കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ ഗായകന് കെ.ജെ യേശുദാസ് ഇന്ന് തന്റെ 83-ാം ജന്മദിനം ആഘോഷിക്കുകയാണ്. വർഷങ്ങളായി എല്ലാ പിറന്നാൾ ദിനത്തിലും കൊല്ലൂർ മൂകാംബികയിലെത്താറുള്ള ഗാനഗന്ധർവ്വൻ ഈ വർഷം ജന്മദിനം ആഘോഷിക്കുന്നത് കൊച്ചിയിലാണ്. കൊച്ചിയിൽ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. മന്ത്രി പി രാജീവ്, ഗാനരചയിതാക്കൾ, ഗായകർ എന്നിവരും ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും.
സിനിമ രംഗത്തുള്ള പ്രമുഖരും ആരാധകരുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗാനഗന്ധർവ്വന് ആശംസകൾ നേരുകയാണ്.


ഒരേ ഒരു യേശുദാസ്
കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകന്, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന് തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു.
ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. പലകാലങ്ങൾ, ഒരേ ഒരു ശബ്ദം. മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.

ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.

1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.