ങനെയൊക്കെ തന്നെയാണ്. സിനിമയിൽ ഞാൻ ചോദിക്കുന്നുണ്ട്, മകൻ ആയിരം തവണ ‘വാരണം ആയിരം’ കണ്ടെന്നു പറയുന്പോൾ, ഓ… ഇന്ത്യയെ നന്നാക്കാൻ വേണ്ടിയൊന്നുമല്ലല്ലോ എന്ന്. അതു പോലെ തമാശകളൊക്കെ പറഞ്ഞു നടക്കുന്ന ഒരമ്മയാണ് ഞാനും. സ്വകാര്യദുഖങ്ങൾ ബെഡ് റൂമിലൊതുക്കുന്ന ആളാണ് ഞാൻ. മക്കൾ ഒരു ഉത്സാഹത്തിൽ നടക്കുമ്പോൾ നമ്മുടെ മൂഡ് ഓഫ് അവരെ ബാധിക്കരുതല്ലോ എന്നോർക്കുന്ന ഒരാൾ. ആ കഥാപാത്രവും അങ്ങനെയൊക്കെ തന്നെയാണ്, എന്റെ സ്വഭാവം, ഞാനും മക്കളും തമ്മിലുള്ള പെരുമാറ്റം അതൊക്കെയായി നല്ല സാമ്യമുണ്ട്. അതു കൊണ്ടു തന്നെ കഥാപാത്രത്തിനു വേണ്ടി കൂടുതലൊന്നും മാറേണ്ടി വന്നില്ല.”
Read more: ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ നാല് ഓണച്ചിത്രങ്ങള്‍: റിവ്യൂ വായിക്കാം