മലയാളത്തിലെ ഹിറ്റായിരുന്ന ‘ഹൗ ഓള്‍ഡ്‌ ആര്‍ യു’വിന്‍റെ റീമേക്ക് ആയ ’36 വയതിനിലെ’ എന്ന ചിത്രത്തിന് ശേഷം അടുത്ത ‘റീമേക്കിന്’ ഒരുങ്ങുകയാണ് തമിഴ് താരമായ ജ്യോതിക. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു ’36 വയതിനില്‍’ കൂടെ ജ്യോതിക തന്‍റെ തിരിച്ചുവരവറിയിച്ചത്. അതിനു ശേഷം വിദ്യാബാലന്‍ നായികയായ ‘തുമാരി സുലു’വിന്‍റെ റീമേക്കില്‍ അഭിനയിക്കാനും താരം കരാര്‍ ഒപ്പിട്ടിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്ന വിവരം മഞ്ജു വാര്യർ അഭിനയിച്ച് കേരളത്തില്‍ ജനശ്രദ്ധ നേടിയ ‘മോഹന്‍ലാലി’ന്‍റെ റീമേക്കും ജ്യോതിക ചെയ്യുന്നുവെന്നാണ്. സാജിദ് യഹിയയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ മോഹന്‍ലാല്‍ ആരാധികയെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. എന്നാല്‍ ‘രജനി സെല്‍വി’ എന്ന് പേരിട്ടിരിക്കുന്ന തമിഴ് റീമേക്കില്‍ രജനീകാന്ത് ആരാധികയാണ് നായിക.

അതേസമയം, ജ്യോതികയുടെ ഭാഗത്തുനിന്നു ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.’ കാട്രിന്‍ മൊഴി ‘എന്നാണ് തുമാരി സുലുവിന്‍റെ റീമേക്കിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഥാ മോഹനനാണ്. ഇപ്പോള്‍ മണി രത്നം ചിത്രമായ ‘ചെക്കാ ചിവന്ത വാന’ത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ജ്യോതിക ജൂണ്‍ ആദ്യവാരത്തോടെ കാട്രിന്‍ മൊഴിയില്‍ അഭിനയിക്കാന്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

“ഞാന്‍ വിദ്യാ ബാലന്‍റെ വലിയ ആരാധികയാണ്. അവരുടെ സ്വരം വളരെ അസാധാരണമായി എനിക്ക് തോന്നിയിട്ടുണ്ട്. വിദ്യാ ബാലന്‍റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ എന്‍റെ അഭിപ്രായത്തില്‍ ‘തുമാരി സുലു’വാണ് അവരുടെ ഏറ്റവും നല്ല ചിത്രം. വിദ്യ ചെയ്ത ഈ വേഷം ചെയ്യാന്‍ സാധിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്രയും നല്ലൊരു ചിത്രം നിര്‍മ്മിച്ചതിനു അതിന്‍റെ സംവിധായനകനെയും നിര്‍മ്മാതാവിനെയും ഞാന്‍ അനുമോദിക്കുന്നു. തുമാരി സുലു എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ചിത്രമാണ്.” തുമാരി സുലുവില്‍ അഭിനയിക്കാന്‍ പോകുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ജ്യോതിക പറഞ്ഞത് ഇങ്ങനെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook