ബോളിവുഡിന്‍റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടി വിദ്യാ ബാലന്‍ നായികയായി എത്തിയ ചിത്രം തുമാരി സുലു തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. വിദ്യാ ബാലന്‍ അവതരിപ്പിച്ച റോളില്‍ എത്തുന്നത് ജ്യോതികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

പൃഥ്വിരാജ്, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘മൊഴി’ സംവിധാനം ചെയ്ത രാധാ മോഹനാണ് സംവിധായകന്‍. അടുത്തിടെ തുമാരി സുലു കണ്ട ജ്യോതിക വിദ്യാ ബാലന്‍റെ പ്രകടനം കണ്ട് അമ്പരന്നുവെന്നും ജ്യോതികയ്ക്ക് ചിത്രം ഏറെ ഇഷ്ടമായി എന്നുമാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, സിനിമ ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

മധ്യവർഗക്കാരിയായ ഒരു വീട്ടമ്മയായ സുലോചന ദുബേ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിച്ചത്. ജീവിതം ആഘോഷമാക്കുന്ന സുലു ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്ന ഒരാളാണ്. ജോലി വേണമെന്ന് ആഗ്രിക്കുന്നുണ്ടെങ്കിലും ഹൈസ്കൂളിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നതിനാൽ സുലുവിന് ജോലി കണ്ടെത്താനാകുന്നില്ല. ഇത്തരത്തിൽ വികസിക്കുന്ന ഒരു കഥയാണ് തുമാരി സുലു. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇത്.

നാച്ചിയാര്‍ എന്ന ചിത്രമാണ് ജ്യോതികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. വളരെ വ്യത്യസ്തമായൊരു വേഷമായിരുന്നു ജ്യോതിക ചിത്രത്തില്‍ കൈകാര്യം ചെയ്തത്. ഇത് ഏറെ പ്രശംസ നേടിയിരുന്നു. 1980 ല്‍ നടന്ന ഒരു യഥാര്‍ത്ഥ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നാച്ചിയാറിൽ ജ്യോതിക തന്റേടിയായ പൊലീസ് ഉദ്യോഗസ്ഥയെയാണ് ജ്യോതിക അവതരിപ്പിച്ചിരിക്കുന്നത്.

വന്‍ താരനിരയോടെ മണിരത്നം അണിയിച്ചൊരുക്കുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിലാണ് ജ്യോതിക ഇപ്പോള്‍ അഭിനയച്ചുകൊണ്ടിരിക്കുന്നത്. ചിലമ്പരശന്‍ വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ