മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ ആരാകും ആമിയായെത്തുക എന്നത് പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയായ വിഷയങ്ങളിലൊന്നായിരുന്നു. അതു പോലെ തന്നെ ഏവരും ഉറ്റു നോക്കിയതായിരുന്നു ആരോക്കെയായിരിക്കും ആമിയുടെ ജീവിതകഥയിൽ അഭിനയിക്കുകയെന്നതും.
മഞ്‌ജു വാര്യർ ആമിയായെത്തുമ്പോൾ ആമിയുടെ സ്വന്തം മാലതിക്കുട്ടിയായെത്തുന്നത് ജ്യോതി കൃഷ്ണയാണ്. ചെറിയൊരിടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ ജ്യോതിയ്‌ക്ക് ലഭിക്കുന്നത് വളരെ വലിയൊരു കഥാപാത്രമാണ്. ജീവിക്കുന്ന ഒരു കഥാപാത്രത്തെ വെളളിത്തിരയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിൽ മാലതിക്കുട്ടിയെകുറിച്ച് ജ്യോതി ഐഇ മലയാളത്തോട് സംസാരിക്കുന്നു.
മാലതിക്കുട്ടി
മാധവിക്കുട്ടിയുടെ ആത്മസഖിയാണ് മാലതിക്കുട്ടി. കളിക്കൂട്ടുകാരി മാത്രമല്ല മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ ബന്ധു കൂടിയാണ് മാലതി. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ നാല് കാലങ്ങളിൽ മാലതിക്കുട്ടിയെത്തുന്നുണ്ട്. മൂന്ന്-നാല് വയസ് പ്രായുളള കുട്ടിയായും ഒമ്പതാം ക്ളാസിലെ വിദ്യാർത്ഥിനിയായും പതിനെട്ടുകാരിയായും അറുപതുകാരിയായും മാലതിക്കുട്ടിയെത്തുന്നുണ്ട്. ഇതിൽ പതിനെട്ട്-പത്തൊമ്പത് പ്രായമുളള കാലമാണ് എന്റെ മാലതികുട്ടി. എന്റെ കഥയിലും പലയിടത്തായി മാധവിക്കുട്ടി തന്റെ ആത്മ മിത്രമായ മാലതിക്കുട്ടിയെ കുറിച്ച് പറയുന്നുണ്ട്. ചെറുപ്പം തൊട്ടേ മാലതിയോട് തനിക്ക് അസൂയയാണ്, കാരണം അവൾ സുന്ദരിയാണെന്ന് മാധവിക്കുട്ടി തന്നെ തന്റെ പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ട്. എന്തും തുറന്നടിച്ചും ചോദിക്കുന്ന നാട്ടിൻ പുറത്ത് വളർന്ന ഒരു പാവം പെൺകുട്ടിയാണ് മാലതി.
ആമിയിലേക്കെത്തിയത്
സംവിധായകൻ കമലും ഞാനും അയൽവാസികളാണ്. കാലങ്ങളായി അറിയാം. ഇതിന് മുൻപ് ഒരു സിനിമയ്‌ക്ക് വിളിച്ചപ്പോൾ ഡേറ്റിലെ പ്രശ്‌നങ്ങൾ കാരണം പോവാൻ സാധിച്ചില്ല. അതിന് ശേഷം ഒരു ദിവസം കമൽ സാർ വിളിച്ചു. ഒരു സിനിമ ചെയ്യുന്നുണ്ട്, പ്രധാന കഥാപാത്രം ചെയ്യുന്നത് വേറോരാളാണ്. ജ്യോതിക്ക് ഒരു ക്യാരക്‌ടർ റോൾ ചെയ്യാമോയെന്ന് ചോദിച്ചു. അതെന്താ പറ്റുമോയെന്ന് ചോദിക്കുന്നെന്ന ചോദ്യത്തോടെ ഞാൻ ഈ സിനിമയ്‌ക്ക് സമ്മതം മൂളുകയായിരുന്നു. സെറ്റിലെത്തിയ ശേഷമാണ് കഥാപാത്രത്തെ കുറിച്ച് കൂടുതലറിയുന്നത്. അങ്ങനെ ആമിയുടെ മാലതിക്കുട്ടിയായി.

മാലതിക്കുട്ടിയായി വന്നപ്പോഴുളള സെറ്റിലെ പ്രതികരണം
ചിത്രീകരണം തുടങ്ങിയ ദിവസം മാലതിക്കുട്ടിയുടെ വേഷമിട്ട് വന്ന് നിന്നപ്പോൾ ശരിക്കും മാലതിക്കുട്ടി തന്നെയാണ് എന്നാണ് മാധവിക്കുട്ടിയുടെ സഹോദരി സുലോചന നാലപ്പാട്ട് പറഞ്ഞത്. അത് ഒരു അംഗീകാരമായി കാണുന്നു.
മാലതിക്കുട്ടിയുടെ വസ്ത്രധാരണം
തനി നാട്ടിൻ പുറത്തുകാരിയാണ്. പഴയകാലത്തെ ലുക്കിൽ. മുണ്ടും നേര്യതും സാരിയുമെല്ലാമാണ് വേഷം. പഴയ മാലയിട്ട് വലിയ പൊട്ട് വച്ച് ജിമിക്കിയെല്ലാമിട്ടാണ് മാലതിക്കുട്ടിയെത്തുന്നത്. യഥാർത്ഥ മാലതിക്കുട്ടിക്ക് നീളൻ മുടിയെല്ലാമുണ്ടായിരുന്നു. നീണ്ട മുടിയായാണ് എന്റെ മാലതിക്കുട്ടിയും എത്തുന്നത്.
മഞ്‌ജു വാര്യർക്കൊപ്പം
സ്വപ്‌നം സഫലമായത് പോലെ… ഒരു സീനെങ്കിലും മഞ്‌ജു വാര്യർക്കൊപ്പം അഭിനയിക്കണമെന്നത് ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു. അതാണ് സഫലമായത്. ആദ്യമായി മഞ്‌ജു വാര്യർക്കൊപ്പം ക്യമറയ്‌ക്ക് മുന്നിൽ ഒന്നു വിറച്ചു. മറ്റു സിനിമകൾ ചെയ്‌തപ്പോഴൊന്നും ഇല്ലാത്ത ഒരു ടെൻഷനായിരുന്നു ആമി ചെയ്യുമ്പോൾ. ഒരു ടെൻഷനും പരിഭ്രമവും. അതിന്റെ കാരണമാലോചിച്ചപ്പോഴാണ് പിടികിട്ടിയത്. ഇഷ്‌ട താരത്തിനൊപ്പമഭിനയിക്കുന്നതിന്റെ ടെൻഷനായിരുന്നു അത്. ഇത് ഞാൻ കമൽ സാറിനോട് പറയുകയും ചെയ്‌തു.
മഞ്‌ജുവിനെ കുറിച്ച്
വളരെ കൂൾ ആയ വ്യക്തിത്വമാണ് മഞ്‌ജു വാര്യർ. ഭയങ്കര ഫ്രണ്ട്‌ലിയാണ്. ഒരുപാട് സംസാരിക്കും. സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളെ പറ്റിയും ഞങ്ങൾ സംസാരിച്ചിരുന്നു.

ഷൂട്ടിങ്
ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റപ്പാലത്താണ് ഇപ്പോൾ ചിത്രീകരണം. കുറച്ച് സീനുകൾ ചെയ്‌ത് കഴിഞ്ഞു. ഇനി ഏപ്രിൽ നാലിനാണ് അടുത്ത ഭാഗങ്ങളുടെ ചിത്രീകരണം.