ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ തന്റെ കുടുംബം തകർക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടി ജ്യോതികൃഷ്ണ. ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മെസ്സേജുകൾ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. കഴിഞ്ഞ നവംബര്‍ 19നായിരുന്നു ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെ നായിക ജ്യോതികൃഷ്ണയുടെ വിവാഹം. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് ജ്യോതി കൃഷ്ണയുടെ ഭർത്താവ്.

നേരത്തെയും ജ്യോതി കൃഷ്ണയ്ക്കുനേരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ജ്യോതിയുടെ ഒരു മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനുശേഷം നടന്‍ ദിലീപിനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ യൂട്യൂബില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. ആ സംഭവങ്ങൾക്കെതിരെ ശക്തമായി നടി പ്രതികരിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ദുബായിലെത്തിയപ്പോഴാണ് ജ്യോതികൃഷ്ണയ്ക്കുനേരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായത്. ഇതിനെതിരെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്. ”എന്റെയും എന്റെ ഭര്‍ത്താവിന്റെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീഭദ്ര എന്നു പറഞ്ഞിട്ടുള്ള വ്യാജ ഐഡി ഉണ്ടാക്കി എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയില്‍ മെസ്സേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. എന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതുകൊണ്ട് ഈ അക്കൗണ്ടിലേയ്ക്ക് എനിക്ക് മെസ്സേജ് അയക്കാന്‍ പറ്റില്ല. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയി. കാരണം എന്റെ ഭര്‍ത്താവാണെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരാണെങ്കിലും നിങ്ങള്‍ മെസ്സേജ് അയച്ച ആരാണെങ്കിലും എനിക്ക് നല്ല പിന്തുണയാണ് നല്‍കിയത്. പോവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്”.

”ചേട്ടാ, ചേച്ചി ഈ പണിയൊക്കെ നിര്‍ത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്തിട്ട്, മക്കളൊക്കെ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിട്ടോ കുടുംബത്തിനുവേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാന്‍ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയില്‍ ജീവിക്കാന്‍ പോവുന്ന, നല്ല രീതിയില്‍ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തില്‍ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്. ആരാണെന്ന് എനിക്ക് അറിയില്ല, എന്റെ കുടുംബത്തിലുള്ള ആരെങ്കിലുമാണോ എന്നും എനിക്കറിയില്ല. ആരാണെന്നുണ്ടെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. വെറുതെയായിപ്പോയി. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി എന്നുവച്ചാല്‍ അവളുടെ ഭര്‍ത്താവ് കൂടെ നില്‍ക്കുക എന്നതാണ്. എനിക്കതുണ്ട്. അതുമതി. അപ്പോ ചേട്ടനാണെങ്കിലും ചേച്ചിയാണെങ്കിലും ഈ പണി നിര്‍ത്തിക്കോ. അതല്ല ഇനിയും തുടരണമെന്നുണ്ടെങ്കില്‍ അത് നടക്കട്ടെ, നന്നായി അങ്ങ് നടക്കട്ടെ”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook