കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളിലേറെയായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവ്വന് ഇന്ന് 79 വയസ്സ് തികയുകയാണ്.
ഇന്ന് നാം കേള്‍ക്കുന്ന ശബ്ദത്തിലേക്ക് സ്വന്തം സ്വരത്തെ പരുവപ്പെടുത്തിയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് യേശുദാസ്. ആ വാക്കുകളും സംഗീതത്തോടുള്ള സമർപ്പണവും ആരെയും
അത്ഭുതപ്പെടുത്തും. “എല്ലാ കാലത്തും എന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല. 15-18 വര്‍ഷം മുന്‍പ് എനിക്ക് ഉയര്‍ന്ന സ്വരങ്ങള്‍ (ഹൈ ഒക്ടെവ്) പാടാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അത് പ്രായം കൂടും തോറും സാധാരണയായി സംഭവിക്കുന്നതാണ് എന്ന് കരുതി ഞാന്‍ ലോ പിച്ചിലെ പാട്ടുകള്‍ പാടുന്നത് തുടര്‍ന്നു. എന്നാല്‍ ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായി,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ യേശുദാസ് അഭിമുഖത്തില്‍ പറയുന്നു.
കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് ‘ഈറ്റ് റൈറ്റ് ഫോര്‍ യുവര്‍ ടൈപ്പ്’ എന്ന പുസ്തകം കാണാനിടയായതും ഒരു കൗതുകത്തിന്റെ പേരില്‍ അത് വായിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങളെക്കുറിച്ചും എന്നാല്‍ അത് മറ്റൊരാളുടെ പുസ്തകമായതിനാല്‍ കൂടുതല്‍ വായിക്കാനായി എടുക്കാന്‍ കഴിഞ്ഞില്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ ആ പുസ്തകം വാങ്ങിക്കാന്‍ തീരുമാനിച്ചു. ഒരു ബുക്സ്റ്റാളില്‍ പോയി ഞാനാ പുസ്തകം അന്വേഷിച്ചു. അവിടെ പലരോടും ചോദിച്ചു. പക്ഷെ ആ പുസ്തകം അവിടെ ഇല്ലെന്നവര്‍ പറഞ്ഞു. എന്നാല്‍ ഒരു കാപ്പി കുടിക്കാനായി അവിടെ ഇരുന്നപ്പോള്‍ ഞാനാ പുസ്തകം കണ്ടു. ഞാന്‍ ഇരിക്കുന്നതിന്റെ എതിര്‍വശത്തുള്ള ഷെല്‍ഫില്‍ ആ പുസ്തകം ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഞാനത് വാങ്ങി. ഒരു സമഗ്രമായ പുസ്തകമൊന്നുമായിരുന്നില്ലെങ്കിലും, നമ്മുടെ രക്ത ഗ്രൂപ്പുകള്‍ക്ക് അനുസരിച്ചുള്ള ഡയറ്റിനെ കുറിച്ചുള്ളതായിരുന്നു അത്. അത് വായിച്ചതിനു ശേഷം അത്രയും നാള്‍ എന്റെ ഭക്ഷണ ശീലത്തില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ ഞാന്‍ മനസിലാക്കുകയും, എഴുത്തുകാരന്‍ നിര്‍ദ്ദേശിച്ചതു പോലെ ഭക്ഷണ രീതി മാറ്റുകയും ചെയ്തു. ശരിക്കും അത്ഭുതകരമായ മാറ്റമായിരുന്നു പിന്നീട്. ആ ഡയറ്റ് പ്ലാനില്‍ ഞാന്‍ ഉറച്ചു നിന്നു. പിന്നീട് പിച്ചുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും ഞാന്‍ നേരിട്ടിട്ടില്ല. വളരെ വിഷമകരമായ പാട്ടുകള്‍ പോലും വലിയ ഹിറ്റുകളായി,” യേശുദാസ് പറഞ്ഞു.
ഉച്ചയ്ക്ക് തനി കേരള സ്റ്റൈലില്‍ ചോറും കറികളും കൂട്ടിയുള്ള ഊണാണ് തനിക്ക് പതിവെന്നും ഗാനഗന്ധര്‍വ്വന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാത്രികളില്‍ റൊട്ടി കഴിക്കുന്നതായിരുന്നു ശീലമെങ്കിലും, പുസ്തകം വായിച്ചതിനു ശേഷം അതും മാറ്റി. ഇപ്പോളും സ്ഥിരം പിന്തുടരുന്ന ഡയറ്റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്റെ ശബ്ദത്തില്‍ ആ വ്യത്യാസം അനുഭവിക്കാന്‍ സാധിക്കുമെന്ന് യേശുദാസ് പറഞ്ഞു.
“ഞാന്‍ ചായ കുടിക്കാറില്ല. ചെറുപ്പത്തില്‍ ചിക്കന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പച്ചക്കറി മാത്രമേ കഴിക്കാറുള്ളൂ, മുട്ട പോലും കഴിക്കാറില്ല,” യേശുദാസ് വ്യക്തമാക്കി.
വളരെ അപൂര്‍വ്വമായേ ഹോട്ടല്‍ ഭക്ഷണം കഴിക്കാറുള്ളുവെന്ന് അദ്ദേഹം പറയുന്നു.
“എന്റെ ശബ്ദത്തേയും പാടാനുള്ള കഴിവിനേയും കാത്തു സൂക്ഷിക്കുക എന്നത് എന്റെ കടമയാണ്. ഞാന്‍ മുന്‍ജന്മത്തില്‍ വിശ്വസിക്കുന്നു. ഇന്ന് ഞാന്‍ എന്താണോ അതിന് കാരണം മുന്‍ജന്മമാണ്. ഇന്ന് നിങ്ങള്‍ കഴിക്കുന്ന മോശം ഭക്ഷണം നാളെ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതു പോലെയാണത്. എന്റെ അശ്രദ്ധകൊണ്ട് എന്റെ സംഗീതം മോശമായി പോകാന്‍ ഞാന്‍ അനുവദിക്കില്ല.”