പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കാനെത്തുന്നു. വരുന്ന മെയ് 10ന് മുംബൈയിലാണ് സംഗീത വിരുന്ന്. ജസ്റ്റിൻ ബീബറിന്റെ ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. നവി മുംബൈയിലെ ഡിവൈ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും ജസ്റ്റിൻ ബീബറിന്റെ മാസ്‌മരിക സംഗീത പരിപാടിയെന്ന് ജസ്റ്റിന്റെ ടൂർ പ്രമോട്ടറും ഇന്ത്യയിലെ വൈറ്റ് ഫോക്‌സ് ഡയറക്‌ടറുമായ അർജുൻ ജയിൻ അറിയിച്ചു.

മുംബൈ കൂടാതെ ജസ്റ്റിന്റെ ‘പർപ്പസ് വേൾഡ് ടൂർ’ ദുബായിലും ഇസ്രയേലിലെ ടെൽ അവീവിലും നടത്തുന്നുണ്ട്. യുഎസ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലും ടൂർ നടത്തിയിരുന്നു. ഇന്ത്യയിലെ സംഘാടകരുടെ ആറു മാസത്തെ പരിശ്രമ ഫലമായാണ് ജസ്റ്റിൻ ഇന്ത്യയിലെത്തുന്നത്.
justin bieber

അടുത്ത കാലത്തൊന്നും ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിൽ ഐതിഹാസിക ഷോ ആയിരിക്കും ജസ്റ്റിൻ ബീബറിന്റേതെന്ന് അർജുൻ ജയിൻ പറഞ്ഞു. ടൂറിന്റെ ഭാഗമായി ഇപ്പോൾ മെക്‌സിക്കോയിലുളള ജസ്റ്റിൻ തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് പരിപാടികൾ അവതരിപ്പിക്കുമെന്ന് അറിയുന്നു.

22കാരനായ ജസ്റ്റിൻ കനേഡിയൻ പോപ് ഗായകനാണ്. ജസ്റ്റിന്റെ ബോയ്ഫ്രണ്ട്, ലവ് യുവർസെൽഫ്, വേർ ആർ ഏസ് നൗ തുടങ്ങിയ ഗാനങ്ങൾ മുംബൈയിൽ അവതരിപ്പിക്കും. ഫെബ്രുവരി 22 മുതൽ ബുക്ക് മൈ ഷോയിലൂടെ ആരാധകർക്ക് പരിപാടിയുടെ ടിക്കറ്റ് സ്വന്തമാക്കാം. നാലായിരം രൂപ മുതലാണ് ടിക്കറ്റിന്റെ വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ