ഒക്ടോബർ 18നായിരുന്നു ജ്യോതികയുടെ 44-ാം പിറന്നാൾ. ആരാധകർ ജോ എന്നു സ്നേഹത്തോടെ വിളിക്കുന്ന ജ്യോതിക പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടിയത്. “ഈ ജന്മദിനത്തിൽ ഞാനെനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു,” എന്നാണ് തന്റെ ജിം വർക്കൗട്ട് വീഡിയോ ഷെയർ ചെയ്തുകൊണ്ട് ജ്യോതിക കുറിക്കുന്നത്. ജ്യോതികയുടെ പരിശീലകൻ മഹേഷ് ഘനേക്കറെയും വീഡിയോയിൽ കാണാം.
“പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാൻ മാറ്റും,” എന്നാണ് ജ്യോതിക കുറിക്കുന്നത്. വീഡിയോയിൽ ബോഡി വെയിറ്റ് ട്രെയിനിംഗിനൊപ്പം ഹൈ ഇന്റൻസിറ്റി ട്രെയിനിംഗും പരിശോധിക്കുന്ന ജ്യോതികയെ കാണാം. സ്ക്വാട്ട്, ഡെഡ്‌ലിഫ്റ്റുകൾ എന്നിവ പോലുള്ള സംയുക്ത വ്യായാമങ്ങൾ അടങ്ങിയ ഫങ്ഷണൽ ട്രെയിനിംഗിൽ ഒന്നിലധികം പേശി ഗ്രൂപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് നല്ല കോർ സ്ട്രെങ്ത്ത് ആവശ്യമാണ്.
എന്തായാലും ജ്യോതികയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതാണ് സിങ്കപെണ്ണ് എന്നാണ് ആരാധകർ പറയുന്നത്.
പിറന്നാൾ ദിനത്തിൽ ജ്യോതികയുടെ പുതിയ ചിത്രവും അനൗൺസ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ‘കാതൽ’ ആണ് പുതിയ ചിത്രം. മമ്മൂട്ടിയാണ് ജ്യോതികയുടെ നായകനായി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.