കേരളത്തിനെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെക്കുറിച്ച് ഡോകുമെന്ററി ഒരുങ്ങുന്നു. സിനിമാ മേഖലയിലെ പ്രഗല്‍ഭര്‍ ഒന്നിക്കുന്ന ഈ ഉദ്യമം പ്രളയത്തിന്റെ രേഖപ്പെടുത്തലാവുന്നതിനൊപ്പം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാനുമാണ്  ലക്ഷ്യമിടുന്നത്.

സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘ബയോസ്കോപ് ‘ എന്ന സിനിമ സംവിധാനം ചെയ്ത കെ.എം.മധുസൂദനനാണ് പ്രളയത്തെക്കുറിച്ചുള്ള ഡോകുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് രാജീവ്‌ രവി, എം ജെ രാധാകൃഷ്ണന്‍ (ക്യാമറ), ഹരികുമാര്‍ (ശബ്ദലേഖനം) എന്നിവരാണ്.

ഈ ഡോകുമെന്ററിയുടെ പ്രദര്‍ശനങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം പൂർണമായും കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രമായിക്കും ഉപയോഗിക്കുക എന്ന് സംവിധായകന്‍ കെ.എം.മധുസൂദനൻ പറയുന്നു. പ്രളയകാലത്ത് മൊബൈൽ ഫോണിലും മറ്റും ചിത്രീകരിച്ചു സൂക്ഷിച്ചിട്ടുള്ള പ്രാധാന്യമുള്ള ക്ലിപ്പിംഗ്‌സ് ഈ ഡോകുമെന്ററിയ്ക്കായി സമാഹരിക്കാനുള്ള ശ്രമവും നടക്കുന്നതായി അദ്ദേഹം അറിയിച്ചു. ക്ലിപ്പിംഗ് ഡോകുമെന്ററിയില്‍ ഉപയോഗിക്കുമ്പോള്‍ പകര്‍ത്തിയയാളുടെ പേരു കൂടി ചേർത്താവും ഉപയോഗിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയത്തിന്റെ വിവിധ മുഖങ്ങള്‍ വെളിവാകുന്ന ക്ലിപ്പിംഗുകള്‍ ഡോകുമെന്ററിയില്‍ ഉള്‍പ്പെടുത്താനായി തരാന്‍ ആഗ്രഹിക്കുന്നവര്‍ താനുമായി ബന്ധപ്പെടണം എന്നും മധുസൂദനന്‍ ആവശ്യപ്പെട്ടു. (ഇമെയില്‍ വിലാസം. madhusudhananfilms@gmail.com, ഫോണ്‍ നമ്പര്‍. 8129792531)

ആലപ്പുഴ സ്വദേശിയായ മധുസൂദനന്‍ രാജ്യത്തെ മികച്ച ചിത്രകാരന്മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നയാളാണ്. ‘ബാലാമണിയമ്മ’, ‘ഒ വി വിജയന്‍’, ‘മായാബസാര്‍’ എന്നീ ഡോകുമെന്ററികളും ‘സെല്‍ഫ് പോര്‍ട്രൈറ്റ്‌’, ‘ഹിസ്റ്ററി ഈസ്‌ എ സൈലന്റ് ഫിലിം’, ‘റേസര്‍, ബ്ലഡ്‌ ആന്‍ഡ്‌ അദര്‍ ടേല്‍സ്’ എന്നീ ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

മധുസൂദനന്‍ തന്നെ രചിച്ച ‘ബയോസ്കോപ്’ എന്ന പുസ്തകത്തെ ആധാരമാക്കി എടുത്ത ‘ബയോസ്കോപ്’ എന്ന ചിത്രം 1907ല്‍ കേരളത്തില്‍ ബയോസ്കോപ് ഷോകള്‍ നടത്തിയിയുന്ന വാറുണ്ണി ജോസഫിന്റെ കഥ പറയുന്നു. ഒസിയാന്‍ ചലച്ചിത്ര മേളയിലെ നെറ്പാക് പുരസ്‌കാരം, ഹെടെല്‍ബര്‍ഗ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ പ്രത്യേക ജൂറി പുരസ്‌കാരം, ന്യൂയോക് സയിഫ് ചലച്ചിത്രമേളയിലെ മികച്ച സിനിമാട്ടോഗ്രാഫി എന്നിവ ലഭിച്ച ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലെ മികച്ച സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, ഫിലിം പ്രോസിസ്സിംഗ് ലാബ്‌, സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം എന്നിവയും നേടി. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡുകളിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹാമായിട്ടുണ്ട് ‘ബയോസ്കോപ്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook