ദാമ്പത്യ ജീവിതത്തെത്തുറിച്ചും ഭർത്താവ് സൂര്യയെക്കുറിച്ചും വാചാലയായി നടി ജ്യോതിക. ‘മകളീർമട്ടും’ എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിലാണ് തന്റെ കുടുംബത്തെക്കുറിച്ചും സൂര്യയെക്കുറിച്ചും ജ്യോതിക വാചാലയായത്.

വിവാഹശേഷം അഭിനയിലേക്ക് മടങ്ങിയെത്തുന്നതിന് തനിക്ക് പിന്തുണ നൽകിയ കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ജ്യോതികയുടെ തുടക്കം. ”കാർത്തിക്കും സൂര്യയ്ക്കും ഒപ്പം ഇപ്പോൾ എനിക്കും ലൊക്കേഷനിൽ ഭക്ഷണം കൊടുത്തു അയയ്ക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ പിന്തുണയില്ലാതെ ഞാൻ ഇവിടെ എത്തില്ല. ഒരു പെണ്ണിനെ പിന്തുണയ്ക്കുന്നതിൽ ശിവകുമാർ കുടുംബത്തിലെ എല്ലാ പുരുഷന്മാർക്കും നന്ദി”- ജ്യോതിക പറഞ്ഞു.

ഭർത്താവ് സൂര്യയെക്കുറിച്ചും പറയാൻ ജ്യോതികയ്ക്ക് ഒരുപാട് ഉണ്ടായിരുന്നു. ”10 വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ ഒരേയൊരു ദോശയാണ് എന്റെ ഭർത്താവായ സൂര്യയ്ക്ക് ഞാൻ ഉണ്ടാക്കി നൽകിയിട്ടുളളത്. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു അത്. സൂര്യ അത് കഴിച്ചു. അതിനുശേഷം അമ്മ പറഞ്ഞു, മോള് ഇനി ദോശ ഉണ്ടാക്കണ്ടെന്ന്. ഇപ്പോൾ ഒരു കോഫി ഉണ്ടാക്കി നൽകാമെന്നു പറഞ്ഞാൽ പോലും സൂര്യ ദൈവങ്ങളെ വിളിച്ച് ഓടിപോകും. അതിനാലാണെന്നു തോന്നുന്നു എന്നെ വീണ്ടും അഭിനയിപ്പിക്കാൻ വിട്ടത്. സൂര്യ ഇല്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ നിൽക്കില്ലായിരുന്നു. എപ്പോഴും ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ കാറിന്റെ അടുത്ത് വന്ന് എനിക്ക് ടാറ്റ തരും. അതിനുശേഷം മാത്രമേ സൂര്യ പോകൂ”- ജ്യോതിക പറഞ്ഞു.

വിവാഹത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘മകളീർമട്ടും’. ’36 വയതിനിലേ’ ആയിരുന്നു ആദ്യ ചിത്രം. ‘കുട്രംകടിതൽ’ എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനായി ദേശീയ പുരസ്കാരം നേടിയ ബ്രന്മയാണ് ‘മകളീർമട്ടും’ സംവിധാനം ചെയ്യുന്നത്. ഉർവ്വശി, ഭാനുപ്രിയാ, ശരണ്യാ, നാസർ, ലിവിങ്സ്റ്റൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയുടെ അനിയനും നടനുമായ കാർത്തി മകളീർമട്ടും ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ