“നീ പല നടൻമാരെക്കുറിച്ചും എഴുതാറുണ്ടല്ലോ എന്താ എന്നെക്കുറിച്ച് എഴുതാത്തത്” എന്ന് അവൻ അടുത്തിടെ എന്നോട് ചോദിച്ചിരുന്നു.  ചിരിയോടെയായിരുന്നു അവന്റെ ചോദ്യം. കാരണം അവനറിയാം, എന്നാലും ഒരു ഉത്തരത്തിന് വേണ്ടിയാണ് അവൻ ചോദിച്ചത്. ഞാൻ പറഞ്ഞു, “നീ എന്നെ അത്ഭുതപ്പെടുത്തുമ്പോൾ ഞാൻ എഴുതാം”.

അവൻ സിനിമ തുടങ്ങിയിട്ടേയുള്ളൂ, തുടക്കത്തിലേ പുകഴ്ത്തി മുരടിപ്പിക്കേണ്ടെന്ന് ബോധപൂർവം തീരുമാനിച്ചിരുന്നു ഞാൻ. ഒപ്പം മറ്റു നടൻമാരെ കുറിച്ചെഴുതുമ്പോൾ പുളളിക്കാരൻ ഒന്ന് പ്രകോപിതനാവുമെന്ന് അറിയുകയും ചെയ്യാമായിരുന്നു. ‘സ്റ്റീവ് ലോപ്പസ്’ മുതൽ തന്നെ പ്രതിഭയുടെ മിന്നലാട്ടം അവൻ കാണിച്ചിരുന്നു. വിളിക്കുമ്പോഴൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാത്രം ഓർമപ്പെടുത്തി. ‘അയ്യപ്പനും കോശി’യിലേക്ക് എത്തുമ്പോഴേക്കും, ഒരു സാധാരണ വേഷമായി പോകാവുന്ന പൊലീസ് കഥാപാത്രം അസാമാന്യമായ വൈകാരിക വിശദീകരണങ്ങളിലൂടെയും കയ്യൊതുക്കത്തോടെയും ആവിഷ്കരിക്കാൻ അവനായി.

സാധാരണ നടനായിരുന്നില്ല അനിൽ. അഭിനയമെന്ന കലയുടെ ആഴവും പരപ്പും അവനറിയാമായിരുന്നു. അത് ജീവിതത്തിന് കേവല അനുകരണമല്ലെന്നും സർഗക്രിയ ആണെന്നും, അതിലൂടെ മജ്ജയും മാംസവും ചോരയും ചിന്തയുമുള്ള ജീവിക്കുന്ന മനുഷ്യനെ നിർമിച്ചെടുക്കലാണെന്നും അവനറിയാമായിരുന്നു. വെറുമൊരു സ്വാഭാവിക പെരുമാറ്റത്തിനപ്പുറം ജീവിതത്തെ സമഗ്രമായി വ്യാഖ്യാനിക്കുകയാണ് നടൻ അഭിനയത്തിലൂടെ ചെയ്യുന്നതെന്നും. ഞങ്ങൾ പങ്കുവച്ച വർത്തമാനങ്ങളുടെയും ചിന്തകളുടെയും ആഴവും പരപ്പും അരങ്ങിൽ വിസ്മയങ്ങളാക്കി അവൻ കാണിച്ചു തന്നിട്ടുള്ളതാണ്.

anil nedumangad, malayalam film actor anil nedumangad, anil nedumangad death, anil nedumangad fonud dead, anil nedumangad films, anil nedumangad photos, anil nedumangad last facebook post, അനിൽ നെടുമങ്ങാട്, ie malayalam

Read more: വാക്കുകൾ അറംപറ്റിയല്ലോ ചേട്ടാ; അനിലിന്റെ മരണത്തിന്റെ ഞെട്ടലിൽ ആരാധകർ

സാമ്പ്രദായികമായ രീതികളെ പിന്തുടരുന്നവനായിരുന്നില്ല അനിലിലെ നടൻ. ഏതൊരു നടനെയും പോലെ സിനിമയുടെ അഭ്രപാളികളിലെ താരമാകാൻ കൊതിച്ചു വന്നവൻ അതിനകം തന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള കലയുടെ, മനുഷ്യനെ ആഴത്തിൽ സ്വാധീനിക്കാനുള്ള ശക്തി മനസിലാക്കുകയായിരുന്നു. അത് കേവലം പെരുമാറ്റങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും ജീവിതത്തെ സമഗ്രമായി വ്യാഖ്യാനിച്ചെടുക്കുന്ന പകർന്നാട്ടമാണെന്നും അവൻ അറിഞ്ഞിരുന്നു. അരങ്ങിൽ അവൻ വിസ്മയങ്ങൾ കാട്ടിയിരുന്നു.

എന്റെ നാടകങ്ങളിൽ എന്നും അവനൊരു പരീക്ഷണ വസ്തുവായിരുന്നു, തോൽക്കാനും സ്വയം തോൽപ്പിക്കാനും. ഒരു ദിവസത്തെ അവതരണത്തിൽ തീരുന്നതായിരുന്നില്ല ഞങ്ങളുടെ നാടകാവതരണങ്ങൾ. അവതരണ ശേഷം ഇഴകീറി പരിശോധിക്കുന്ന രാത്രികൾ. വഴക്ക്, പൊട്ടിക്കരച്ചിലുകൾ… ഒരിക്കലും ഒരു ഉത്തരത്തിൽ എത്തിക്കാതെ അവനെ ഞാൻ പ്രകോപിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ഉത്തരങ്ങളേക്കാൾ ജീവിതത്തോട് ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിച്ചു.

പുകവലിക്കാൻ പോലും അറിയില്ലായിരുന്നു അവന്. പക്ഷേ അവന്റെ വഴക്കിലും അസൂയയിലും പിണക്കത്തിലും ആഴമുള്ള സ്നേഹത്തിലും ഒരു വലിയ നടനെ ഞാൻ കണ്ടിരുന്നു. മുൻകൂട്ടി തീരുമാനിച്ച ബുദ്ധിപരമായി സാഹചര്യങ്ങളോട് പ്രതികരിക്കുകയായിരുന്നില്ല അവൻ. ജീവിതത്തോട് ഏറ്റവും നൈസർഗികമായി, സഹജമായി പ്രതികരിക്കുകയായിരുന്നു എന്നുമെപ്പോഴും. മുൻകൂട്ടി തീരുമാനിച്ചുറച്ച ഒരു പദ്ധതിയായിരുന്നില്ല അവന് ജീവിതം. അവൻ ജീവിതത്തിനൊപ്പം ഒഴുകി, അതിന്റെ എല്ലാ വൈകാരിക സംഘർഷങ്ങളും ആഴവും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട്.

കളങ്കമില്ലാത്ത ദേഷ്യവും മുഴുവൻ ജീവനും നൽകി സ്നേഹിക്കാൻ കഴിയുന്ന മനസും അവനുണ്ടായിരുന്നു. ആ വൈകാരിക സത്യസന്ധതയായിരുന്നു അവന്റെ മുതൽക്കൂട്ട്. ഒരുതരത്തിലുള്ള ഹിപ്പോക്രസിയുടെ ഭാരവും അവൻ ചുമന്നില്ല. അമിത വിധേയത്വം ആരോടും കാട്ടിയിരുന്നില്ല. നോവലുകളാണ് കൂടുതൽ വായിച്ചിരുന്നത്. മലയാളസാഹിത്യത്തിൽ ബിരുദധാരി ആയിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യ കൃതികളെക്കുറിച്ച് നല്ല അവഗാഹമുണ്ടായിരുന്നു. ദസ്തയേവ്‌സ്കിയും സാർത്രും പ്രിയപ്പെട്ട എഴുത്തുകാർ. വലിയ തടിച്ച പുസ്തകങ്ങളുമായി ഇടയ്ക്ക് റൂമിലേക്ക് കയറി പോകും. പിന്നെ ഒരാഴ്ച മുറി അടച്ചിട്ടുള്ള വായനയാണ്. കരമസോവ് ബ്രദേഴ്സ് ഒറ്റയിരുപ്പിന് വായിച്ചു തീർത്തു അലറികരഞ്ഞുകൊണ്ട് നടന്നുവന്ന് എന്നെ കെട്ടിപ്പിടിച്ചു. ഇടയ്ക്ക് മനസുകൊണ്ട് കാമുവിന്റെയും കാഫ്കയുടെയും കഥാപാത്രങ്ങളായി  മാറുന്നതും പതിവായിരുന്നു.

പക്ഷേ, ഒരിക്കലും ഒരു ബുദ്ധിജീവിനാട്യമോ ബുദ്ധിജീവി വർത്തമാനമോ പറയില്ല. ഒരു കോക്കസിന്റെയും ഭാഗമായിരുന്നില്ല. ഒരു പ്രസ്ഥാനത്തെയും അന്ധമായി വിശ്വസിച്ചില്ല. ഹിപ്പോക്രസി ആയിരുന്നു അവൻ ഏറ്റവും എതിർത്തിരുന്നത്. അത് കമ്യൂണിസമായാലും ആത്മീയതയായാലും നഖശിഖാന്തം വിമർശിക്കും. ഒരു പ്രത്യേക പക്ഷക്കാരൻ ആയിരുന്നില്ല. കൃഷ്ണപിള്ളയെയും അഴീക്കോടൻ രാഘവനെയും കുറിച്ച് സംസാരിക്കും. വെടികൊണ്ട് മരിച്ച വർഗീസായി മാറും. ചെഗുവേര, ടീഷർട്ടിലെ പടമായിരുന്നില്ല അവന്, കണ്ണു നനയിക്കുന്ന ഓർമയായിരുന്നു.

എസ് ഐ റാങ്കിന് മുകളിലുള്ളവരെ വെല്ലുവിളിക്കുക, വൈസ് ചാൻസലറുടെ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കുക, ഓടിക്കാൻ അറിയാത്ത വണ്ടി ഓടിക്കുക, അറിയാത്ത നീന്തൽ അറിയാമെന്ന് ഭാവിക്കുക തുടങ്ങിയവ ദിവസേനയെന്നോണം ഏർപ്പെടുന്ന സാഹസിക കർമങ്ങൾ ആയിരുന്നു. വഴക്കുണ്ടാക്കുന്നവരോട് ഒരിക്കലും പിരിയാത്ത സൗഹൃദം ഉണ്ടാക്കുക പതിവായിരുന്നു. പ്രണയത്തെ അവനെന്നും ഭയമായിരുന്നു. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ കാമുകൻ ഞാനാണെന്ന് ഭാവിക്കും. അങ്ങനെ അവനിലെ മനുഷ്യനും നടനും രണ്ടായിരുന്നില്ല. കളങ്കമില്ലാതെ ദേഷ്യപ്പെടാനും സ്നേഹിക്കാനും കഴിഞ്ഞു. ആ വൈകാരിക സത്യസന്ധതയിൽ ഒരു അതുല്യ പ്രതിഭയെ കണ്ടെത്തുകയായിരുന്നു ഞാൻ.

ഒരിക്കൽ എന്റെയൊരു നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോ അഭിനയിക്കുന്നില്ല, റിഹേഴ്സലുകളിൽ വന്നു വെറുതെ ഡയലോഗ് പറഞ്ഞു പോകും. ആ ടെക്സ്റ്റ് ബുക്ക് വർഷങ്ങൾക്കു മുൻപേ കാണാപ്പാഠമാണ് പുള്ളിക്ക് . അത് എന്റെ ഫൈനൽ പ്രൊഡക്ഷൻ ആയിരുന്നു, എഡ്വേർഡ് ആൽബിയുടെ സൂ സ്റ്റോറി. ഫൈനൽ റിഹേഴ്സൽ ആയിട്ടും മാറ്റമൊന്നുമില്ല, പിറ്റേ ദിവസം ഞങ്ങളുടെ ഷോ. ഞാൻ ചോദിച്ചു, ‘നാളെ നീ എന്തെങ്കിലും ചെയ്യുമോ?’. അപ്പോഴവൻ തിരിച്ചു പറഞ്ഞു, ‘അപ്പോൾ നീ പറഞ്ഞ വൈകാരിക സത്യസന്ധത വേണ്ടേ?’ ജീവിതമായിരുന്നു അവന്റെ പരിശീലനക്കളരി.

പിന്നീട് ജീവിതം മുഴുവൻ തുടർന്ന അന്വേഷണമായിരുന്നു അവനത്. ‘നീ എന്നെക്കുറിച്ച് എന്താ എഴുതാത്തത്’ എന്ന് ചോദിച്ചപ്പോൾ അഭിനയത്തെക്കുറിച്ച് എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിലൊരു ചാപ്റ്റർ നീയായിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവൻ പറഞ്ഞു, ‘ഒരു പുസ്തകം തന്നെ നിനക്ക് എന്നെക്കുറിച്ച് എഴുതേണ്ടിവരും.’ അതിന് ഇട തരാതെ നീ എന്നെ വിട്ടു പോയി. നീന്താൻ അറിയാമെന്ന് ഭാവിച്ച് ആഴമുള്ള ജീവിതക്കയത്തിലേക്ക്….

  • കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ ആർട്‌സ് ആൻഡ് സയൻസ് അഭിനയ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook